'ഗോത്രായനം -2018' തുടങ്ങി ഗോത്ര സംസ്‌കാരം പരിചയപ്പെടാം; നാട്ടറിവുകള്‍ സമ്പാദിക്കാം

Saturday 10 March 2018 2:00 am IST
പാരമ്പര്യ ഗോത്രസംസ്‌കാരത്തിന്റെ ആരും അറിയാതെ പോയ സാംസ്‌കാരിക വൈവിധ്യങ്ങള്‍, ഗോത്രവൈദ്യം, നാട്ടുരുചികള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത വിഭവങ്ങള്‍ പരിചയപ്പെടാം.

 

കോട്ടയം: പാരമ്പര്യ ഗോത്രസംസ്‌കാരത്തിന്റെ ആരും അറിയാതെ പോയ സാംസ്‌കാരിക വൈവിധ്യങ്ങള്‍, ഗോത്രവൈദ്യം, നാട്ടുരുചികള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത വിഭവങ്ങള്‍ പരിചയപ്പെടാം. 

തിരുനക്കര മൈതാനത്ത് ആരംഭിച്ച 'ഗോത്രായനം -2018' പരിപാടിയാണ് ഗോത്രസംസ്‌കാരങ്ങളുടെ കൗതുകക്കാഴ്ചയ്ക്ക് വേദിയായത്. 

ജില്ലാ കുടുംബശ്രീ മിഷന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും ടൂറിസം പ്രെമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മേളയില്‍ അട്ടപ്പാടി, വയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വനവാസി വിഭാഗങ്ങളും പങ്കെടുത്തു.

ഏറുമാടം മുതല്‍ 

വിഷവൈദ്യം വരെ 

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്നതും നാട്ടുപ്രദേശങ്ങളില്‍ നിന്നു ശേഖരിച്ചതുമായ ഔഷധ സസ്യങ്ങളാണ് പ്രദര്‍ശനത്തില്‍ ശ്രദ്ധനേടിയത്. വിഷചികിത്സയ്ക്ക് ഉപയോഗിക്കുന്ന  വിഷനാരായണി എന്ന അപൂര്‍വ്വയിനം ഔഷധസസ്യവുമായാണ് വൈക്കം ടിവി പുരം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ എസ്.ശകുന്തളയും കൂട്ടരും എത്തിയത്. 

രക്തസമ്മര്‍ദ്ദത്തിന് ഉത്തമമായ കിരിയാത്ത്, വാതം ശമിപ്പിക്കുന്ന കുഴല്‍വാതക്കൊടി, ബുദ്ധി വികാസത്തിനുള്ള ബ്രഹ്മി തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്. നാട്ടുവൈദ്യം പഠിച്ച കുടുംബശ്രീ അംഗങ്ങളാണ് സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്നത്. അട്ടപ്പാടി വനവാസി വിഭാഗത്തിന്റെ പ്രത്യേക വൈദ്യവും മേളയില്‍ ശ്രദ്ധേയമായി. വീടുകളില്‍ ഉപയോഗിച്ചിരുന്ന പഴയകാല അടുക്കള ഉപകരണങ്ങള്‍, മുള ഉല്‍പന്നങ്ങള്‍, ചക്ക വിഭവങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയും മേളയിലുണ്ട്. പുതിയ തലമുറയ്ക്ക് അന്യമായ ഏറുമാടവും ഓലപ്പുരയും മേളയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മേള സമാപിക്കും.

 

പാരമ്പര്യത്തിന്റെ കരുത്ത് തിരിച്ചറിയണം

പാരമ്പര്യ ചികിത്സകളുടെയും ഔഷധ സസ്യങ്ങളുടെയും കരുത്ത് തിരിച്ചറിയണമെന്ന് ആദിവാസി വിഷചികിത്സാ വിദഗ്ധ പത്മശ്രീ പുരസ്‌കാര ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ. ആധുനിക വൈദ്യശാസ്ത്രം ഇത് തിരിച്ചറിയണം. പാരമ്പര്യത്തിലേക്ക് മടങ്ങിയാല്‍ മാത്രമേ ആരോഗ്യമുണ്ടാകൂവെന്നും അവര്‍ പറഞ്ഞു. മേളയുടെ ഉദ്ഘാടനം നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആര്‍ സോന നിര്‍വ്വഹിച്ചു. ഇടുക്കി കോവില്‍മല രാജാവ് രാജന്‍ മന്നാന്‍ മുഖ്യാതിഥിയായി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അജിതാ ഗോപകുമാര്‍, ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിന്ദു കെ. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.