തട്ടിക്കൂട്ട് സംഘങ്ങള്‍ കൊണ്ടുപോയത് കോടികള്‍ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം പെരുകി

Saturday 10 March 2018 2:00 am IST
സഹകരണമേഖലയില്‍ പെരുകുന്ന കിട്ടാക്കടം സംഘങ്ങളുടെ നിലനില്‍പിന് ഭീഷണിയാകുന്നു. ഭരണസ്വാധീനത്തിന്റെ പുറത്ത് അനുവദിക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാതെ വരുന്നതാണ് സംഘങ്ങളെ തകര്‍ക്കുന്നത്.

 

കെ.വി. ഹരിദാസ്

കോട്ടയം: സഹകരണമേഖലയില്‍ പെരുകുന്ന കിട്ടാക്കടം സംഘങ്ങളുടെ നിലനില്‍പിന് ഭീഷണിയാകുന്നു. ഭരണസ്വാധീനത്തിന്റെ പുറത്ത് അനുവദിക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാതെ വരുന്നതാണ് സംഘങ്ങളെ തകര്‍ക്കുന്നത്. 

തിരിച്ചടവ് ശേഷി പരിശോധിക്കാതെ വായ്പകള്‍ അനുവദിക്കരുതെന്ന് സഹകരണ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്.എന്നാല്‍ ഭരണസ്വാധീനത്തില്‍ ഇതെല്ലാം കീഴ്‌മേല്‍ മറിയും. വായ്പകള്‍ കിട്ടാക്കടമാകുന്നതോടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ കൂടും. ഇത് സഹകരണമേഖലയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. 

തട്ടിക്കുട്ടു സംഘങ്ങള്‍ രൂപീകരിച്ച് സര്‍ക്കാരിനെയും സഹകരണ മേഖലയേയും നിക്ഷേപകരെയും കബളിപ്പിക്കുന്ന സംഭവങ്ങളും വ്യാപകമാണ്. സഹകാരികള്‍ മോഹന വാഗ്ദാനങ്ങളില്‍ മയങ്ങിയാണ്  തട്ടിപ്പിന് ഇരയാകുന്നത്. ഇത്തരം തട്ടിക്കുട്ടു സംഘങ്ങളില്‍ നിക്ഷേപം നടത്തിയ സഹകരണ ബാങ്കുകളും സംഘങ്ങളും കോടികളുടെ നഷ്ടമാണ് വരുത്തിയത്. . വലിയ വാഗ്ദാനങ്ങള്‍ നല്‍കി രംഗത്തു വന്ന പാലാഴി ടയര്‍ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കിയ ഈ തട്ടിക്കുട്ട് സംഘം പല സഹകരണ ബാങ്കുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു. 

പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി, മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ആന്‍ഡ് പ്രോസസിംങ് കോപ്പറേറ്റീസ് എന്നി സംഘങ്ങള്‍ക്കെതിരെയും ആരോപണമുണ്ട്. ജില്ലയില്‍ നൂറുകണക്കിന് മാര്‍ക്കറ്റിങ് സൊസൈറ്റികള്‍ നിക്ഷേപകരുടെ പണം തിരികെ നല്‍കിയിട്ടില്ല. കൂടാതെ പാഡി സൊസൈറ്റി, പൈനാപ്പിള്‍ സൊസൈറ്റി, കോക്കനട്ട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിങ്ങനെ കടലാസ് സംഘങ്ങള്‍ നിരവധിയാണ്. ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന സ്പിന്നിംങ് മില്ലുകള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. വായ്പയായും ഗ്രാന്റായും കമ്പനിക്കാവശ്യമായ മെഷ്യനറി വാങ്ങുന്നതിലും വിഹിതം കൈപ്പറ്റുന്നതായി ആരോപണം ഉയരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് വേതനം പോലും നല്‍കാറില്ല. 

സിപിഎമ്മിന്റെ നേതൃത്വത്തില്‍ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന റബ്‌കോ സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് കോടികളാണ്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും എടുത്ത വായ്പയായ എട്ടു കോടിയും അതിന്റെ പലിശയും തിരിച്ചടച്ചിട്ടില്ല. ജില്ലയിലെ ഒരു പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പിന് സഹകരണ ബാങ്ക് നല്‍കിയ കോടികളുടെ വായ്പ തിരിച്ചടക്കാത്ത സംഭവം വിവാദമായിരുന്നു. 

അതില്‍ സിപിഎം നേതാക്കളുടെ പങ്ക് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചക്ക് കാരണമായി. സാധാരണക്കാര്‍ എടുക്കുന്ന വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി വരുന്ന സഹകരണ ബാങ്കുകള്‍ ഉന്നതന്മാര്‍ക്കെതിരെ നടപടിക്ക് മടിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.