സമാധി യോഗത്തില്‍ കണ്ട ഭഗവാന്‍

Friday 9 March 2018 10:02 pm IST

പരാശര മഹര്‍ഷിയില്‍നിന്നും സാക്ഷാല്‍ ശ്രീവാസുദേവനില്‍നിന്നും തനിക്ക് ലഭിച്ച ദിവ്യജ്ഞാനത്തെക്കുറിച്ച് ഓര്‍മയില്‍ അയവിറക്കി ആനന്ദത്തോടെ ശ്രീമൈത്രേയ മഹര്‍ഷി വിദുരര്‍ക്കുള്ള ഉപദേശം തുടര്‍ന്നു.

ഉദാപ്ലുതം വിശ്വമിദം തദാസീ-

ദ്യന്നദ്രയാമീലിതദൃഗ് ന്യമീലയത്

അഹീന്ദ്രതല്‍പേളധിശയാന ഏകഃ

കൃതക്ഷണഃ സ്വാത്മരതൗ നിരീഹ

ഇല്ലായ്മയില്‍നിന്നും തുടങ്ങാം. ആദിയില്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്ത്യത്തിലും ഒന്നും അവശേഷിക്കുന്നില്ല. ഫലത്തില്‍ ആദിയും അന്തവും ഒരുപോലെ. സൂര്യന്‍ ഉദിക്കും മുന്‍പും സൂര്യന്‍ അസ്തമിച്ചശേഷവും ഇരുട്ടുമാത്രം എന്നതുപോലെ.

ആദിശേഷനായ, ആദിയിലും ശേഷത്തിലുമുള്ള അനന്തതല്‍പത്തില്‍ കിടന്ന് ശ്രീ മഹാവിഷ്ണു പാതിമയക്കത്തിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു.

ഭഗവാന്റെ കണ്ണുകള്‍ പകുതിയടഞ്ഞപ്പോള്‍ പ്രപഞ്ചം മുഴുവനും വെള്ളത്തില്‍ ലയിച്ചു. അങ്ങനെ പ്രപഞ്ചത്തിന്റെ ലയനം പ്രളയമായി ഭവിച്ചു. വിരാട് പുരുഷന്റെ കുക്ഷിയിലെ ജലത്തില്‍ പ്രപഞ്ചം മുഴുവന്‍ അടങ്ങി. അഗ്നി അരണിയില്‍ അടങ്ങിക്കിടന്നതുപോലെ പ്രപഞ്ചം ഭഗവാനില്‍ ഒതുങ്ങി. വിരാട് പുരുഷനില്‍ അന്തര്‍ലീനമായ പ്രപഞ്ചം ആയിരക്കണക്കിനു യുഗങ്ങളില്‍ ആ അവസ്ഥ തുടര്‍ന്നു.

പ്രപഞ്ച പുരുഷന്‍ കാലഗതിയില്‍ ചെയ്ത സങ്കല്‍പത്താല്‍ രജസുണര്‍ന്ന് വീണ്ടും പ്രപഞ്ചം  ഉണരുന്നു. വരണ്ട ഭൂമിയില്‍ ചെറുമഴ ഏറ്റതോടെ ഭൂതലം പൊട്ടി കറുകനാമ്പുകള്‍ പുറത്തുവരുന്നതുപോലെ ബ്രഹ്മം ഉണരുന്നു. വിഷ്ണുവിന്റെ മധ്യഭാഗത്തുനിന്നും ഒരു താമര മുകുളം പുറത്തുവന്നു. ആ മുകുളം താമരപ്പൂവായി മാറി.

''സ പത്മകോശഃ സഹസോദതിഷ്ഠത്

കാലേന കര്‍മപ്രതിബോധനേന

സ്വരോചിഷാ തത് സലിലം വിശാലം

വിദ്യോതയന്‍ അര്‍ക്ക ഇവാത്മയോനിഃ''

കാലത്തിനാല്‍ കര്‍മോത്സുക പ്രേരിതനായി വേഗത്തില്‍ ഉയര്‍ന്നുപൊങ്ങിയ ആ താമര അതിന്റെ തേജസിനാല്‍ വിശാലമായ ആ കാരണജലത്തെ ഏറെ പ്രകാശിപ്പിച്ചു.

തല്ലോക പത്മം സ ഉ ഏവ വിഷ്ണുഃ

പ്രാവീവിശത് സര്‍ഗുണാവഭാസം

ലോകം തന്നെയായി മാറാനുള്ള ഈ പത്മത്തില്‍ മഹാവിഷ്ണു സ്വയം പ്രവേശിച്ചതിനാല്‍ അത് സര്‍വഗുണങ്ങളേയും പ്രകാശിപ്പിക്കാന്‍ തക്കവിധം  തേജസ്സുള്ളതായി.

ആ താമരയില്‍ സ്വയംഭൂവായി, വന്നുചേര്‍ന്ന ബ്രഹ്മദേവന്‍ താന്‍ ഏതുലോകത്താണെന്നറിയാന്‍ തല്‍പരനായി നാലുഭാഗത്തേക്കും നോക്കി. നാലുദിക്കിലും ആലോകനം ചെയ്യാനായി ബ്രഹ്മാവ് നാന്മുഖനായി. എന്നാല്‍ ആലോകനം ചെയ്യാന്‍ ലോകമുണ്ടായിരുന്നില്ല. വേദമയനെങ്കിലും താനാരാണെന്നു തിരിച്ചറിയാതെ ബ്രഹ്മദേവന്‍ പരിതപിച്ചു. താനിരിക്കുന്ന ഈ താമരക്ക് ഒരു കാരണവസ്തുവുണ്ടാകുമെന്ന് ഊഹിച്ചുവെങ്കിലും അതെന്താണെന്നറിയാന്‍ ബ്രഹ്മദേവനു കഴിഞ്ഞില്ല.

തന്റെ ഉല്‍പ്പത്തി സ്ഥാനമറിയാന്‍ താമരനാളത്തിലൂടെ ഊഴ്ന്നിറങ്ങിയന്വേഷിച്ചു.

തന്നില്‍നിന്നു വിഭിന്നമായ ഒരു ഉല്‍പത്തിസ്ഥാനം തനിക്കുണ്ടെന്ന ധാരണയില്‍ തന്റെ ബാഹ്യത്തില്‍ ഏറെ അന്വേഷിച്ചുവെങ്കിലും ബ്രഹ്മേദേവന് കണ്ടെത്താനായില്ല. വീണ്ടും പത്മത്തില്‍ വന്നിരുന്ന് ചിന്തിച്ചു. 

''ശനൈര്‍ജിതശ്വാസ നിവൃത്തചിത്തോ

ന്യഷീദദാരൂഢ സമാധിയോഗഃ''

പതുക്കെ ശ്വാസമടക്കി നിയന്ത്രിച്ച് ചിത്തനിവര്‍ത്തി വരുത്തി സമാധിയോഗത്തിലിരുന്നുകൊണ്ട് ഉള്ളിലേക്ക് അന്വേഷണമാരംഭിച്ചു.

''സ്വയം തദന്തര്‍ഹൃദയേളവഭാത

മപശ്യതാപശ്യതയന്നപൂര്‍വം''

പൂര്‍വത്തില്‍ ബാഹ്യമായി അന്വേഷിച്ചിട്ട് കണ്ടെത്താതിരുന്ന ആ സത്യത്തെ തന്റെ അന്തര്‍ഹൃദയത്തില്‍ പ്രകാശിക്കുന്നതായി ബ്രഹ്മദേവന്‍ കണ്ടു. ആ ചൈതന്യം ബാഹ്യത്തിലല്ല, അന്തര്‍ഹൃദയത്തില്‍ തന്നെയാണെന്ന് സ്വയം വേദമയനായ, സ്വയംഭൂവായ ബ്രഹ്മദേവന് മനസ്സിലായി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.