ലീയെ ‘കൊന്നവര്‍’ പദ്മവിഭൂഷണ്‍ ശ്രീധരനെ വെറുതെ വിടുമോ?

Saturday 10 March 2018 3:15 am IST

'എല്ലാം ശരിയാക്കാം' എന്നത് പഴകിത്തേഞ്ഞ മുദ്രാവാക്യം മാത്രമായി ഒടുങ്ങുമ്പോഴും നമ്മള്‍ മലയാളികള്‍ ഒരിക്കലും മറക്കരുതാത്ത പേരുകളിലൊന്നാണ് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കൊടുംപീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ മലേഷ്യന്‍ കമ്പനിയായ പതിബെല്‍ പ്രൊജക്റ്റ് എന്‍ജിനീയര്‍ ലീ ബീന്‍ സീന്‍. ഇടതുചരിതം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍  പതിബെലിനു പകരം ഡിഎംആര്‍സി, ലീ ബീനു പകരം പദ്മവിഭൂഷണ്‍ ഇ. ശ്രീധരനും. കഥ ആവര്‍ത്തിച്ച് സ്വയം ഒടുങ്ങാന്‍ മാത്രം നമ്മുടെ മെട്രോമാന്‍ വിഡ്ഢിയല്ല.

മനുഷ്യത്വമോ, മര്യാദയോ, തത്ത്വദീക്ഷയോ ഇല്ലാത്തവരുമായി നന്മയും സത്യസന്ധതയും കൈമുതലായിയുള്ളവര്‍ക്ക് സഹകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണിതൊക്കെ. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനമായ വ്യക്തിത്വത്തെ അധിക്ഷേപിക്കുക, അനുമതി ചോദിച്ചിട്ടും കാണാന്‍ കൂട്ടാക്കാതിരിക്കുക. എല്ലാത്തിന്റെയും അവസാന വാക്കുകള്‍ തങ്ങളാണെന്ന അഹങ്കാരത്തിന്റെ പ്രതിരൂപങ്ങളായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി. സുധാകരനും മാറുമ്പോള്‍ തലകുനിക്കേണ്ടി വരുന്നത് മൂന്നരക്കോടി മലയാളികളാണ്.

 വെല്ലുവിളികള്‍ക്ക് മുന്നില്‍ എന്നും പുഞ്ചിരിയോടെ നിന്നിട്ടേയുള്ളൂ ശ്രീധരന്‍, ആര്‍ക്കും മുന്നിലും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി, വിശ്വാസ്യതയില്‍ വിട്ടുവീഴ്ചയില്ലാതെ അനുവദിക്കുന്ന പണത്തില്‍നിന്നും മിച്ചം കണ്ടെത്തി സര്‍ക്കാരിന് നല്‍കി ബ്യൂറോക്രസി എന്തായിരിക്കണമെന്ന് കാണിച്ചുതന്ന മലയാളി, ഒടുവില്‍ അപമാനിക്കപ്പെട്ടതും സ്വന്തം നാട്ടില്‍. എന്നിട്ടും പൊങ്ങച്ചം പറച്ചിലിലും വികസനത്തിന്റെ കൊട്ടിഘോഷിക്കലിലും ഇടതുസര്‍ക്കാരിന് ഒട്ടും കുറവില്ല.

 സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയിലൊന്നായ ലൈറ്റ്‌മെട്രോയും വിവാദത്തിലൊടുങ്ങുമോയെന്നാണ് ആശങ്ക ഉയരുന്നത്. എല്ലാം തുറന്നുപറഞ്ഞ് തന്നെ പഴിക്കരുതെന്ന അപേക്ഷയുമായി ശ്രീധരന്‍ പിന്‍വാങ്ങിക്കഴിഞ്ഞു. ഇനി ആവശ്യപ്പെട്ടാലും പദ്ധതിയിലേക്കില്ല എന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതിന്റെ ഉത്തരവാദികള്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്. വികസനത്തിലും ഗതാഗത ക്കുരുക്കിലും ബുദ്ധിമുട്ടുന്ന തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ജനങ്ങള്‍ പ്രതീക്ഷയോടെ കണ്ട ഒരു പദ്ധതി സ്വപ്‌നമായിതന്നെ അവശേഷിക്കുമോയെന്നാണ് ഉയരുന്ന ചോദ്യം.

  കൊച്ചി മെട്രോ പദ്ധതി നടപ്പാക്കാന്‍ ഇ. ശ്രീധരന്‍ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ പറയുന്നു, ശ്രീധരനില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന്, ലൈറ്റ്‌മെട്രോ പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ക്കറിയാമെന്ന്. ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിച്ചതിനു പിന്നിലെ ദുരൂഹതകള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. സിപിഎമ്മിന്റെയും സര്‍ക്കാരിനെ നയിക്കുന്നവരുടെയും നിഗൂഢ താല്‍പ്പര്യങ്ങള്‍ പുറത്തു വരികതന്നെ ചെയ്യും. കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍നിന്ന് ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കൊച്ചിയില്‍ മനുഷ്യമതില്‍ തീര്‍ത്തത് ഇതേ സിപിഎം നേതൃത്വത്തിലായിരുന്നു എന്നതും ഓര്‍മ്മ വേണം. 

  ദല്‍ഹി കേന്ദ്രീകരിച്ച് ശ്രീധരനെ ഒഴിവാക്കാന്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. സ്വകാര്യ കമ്പനിയെ കരാര്‍ ഏല്‍പിച്ച് കമ്മീഷന്‍ കൈപ്പറ്റാനാണ് ശ്രീധരനെ ഒഴിവാക്കുന്നതെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ഇന്ന് ഇത്തരം ആക്ഷേപങ്ങള്‍ സിപിഎമ്മിനെ തിരിഞ്ഞുകൊത്തുകയാണ്. പ്രത്യേകിച്ച് ചെറുകിട കരാറുകാരെ തകര്‍ത്ത് സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണ കരാറുകള്‍ സിപിഎം അനുകൂല സൊസൈറ്റികള്‍ക്ക് തീറെഴുതുന്ന കാലഘട്ടത്തില്‍. 

ശ്രീധരനെ പടിക്കു പുറത്താക്കിയതിന് ന്യായീകരണവുമായി ആസ്ഥാന നായകര്‍ രംഗത്തെത്തിക്കഴിഞ്ഞു. പതിവുപോലെ മുതലാളിത്തത്തിന്റെ സേവകന്‍, ബൂര്‍ഷ്വാ-കുത്തക തുടങ്ങിയ വിമര്‍ശനങ്ങള്‍ ഇതുവരെ ഉന്നയിച്ചുതുടങ്ങിയിട്ടില്ല. വരുംദിവസങ്ങളില്‍ അതും കണ്ടേക്കാം. ശ്രീധരന്റെ വയസ് ന്യായീകരണ തൊഴിലാളികള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. 86 വയസായി, കാര്യപ്രാപ്തി കുറവാണെന്ന മട്ടില്‍ ന്യായീകരണങ്ങള്‍ വന്നുതുടങ്ങി. 

വിപ്ലവം കൊണ്ടുവരാന്‍ കമ്മീഷന്‍ അനിവാര്യമാണ്. കമ്മീഷന്‍ അടിച്ചോണ്ട് പോകാന്‍ ബൂര്‍ഷ്വാസി തക്കം പാര്‍ത്തിരിക്കയാണല്ലോ? അതുകൊണ്ട് സഖാക്കള്‍ ജാഗരൂകരായിരിക്കണം- വര്‍ഗീയ ശക്തികള്‍ ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കുന്നതുപോലെ, ശ്രീധരനെപ്പോലെയുള്ള അഞ്ചാം പത്തികള്‍ തൊഴിലാളിവര്‍ഗത്തിന് കിട്ടാനുള്ള കമ്മീഷന്‍ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ നാം പടനയിക്കണം- കുലംകുത്തി ശ്രീധരനെ നാടുകടത്താന്‍ എന്തായാലും മനുഷ്യച്ചങ്ങലകള്‍ നടത്തേണ്ടിവന്നില്ല.

  എന്തിനേയും എതിര്‍ക്കുന്ന കേരളം പോലൊരു സ്ഥലത്ത് മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി ഓടുന്നതില്‍ നമ്മള്‍ ഒന്നാമത് കടപ്പെട്ടിരിക്കുന്നത് ശ്രീധരനോടാണ്. ലൈറ്റ്‌മെട്രോ കരാറില്‍ സര്‍ക്കാര്‍ ഒപ്പിടാത്തതിനാല്‍ പണി തുടങ്ങാന്‍ കഴിയാതെവന്നു എന്ന് ശ്രീധരന്‍ പറയുമ്പോള്‍ എന്തുകൊണ്ട് ഒപ്പിട്ടില്ല എന്ന ചോദ്യം ഉയരും. അതിന്റെ ഉത്തരം ചെന്നെത്തുക കമ്മീഷന്‍ തുകയിലാകും. ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി ചെയ്ത പണിയിലൊക്കെ അടങ്കല്‍ തുകയെക്കാള്‍ 15 മുതല്‍ 20 ശതമാനംവരെ തുക കുറച്ച് മാത്രമേ ചെലവായുള്ളൂ. ആ സ്ഥിതിക്ക് 6,728 കോടിയുടെ ലൈറ്റ് മെട്രോ പദ്ധതിയില്‍ ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയാല്‍ കിട്ടുന്ന കമ്മീഷന്‍ എന്തിന് വേണ്ടെന്ന് വെക്കണമെന്ന ചിലരുടെ താല്‍പ്പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടോയെന്നും സംശയങ്ങള്‍ ഉയരുന്നു.  

 കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പിന്മാറുന്നതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ 2016 ഡിസംബറിലെ കരട് കരാറിന് പോലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല എന്ന് ശ്രീധരന്‍ പറയുമ്പോള്‍ മുഖ്യമന്ത്രിയെ അവിശ്വസിക്കേണ്ടി വരും. ലൈറ്റ്‌മെട്രോ പദ്ധതിയുടെ ഡിപിആര്‍ കേന്ദ്രത്തിന് അയച്ചുകൊടുക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല. നവംബറില്‍ ഡിഎംആര്‍സി ഡിപിആര്‍ പുതുക്കി നല്‍കിയതാണ്.  

  കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയക്കണമെന്ന് പറയാന്‍ ശ്രീധരന് എന്ത് അധികാരമെന്നായിരുന്നു മന്ത്രി ജി. സുധാകരന്റെ ചോദ്യം. ഇപ്പോള്‍ മന്ത്രി അടക്കം പറയുന്നത് ഡിഎംആര്‍സി ഇല്ലെങ്കില്‍ എന്താണ് എന്ന്. ലോകത്ത് എല്ലാ മെട്രോയും പണിയുന്നത് ഡിഎംആര്‍സി അല്ലല്ലോ എന്നും സുധാകരന്‍ പറഞ്ഞിരുന്നു. 

   കൊടികുത്തിപോലും വികസനത്തെ തടയരുതെന്നും, നോക്കുകൂലി വാങ്ങരുതെന്നും സ്വന്തം മുന്നണിക്കാരോട് പോലും ഉപദേശിച്ച പിണറായിക്കും, ജി.സുധാകരനും ലൈറ്റ്‌മെട്രോ പദ്ധതിയിലെ തല്‍പ്പര്യങ്ങള്‍ എന്താണെന്ന് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. കാണാന്‍ സമയം ചോദിച്ചിട്ടുപോലും മുഖ്യമന്ത്രി സമയം നല്‍കിയില്ല എന്ന് ഒരാളെപോലും കുറ്റപ്പെടുത്താന്‍ സാധാരണ ശ്രമിക്കാത്ത ശ്രീധരന് പറയേണ്ടിവന്നതില്‍ മലയാളിക്ക് ലജ്ജിച്ച് തലതാഴ്ത്താം. എംസി റോഡ് നവീകരണം ഏറ്റെടുത്ത പതിബെല്‍ പ്രോജക്റ്റ് എന്‍ജിനീയര്‍ മലേഷ്യക്കാരനായ ലീ ബീന്‍ സീന്‍ അന്നത്തെ ഇടതുസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത് 2006 നവംബര്‍ 17നായിരുന്നു. അന്നും ധനമന്ത്രി തോമസ് ഐസക്കായിരുന്നു. 

 പൂര്‍ത്തിയായ ജോലികളുടെ ബില്‍തുകപോലും അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ ലീയെ വട്ടംകറക്കി. ഉദ്യോഗസ്ഥര്‍ സ്ഥലം ഏറ്റെടുക്കാതെ ജോലികള്‍ താമസിപ്പിച്ചതിന്റെ ഉത്തരവാദിത്വവും ലീയുടെ തലയിലായി. ബില്‍തുകയായ 16 കോടിക്കായി സംസ്ഥാന സര്‍ക്കാരിലെ ഏമാന്മാരുടെ മുന്നില്‍ കെഞ്ചിനടന്ന് വേതനം ലഭിക്കാതെ വന്നപ്പോള്‍ ജീവനക്കാര്‍ ലീ യെ ദേഹോപദ്രവം ചെയ്യുമെന്ന സ്ഥിതിവന്നു. ഇതോെടയാണ് ലീ ഒരുമുഴം കയറില്‍ ജീവനൊടുക്കിയത്. ഇന്ന് ശ്രീധരനെ തോല്‍പ്പിക്കാന്‍ മലയാളികളുടെ സ്വപ്‌നപദ്ധതിയെയാണ് ഈ സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുന്നതെന്ന് മാത്രം.

രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച മഹദ് വ്യക്തിത്വത്തോട് പിണറായി വിജയന്‍ 'കടക്കു പുറത്ത്' എന്ന് പരസ്യമായി പറഞ്ഞില്ലെന്ന് മാത്രം. എന്നാല്‍ അപമാനിച്ച് പുകച്ചുചാടിച്ചു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മലേഷ്യക്കാരനായ ലീ ജീവനൊടുക്കിയത്. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ ശ്രീധരനെ നാടുകടത്തി. മാര്‍ക്‌സിസ്റ്റ് ഭരണകൂടം എന്നും ശ്രമിക്കുന്നത് വിധേയരെ സൃഷ്ടിക്കാനാണ്. അവിടെ നിലപാടുകള്‍ ഉള്ളവര്‍ക്ക് സ്ഥാനമില്ല. ഇത് കേരളത്തിന് പാഠമാകണം. വികസനം സ്വപ്‌നം കാണുന്നവര്‍ പുറന്തള്ളേണ്ടത് ഏകാധിപതികളേയും വരട്ടു പ്രത്യയശാസ്ത്രങ്ങളേയുമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.