പാര്‍ട്ടി പങ്ക് വ്യക്തമാക്കി ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം

Saturday 10 March 2018 1:32 am IST

 

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം നേതൃത്വം പറയുമ്പോഴും ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് പാര്‍ട്ടി വക വിഐപി പരിഗണന. സഖാക്കളുടെ നിത്യസന്ദര്‍ശനവും ഒപ്പം നേതാക്കളുടെ പിന്തുണയും. അറസ്റ്റിലായ ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി ജയിലില്‍ നായക പരിവേഷത്തോടെയാണ് കഴിയുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

മുമ്പ് മറ്റ് രാഷ്ട്രീയ അക്രമ കേസുകളില്‍ റിമാന്‍ഡിലായപ്പോഴും പാര്‍ട്ടി സ്വാധീനത്തിന്റെ ബലത്തില്‍ ആകാശ് ജയിലില്‍ ഇതേ രീതിയിലാണ് പെരുമാറിയതെന്ന് ജയിലുദ്യോഗസ്ഥര്‍ പറയുന്നു. ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായപ്പോള്‍ ആദ്യം ആകാശ് തില്ലങ്കേരിയുടെ പാര്‍ട്ടി ബന്ധം നേതാക്കള്‍ നിഷേധിച്ചുവെങ്കിലും പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അതു തിരുത്തിയിരുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ദിവസവും ആകാശിനെയും അറസ്റ്റിലായ മറ്റു പ്രതികളെയം കാണാനെത്തുന്നത്. പാര്‍ട്ടിക്കായി കൊല നടത്തുന്നവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് സാധാരണ ഒരു കുറവും നേതൃത്വം വരുത്താറില്ല. പ്രതികളെ പരസ്യമായി തള്ളിപ്പറയുന്നുണ്ടെങ്കിലും ഷുഹൈബ് വധക്കേസിലും സിപിഎം അതേ രീതി തന്നെയാണ് പിന്തുടരുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികള്‍ക്കുള്ള നിയമ സഹായവും പാര്‍ട്ടി തീരുമാനമനുസരിച്ചു തന്നെയാണ് നടക്കുന്നതെന്നാണ് സൂചന. രാഷ്ട്രീയ കൊലക്കേസിലെ പ്രതികള്‍ക്ക് ജയില്‍ അധികൃതരെയും പോലീസിനെ സ്വാധീനിച്ച് റിമാന്‍ഡ് -വിചാരണാ സമയത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പാര്‍ട്ടി കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കണ്ണൂര്‍ ജയിലില്‍ പതിവുള്ളതാണ്. ഷുഹൈബ് വധത്തിലെ പ്രതികള്‍ക്കും രീതിയിലുള്ള ഇടപെടലുകളാണ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

മുമ്പ് നടത്തിയ അക്രമ കേസുകളിലും ആകാശിന് എല്ലാ പിന്തുണയും നല്‍കിയത് പാര്‍ട്ടി നേതൃത്വമാണ്. 24 വയസിനിടെ രണ്ട് കൊലപാതകം, 11 രാഷ്ട്രീയ സംഘട്ടനക്കേസുകള്‍, കാപ്പ ചുമത്തപ്പെട്ട കുറ്റവാളി എന്നിങ്ങനെ സിപിഎം ചാവേര്‍ ഗ്രൂപ്പില്‍ പ്രമുഖനാണ് ആകാശ്. ആകാശും മറ്റൊരു പ്രതിയായ രജിന്‍രാജും ഒളിവില്‍ കഴിഞ്ഞത് സിപിഎം പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയിലായിരുന്നു. പാര്‍ട്ടി നേതൃത്വം അറിഞ്ഞേ ഇവിടെ ഒളിയിടം ഒരുക്കാനാകൂവെന്നത് കേസില്‍ പാര്‍ട്ടി പങ്ക് വ്യക്തമാക്കുന്നതാണ്.

ജയില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി പാര്‍ട്ടിക്കാരായ ശിക്ഷാ തടവുകാര്‍ക്ക് പരോള്‍ നല്‍കുന്നത് പാര്‍ട്ടിയുടെ പതിവാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രാഷ്ട്രീയത്തടവുകാരില്‍ മഹാഭൂരിപക്ഷവും സിപിഎമ്മുകാരാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ജയിലിലെ നിയമം ഒന്നും ഇത്തരം തടവുകാര്‍ക്ക് ബാധകമാകാറില്ല. ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ നല്‍കിയതിന്റെ തെളിവുകള്‍ പലഘട്ടങ്ങളിലായി പുറത്തു വന്നിരുന്നു. സിപിഎം പ്രവര്‍ത്തകരായ തടവുകാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശകരായ സിപിഎമ്മുകാരുടെ കൂടിക്കാഴ്ചകള്‍ മണിക്കൂറുകളോളാളമാണ് നീളുന്നത്. 

കൊലക്കേസുകളിലെ പ്രതികളെ സംരക്ഷിക്കില്ലെന്നു പ്രഖ്യാപിക്കുമ്പോഴും തടവുപുളളികളായ പാര്‍ട്ടിക്കാര്‍ക്ക് സിപിഎം നേതൃത്വവും സര്‍ക്കാരും എല്ലാ പിന്തുണയും നല്‍കുകയാണ്. ജയില്‍ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ടിപി കേസ് തടവുകാരായ സിപിഎമ്മുകാര്‍ക്ക് ആയുര്‍വേദ ആശുപത്രിയില്‍ സുഖചികിത്സ നല്‍കിയത് അടുത്തിടെ വിവാദത്തിനിടയാക്കിയിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.