പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍

Saturday 10 March 2018 1:34 am IST

 

കണ്ണൂര്‍: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് കണ്ണൂരില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ രോഗാണു സംക്രമം തടയുന്നതാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍. പോളിയോ തുള്ളി മരുന്ന് ലഭിച്ച കുട്ടികള്‍ക്ക് പോളിയോ രോഗത്തിനെതിരെ വ്യക്തിഗത രോഗപ്രതിരോധ ശക്തി ലഭിക്കുന്നുണ്ടെങ്കിലും പോളിയോ രോഗാണു സംക്രമണം തടയുന്നതിന് പള്‍സ് പോളിയോ തുള്ളിമരുന്നും അത്യാവശ്യമാണ്. നവജാത ശിശുക്കള്‍ ഉള്‍പ്പടെ എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കണം. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഉപയോഗിക്കുന്ന വാക്‌സിന്‍ തീര്‍ത്തും സുരക്ഷിതമാണ്. വയറിളക്കമോ മറ്റ് രോഗങ്ങളുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാം. 

ഇന്ത്യയില്‍ 2011 ജനുവരി 13 ന് പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്നാണ് ഒടുവിലത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 7 വര്‍ഷം രാജ്യത്ത് ഒരിടത്തും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കേരളത്തില്‍ രണ്ടായിരം സപ്തംബറില്‍ മലപ്പുറത്ത് നിന്നും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2014 ല്‍ ആണ് ഇന്ത്യയെ പോളിയോ മുക്തമായി പ്രഖ്യാപിച്ചത്. എന്നാല്‍ അയല്‍ രാജ്യങ്ങളായ പാക്കിസ്താന്‍, അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പള്‍സ് പോളിയോ പരിപാടി തുടരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.