കണ്ണൂര്‍ വനിതാ ജയിലില്‍ നാഷനല്‍ വുമന്‍സ് ഫ്രണ്ടിന്റെ വനിതാ ദിനാചരണം ഡിജിപിയുടെ അനുമതിയോടെയെന്ന് ജയില്‍ അധികൃതര്‍

Saturday 10 March 2018 1:35 am IST

 

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗമായ നാഷനല്‍ വുമന്‍സ് ഫ്രണ്ടിന്റെ വനിതാ ദിനാചരണം. നിയമ ബോധവത്കരണ പരിപാടി എന്ന പേരിലാണ് ജയിലിനുള്ളില്‍ വനിതാ ദിനാചരണത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. തീവ്രവാദക്കേസുകളിലടക്കം ആരോപണവിധേയമായ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. തീവ്രവാദക്കേസുകളിലും മതപരിവര്‍ത്തനക്കേസുകളിലും അന്വേഷണം നേരിടുന്ന ഒരു സംഘടനക്ക് എന്ത് അടിസ്ഥാനത്തിലാണ് അതീവ സുരക്ഷാ മേഖലയായ ജയിലിനുള്ളില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. സാധാരണയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വനിതാ ജയിലിലും പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ വുമണ്‍സ് ഫ്രണ്ടിന്റെ പരിപാടി ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കാത്തതിലും ദുരൂഹതയുണ്ട്.

ഒരു മണിക്കൂറാണ് ഇവര്‍ ജയിലിനുള്ളില്‍ ക്ലാസ്സെടുത്തത്. വുമണ്‍സ് ഫ്രണ്ട് നേതാക്കളായ അഡ്വ.ഷമ്മ ഇബ്രാഹിം, നബീസത്ത് ഷിബ്‌നു, ഖയറുന്നീസ, ഷമീന എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ അനുവാദത്തോടെയാണ് പരിപാടി നടത്താന്‍ അനുമതി നല്‍കിയതെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. മറ്റ് സംഘടനകള്‍ക്ക് ജയിലില്‍ പ്രധാനപ്പെട്ട പരിപാടികള്‍ക്ക് പോലും അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് നിരവധി സംഭവങ്ങളില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും അന്വേഷണം നേരിടുന്നതുമായ സംഘടനക്ക് പരിപാടി നടത്താന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ അനുമതി നല്‍കിയത്. ജയില്‍ ഡി.ജി.പിയുടെ നിലപാടിനെതിരെ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.