ഏകോപിത പദ്ധതി ആശയം തദ്ദേശസ്ഥാപന പദ്ധതിയില്‍ പ്രതിഫലിക്കണം: ഡോ. വി.കെ.രാമചന്ദ്രന്‍

Saturday 10 March 2018 1:36 am IST

 

കണ്ണൂര്‍: ജില്ലാ പദ്ധതി മുന്നേട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍, പ്രത്യേകിച്ച് ഏകോപിത പദ്ധതികളുടെ ആശയങ്ങള്‍, ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പ്രതിഫലിക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്തവര്‍ഷത്തെ പദ്ധതി നടപ്പിലാക്കാന്‍ 12 മാസത്തെ സമയം ലഭിക്കുമെന്നത് സംസ്ഥാനത്തിന്റെ വികസന രംഗത്ത് വലിയ നേട്ടമാകും. എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും 2018-19 വാര്‍ഷിക പദ്ധതികള്‍ക്ക് മാര്‍ച്ചോടെ അംഗീകാരം നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പല തദ്ദേശസ്ഥാപനങ്ങളും അടുത്തവര്‍ഷത്തെ പദ്ധതിയുടെ ഡിപിസി അംഗീകാരം ഇതിനകം തന്നെ നേടിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി തദ്ദേശസ്ഥാപനങ്ങളുടെ നടപ്പുവര്‍ഷത്തെ പദ്ധതികള്‍ ജൂണ്‍ 15ന് മുമ്പ് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നു. അതിന്റെ ഫലമായി പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ ഈ വര്‍ഷം ഒമ്പത് മാസത്തെ സമയം കിട്ടി. ഇക്കൊല്ലത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടും തദ്ദേശസ്ഥാപനങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കണക്കിലെടുത്തും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നത്. 

ജില്ലകളുടെ മേഖലാസംയോജനം, വിഭവങ്ങളുടെ സംയോജനം എന്നിവ ലക്ഷ്യമിട്ട് ഈ വര്‍ഷം പുതുതായി ഏറ്റെടുത്ത ചുമതലയാണ് ജില്ലാ പദ്ധതിയെന്നത്. ജില്ലകളുടെ സന്തുലിതവും സംയോജിതവുമായ വികസനം കൈവരിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ കണ്ണൂര്‍ ജില്ലാ ആസൂത്രണസമിതി മികച്ച പരിശ്രമം നടത്തി. ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഏറെ സാമ്പത്തിക സാധ്യതയുള്ള ജില്ലയാണ്. സംസ്ഥാനത്തെ ഏറ്റവുമധികം സ്ത്രീ-പുരുഷ അനുപാതം (1136) ഇവിടെയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ തീരപ്രദേശവും നീര്‍ത്തടങ്ങളുമുള്ളതും കണ്ണൂരിലാണ്. കാര്‍ഷിക, വ്യാവസായിക വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനും ഇത് മികച്ച സാധ്യത നല്‍കുന്നു. അഞ്ചുവര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയിലേറെയാക്കി സാമ്പത്തിക വളര്‍ച്ചയുടെ ആക്കം തിരിച്ചുപിടിക്കുകയെന്നതാണ് 13-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാനലക്ഷ്യം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് മിഷനിലൂടെ പുതിയ കേരളം കെട്ടിപ്പടുക്കാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.