ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ നൂതന-സംയുക്ത പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കരട് പദ്ധതി രേഖ

Saturday 10 March 2018 1:37 am IST

 

കണ്ണൂര്‍: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നൂതനവും ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കേണ്ടതുമായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് വികസന സമിതി യോഗം ചര്‍ച്ച ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷം മെയിന്റനന്‍സ് ഗ്രാന്റ് ഉള്‍പ്പെടെ ജില്ലാ പഞ്ചായത്ത് പ്രതീക്ഷിക്കുന്ന 101 കോടി രൂപ അടങ്കലില്‍ 126 പദ്ധതികളാണ് കരട് രേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പൊതുവിഭാഗത്തില്‍ 45 കോടി, പ്രത്യേക ഘടകപദ്ധതിയില്‍ 4.9 കോടി, പട്ടികവര്‍ഗ പദ്ധതിയില്‍ 3.01 കോടി എന്നിങ്ങനെ 52.98 കോടി രൂപയുടെ വികസന ഫണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്. 40.4 കോടി റോഡ് വിഭാഗത്തിലും 7.76 കോടി റോഡിതര വിഭാഗത്തിലും മെയിന്റനന്‍സ് ഗ്രാന്റായും പ്രതീക്ഷിക്കുന്നുണ്ട്. 

സമ്പൂര്‍ണ സാന്ത്വന പരിചരണ ജില്ല, ഒന്നാം ക്ലാസ് ഒന്നാംതരം പദ്ധതി ജില്ലാതലത്തില്‍ വ്യാപിപ്പിക്കല്‍, കണ്ണൂര്‍ ഗെയിംസ് ഫെസ്റ്റ്, വീടുകള്‍ കേന്ദ്രീകരിച്ച് ഇറച്ചിക്കോഴി ഉല്‍പ്പാദനം, വന്യമൃഗശല്യം തടയല്‍, കാന്‍സര്‍ നിയന്ത്രിത ജില്ല, വഴിയരികിലെ വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് ജില്ലാ പഞ്ചായത്ത് അടുത്തവര്‍ഷം നടപ്പിലാക്കാനുദ്ദേശിക്കുന്ന നവീനമായ പദ്ധതികള്‍. ജലം സുലഭം, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, കാര്‍ഷിക സ്വയംപര്യാപ്ത ഗ്രാമങ്ങള്‍, അഗതി രഹിത ജില്ല തുടങ്ങിയവയാണ് സംയുക്ത പദ്ധതികളില്‍ പ്രധാനം. 

വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും വിദഗ്ധരുടെയും നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കരട് പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് വികസന സെമിനാറില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. ജില്ലാപഞ്ചായത്ത് പദ്ധതിയിലേക്ക് നിര്‍ദ്ദേശം ക്ഷണിക്കുന്നതിന് തയ്യാറാക്കിയ ‘എന്റെ പദ്ധതി’ മൊബൈല്‍ ആപ്ലിക്കേഷന് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നു ലഭിച്ചത്. അവ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തികച്ചും ജനകീയ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും അദ്ദഹം പറഞ്ഞു. ത്രിതല പഞ്ചായത്തുകള്‍ തോള്‍ ചേര്‍ന്നു നിന്നാല്‍ മാത്രമേ ജില്ലയെ ഒന്നായിക്കണ്ടുള്ള വികസന സങ്കല്‍പങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യമാവുകയുള്ളൂ. അതിനാലാണ് ഇത്തവണ സംയുക്ത പദ്ധതികള്‍ക്ക് ജില്ലാപഞ്ചായത്ത് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നാല് മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷിക പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. 

വികസന കാര്യങ്ങളില്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയം താല്‍പര്യങ്ങള്‍ പൂര്‍ണമായും നടപ്പില്‍വരുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് സാധിക്കുകയെന്നും അതുകൊണ്ടുതന്നെ അവയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് പ്രാധാന്യം ഏറെയാണെന്നും ജെയിംസ് മാത്യു എം.എല്‍.എ അഭിപ്രായപ്പെട്ടു. ഫുട്‌ബോള്‍ താരം സി.കെ.വിനീത് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു കരട് പദ്ധതി രേഖ അവതരിപ്പിച്ചു. മുന്‍ കില ഡയരക്ടര്‍ പി.പി.ബാലന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ.ചന്ദ്രന്‍, ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ സതീഷ്ബാബു ഇ.എന്‍ നന്ദിയും പറഞ്ഞു. കരട് രേഖയിലെ പദ്ധതി നിര്‍ദേശങ്ങളെ കുറിച്ച് ഗ്രൂപ്പ് ചര്‍ച്ചയും അവയുടെ ക്രോഡീകരണവും നടന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.