ഓരോ തദ്ദേശ സ്ഥാപനത്തിലും മികച്ച കളിക്കളങ്ങള്‍ വേണം: സി.കെ വിനീത്

Saturday 10 March 2018 1:38 am IST

 

കണ്ണൂര്‍: ഐഎസ്എല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ കാരണം കുട്ടികള്‍ക്കിടയില്‍ ഫുട്‌ബോളിനോടുള്ള താല്‍പര്യം കൂടിയിട്ടുണ്ടെങ്കിലും അവര്‍ക്ക് കളിക്കാന്‍ കളിക്കളങ്ങളില്ലാത്ത സ്ഥിതിയാണെന്ന് ഫുട്‌ബോള്‍ താരം സി.കെ.വിനീത്. ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാടങ്ങള്‍ക്കൊപ്പം നമ്മുടെ കളിമൈതാനങ്ങളും വളരെ വേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇവ വീണ്ടെടുക്കാന്‍ നമുക്ക് സാധിക്കണം. ഇതിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും നേതൃത്വത്തില്‍ മികച്ച പരിശീലന സൗകര്യങ്ങളോടു കൂടി കളിക്കളങ്ങള്‍ നിര്‍മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫുട്‌ബോള്‍ ഉള്‍പ്പെടെ ഏത് സ്‌പോര്‍ട്‌സിലും മികവ് പുലര്‍ത്താന്‍ സാധിക്കണമെങ്കില്‍ നിത്യേനയുള്ള പരിശീലനം അനിവാര്യമാണ്. കളിയും പഠനവും ഒന്നിച്ചുകൊണ്ടുപോവാന്‍ സാധിക്കണം. ബാഗില്‍ പുസ്തകവും പേനയുമായി ക്ലാസ്സിലേക്ക് പോവുന്നതുപോലെ തന്നെയാണ് ഫുട്‌ബോളും ബൂട്ട്‌സും ബാഗിലാക്കി കളിക്കളത്തിലേക്ക് പോകുന്നതും. ഒഴിവുസമയത്തെ പരിശീലനം കൊണ്ടുമാത്രം മികച്ച സ്‌പോര്‍ട്‌സ് താരത്തെ ഉണ്ടായിക്കൊള്ളണമെന്നില്ല. അതേസമയം, സ്‌പോര്‍ട്‌സ് താരങ്ങളെ സൃഷ്ടിക്കുക മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും കളിക്കളങ്ങള്‍ അനിവാര്യമാണെന്നും സി.കെ.വിനീത് പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.