അധ്യാപികയോട് അപമര്യാദയായി പെരുമാറിയ മാനേജര്‍ക്കെതിരായ പരാതി അട്ടിമറിക്കാനുളള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

Saturday 10 March 2018 1:41 am IST

 

കണ്ണൂര്‍: സ്‌ക്കൂള്‍ അധ്യാപികയോട് തുടര്‍ച്ചയായി അപമര്യാദയോടെ പെരുമാറിയ സ്‌ക്കൂള്‍ മാനേജര്‍ക്കെതിരെ അധ്യാപിക നല്‍കിയ പരാതി അട്ടിമറിക്കാനുളള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പളളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂളിലെ പ്രൈമറി വിഭാഗം അധ്യാപികയാണ് ഏതാനും ദിവസം മുമ്പ് സ്‌ക്കൂള്‍ മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്. സ്‌ക്കൂള്‍ മാനേജര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി തനിക്ക് നേരെ ലൈംഗികച്ചുവയോടെയുളള നോട്ടവും ശൃംഗാര ചേഷ്ടകളും പതിവാണെന്നും മറ്റാരുമില്ലാത്ത സമയങ്ങളില്‍ ബിഷപ്പു ഹൗസിലുളള അദ്ദേഹത്തിന്റെ ഓഫീസില്‍ അകാരണവും അനാവശ്യവുമായി തന്നെ നിരവധി തവണ വിളിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച് പരാതി അതാത് സമയങ്ങളില്‍ വൈസ് പ്രിന്‍സിപ്പാളിനും പിടിഎ പ്രസിഡന്റിനും കൈമാറിയിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മാത്രമല്ല, കഴിഞ്ഞ ഒന്നാം തീയ്യതി സ്‌ക്കൂള്‍ മാനേജരായ ഫാദര്‍.എബ്രഹാം പറമ്പേത്തും മറ്റൊരാളും ചേര്‍ന്ന് സ്‌ക്കൂളുമായി ബന്ധമില്ലാത്തതും സ്‌ക്കൂളിന്റെ ഏതാണ്ട് പിറകുവശത്തുളള കെട്ടിടത്തിലെ മറിയില്‍വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച് മാര്‍ച്ച് 2 ന് കണ്ണൂര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് ഈ പരാതിയുടെ കോപ്പി നല്‍കുകയും ചെയ്തിരുന്നു. അമ്മയും ഏക മകളും മാത്രമുളള തന്റെ കുടുംബത്തിന്റെ ജീവിത പ്രയാസങ്ങളെ ചൂഷണം ചെയ്യാനുളള ബോധപൂര്‍വ്വമായ നീക്കമാണ് മാനേജരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും തന്റെ ജീവിത വരുമാന മാര്‍ഗ്ഗമായ ജോലിപോലും പരാതി കാരണം നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ട്. പോലീസില്‍ പരാതി നല്‍കിയ ശേഷം പലപ്പോഴായി പ്രിന്‍സിപ്പാളും അദ്ദേഹത്തിന്റെ സഹായികളും തന്റെ അമ്മയെ നേരിട്ടും ഫോണിലൂടേയും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനോ കുറ്റാരോപിതനായ പ്രിന്‍സിപ്പാളിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനോ നിയമ നടപടകള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറായിട്ടില്ല. സ്‌ക്കൂള്‍ മാനേജ്‌മെന്റും ഇത് സംബന്ധിച്ച് അന്വേഷണം നടത്താനോ ഇയാള്‍ക്കെതിരെ നടപടിയെടുക്കാനോ തയ്യാറായിട്ടില്ല. പോലീസും സ്‌ക്കൂള്‍ അധികൃതരും തമ്മില്‍ ഒത്തുകളിച്ച് കേസ് അട്ടിമറിക്കാനുളള നീക്കം നടക്കുന്നതായ ആരോപണവും ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതിനെതിരെ വനിതാ എസ്‌ഐയെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഒരാള്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. കേസ് അട്ടിമറിക്കാനുളള നീക്കത്തില്‍ വിഎച്ച്പി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്‌കൂള്‍ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ മാനേജര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധി പരിപാടികള്‍ സംഘടിപ്പിക്കാനുളള നീക്കത്തിലാണ് വിവിധ സംഘടനകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.