വീട്ടുജോലിക്ക് ക്യാമ്പ് ഫോളോവേഴ്‌സ്: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Saturday 10 March 2018 10:39 am IST
നടപടി ‘ജന്മഭൂമി വാര്‍ത്തയെത്തുടര്‍ന്ന്....30 ദിവസത്തിനകം ഡിജിപി റിപ്പോര്‍ട്ട് നല്‍കണം.
"undefined"

കോഴിക്കോട്: ഐപിഎസുകാരുടെ വീട്ടുജോലിക്ക് ക്യാമ്പ് ഫോളോവേഴ്‌സിനെ ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസാണ് 'ജന്മഭൂമി'- വാര്‍ത്തയെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്തത്. സംഭവം അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

"undefined"
സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളെക്കാള്‍ കഷ്ടമാണ്  ക്യാമ്പ് ഫോളോവേഴ്‌സിന്റെ സ്ഥിതി. സ്ഥിരം ജീവനക്കാര്‍ എതിര്‍ത്തപ്പോള്‍ താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ജോലിചെയ്യിക്കുന്നത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. 

പോലീസ് സേനയില്‍ അലക്ക്, പാചകം, ബാര്‍ബര്‍ തുടങ്ങിയ ജോലികള്‍ ചെയ്യേണ്ട ക്യാമ്പ് ഫോളോവേഴ്സിനെ ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടുജോലിക്ക് ഉപയോഗിക്കുന്ന വാര്‍ത്ത ഇന്നലെയാണ് ജന്മഭൂമി പുറത്തുവിട്ടത്. മുറ്റമടിക്കല്‍ മുതല്‍ കക്കൂസ് കഴുകലും വരെ ഈ ജീവനക്കാര്‍ ചെയ്യണം. ഉദ്യോഗസ്ഥരുടെ ഷൂ പോളിഷ് ചെയ്താല്‍ മാത്രം പോര അത് കാലില്‍ ഇട്ടുകൊടുക്കണം. പട്ടിയെ കുളിപ്പിച്ച് കൂട് വൃത്തിയാക്കണം. ഉദ്യോഗസ്ഥരുടെ അടിവസ്ത്രം ഉള്‍പ്പെടെ കഴുകണം. വനിതാ ജീവനക്കാര്‍ക്ക്  സ്ത്രീകളെന്ന പരിഗണന വനിതാ ഉദ്യോഗസ്ഥരില്‍ നിന്നു പോലും ലഭിക്കാറില്ല.

വിജിലന്‍സ് അന്വേഷിക്കണം : ടി.പി സെന്‍‌കുമാര്‍

ഓരോമാസവും ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹായ ജോലിക്കായി 6,000 മുതല്‍ 8,000 രൂപ വരെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതും ആദായ നികുതി ഒഴിവാക്കി. ഈ തുക കൈപ്പറ്റിക്കൊണ്ടാണ് ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടുജോലിക്ക് ഉപയോഗിക്കുന്നത്. ഇത് ഗുരുതര സാമ്പത്തിക ക്രമക്കേടാണ്. ഈ ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണം. സംസ്ഥാന പോലീസ് മേധാവി ആയിരുന്നപ്പോള്‍ 2015ല്‍ ക്യാമ്പ്‌ഫോളോവേഴ്‌സിനെ വീട്ടുജോലിക്ക് ഉപയോഗിക്കുന്നത് സര്‍ക്കുലറിലൂടെ തടഞ്ഞിരുന്നു. അങ്ങനെചെയ്യുന്നവരുടെ ശമ്പളത്തില്‍ നിന്ന് ജീവനക്കാരുടെ വേതനം നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. അന്ന് ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ ശക്തമായി എതിര്‍ത്തു. പോലീസ് സേനയിലെ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണം. 

ഇത് ചട്ടലംഘനം : ജേക്കബ് തോമസ്

പോലീസ് ക്യാമ്പിലെ ഒഴിവാക്കാനാകാത്ത ഘടകമാണ് ക്യാമ്പ് ഫോളോവേഴ്‌സ്. അവരെ ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് ചട്ടലംഘനമാണ്. സഹായ ജോലിക്കാരെ വെയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന തുക പറ്റിക്കൊണ്ടാണ് ചില ഉന്നത ഉദ്യോഗസ്ഥര്‍ ചട്ടലംഘനം നടത്തുന്നത്. 

പൊതുഖജനാവില്‍ നിന്ന് കൊള്ളയടിക്കുന്നതിന്റെ തെളിവാണ് ഇത്. ചില കയ്യൂക്കുള്ള ഉദ്യോഗസ്ഥരാണ് ഇത്തരം കൃത്യങ്ങള്‍ക്ക് പിന്നില്‍. അവര്‍ക്കെതിരെ ശക്തമായ നടപടിവേണം. പൊതുജനത്തിന്റെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെയുള്ളവ നടത്തി നടപടിയെടുക്കണം. മനുഷ്യത്വരഹിതമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.