സോണിയയുടേത് നടക്കാത്ത സ്വപ്നം; അടുത്ത ലക്ഷ്യം കേരളവും ബംഗാളും

Saturday 10 March 2018 3:50 pm IST

ന്യൂദല്‍ഹി: അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവന നടക്കാത്ത സ്വപ്നമാണെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി.  അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ ബിജെപി അധികാരം നേടുമെന്നും ഗഡ്കരി വ്യക്തമാക്കി.

കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും പരാജയപ്പെടുകയാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടം കൊയ്തത്. ഇനി അടുത്ത ലക്ഷ്യം കേരളവും ബംഗാളും പിടിച്ചെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത്.

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസ് ക്ഷയിച്ചു വരികയാണെന്നും ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ദിവസം, ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോയെന്നും, ഇതു വരെ ഇന്ത്യ ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ ഒന്നു തന്നെ ചെയ്തില്ലെന്ന ബിജെപിയുടെ പരമാര്‍ശം രാജ്യത്തെ ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയുന്നതാണെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സോണിയാ ഗാന്ധി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ ചെയ്ത കാര്യങ്ങളുടെ പേരില്‍ പ്രശസ്തി നേടുന്നതിനു വേണ്ടിയല്ല താന്‍ ഇതു പറയുന്നതെന്നും മറിച്ച്‌ രാജ്യം കഴിഞ്ഞ കാലങ്ങളില്‍ കൈവരിച്ച നേട്ടങ്ങളുടെ പിന്നില്‍ അനേകരുടെ പരിശ്രമുണ്ടെന്ന് വിസ്മരിക്കരുതെന്നും സോണിയാ കൂട്ടിച്ചേര്‍ത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.