സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്കാരം കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരിക്ക്

Saturday 10 March 2018 4:38 pm IST

കൊച്ചി: മാതാ അമൃതാനന്ദമയിയുടെ അച്ഛനും പ്രസിദ്ധ കഥകളി നടനുമായിരുന്ന ഇടമണ്ണേല്‍ വി.സുഗുണാനന്ദന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന 2018 കഥകളി പുരസ്കാരം കഥകളി വേഷ കലാകാരനായ കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരിക്ക് സമ്മാനിക്കും. കഥകളിയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം. 

50,000 രൂപയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം സുഗുണാനന്ദന്റെ എട്ടാം ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് 24ന് വൈകുന്നേരം എറണാകുളം മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരന സമ്മേളനത്തില്‍ വച്ച് സ്വാമി പൂര്‍ണാനന്ദപുരി സമ്മാനിക്കും. 

1954ല്‍ പാലക്കാട് തൂതയിലെ കണ്ണമ്പ്ര നായര്‍ തറവാട്ടുകാരുടെ വകയായ കളിയോഗത്തില്‍ തേക്കിന്‍‌കാട്ടില്‍ രാമുണ്ണി നായരാശാന്റെ കീഴില്‍ കഥകളി അഭ്യാസം തുടങ്ങിയ ശംഭു എമ്പ്രാന്തിരി ഗാന്ധി സേവാ സദനത്തിലും കോട്ടക്കല്‍ പി.എസ്.വി നാട്യ സംഘത്തിലും കഥകളി അഭ്യസിച്ചു. പിന്നീട് പി.എസ്.വി നാട്യസംഘത്തില്‍ സ്ഥിരാംഗമായി ജോലി തുടങ്ങി. സ്ത്രീ വേഷമാണ് ആദ്യം മുതല്‍ കെട്ടിയിരുന്നത്. എല്ലാ നായികാവേഷവും ശംഭു എമ്പ്രാന്തിരി അവതരിപ്പിച്ചിട്ടുണ്ട്. 

ഇന്തോനേഷ്യ, മലേഷ്യ, ചൈന, സിങ്കപ്പൂര്‍, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കഥകളി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.