പട്ടികവര്‍ഗ പദ്ധതി: ചെലവഴിച്ചത് 44.81 ശതമാനം മാത്രം

Saturday 10 March 2018 4:51 pm IST

തിരുവനന്തപുരം: പട്ടികവര്‍ഗക്കാര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയുടേയും ചെലവഴിക്കുന്ന പണത്തിന്റെ കാര്യത്തില്‍ നടക്കുന്ന വിവാദത്തിനിടെ ചെലവിട്ട പണത്തിന്റെ കണക്കുമായി വകുപ്പ് മന്ത്രി എ.കെ. ബാലന്‍. നിയമസഭയില്‍വെച്ച കണക്കുമാത്രം മതി ബാലനും അദ്ദേഹത്തിന്റെ സര്‍ക്കാരിനും പട്ടികവര്‍ഗത്തോടുള്ള അവഗണന വ്യക്തമാകാന്‍. വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ വകകൊള്ളിച്ച തുകയുടെ പകുതിപോലും ചെലവഴിച്ചില്ല. 

കേന്ദ്ര- സംസ്ഥാന പദ്ധതികള്‍ക്കായി 716.90 കോടി വകയിരുത്തി. ചെലവഴിച്ചതാകട്ടെ 321.25 കോടിമാത്രം.  44.81 ശതമാനം. 100 ശതമാനം കേന്ദ്ര പണം കിട്ടുന്ന പദ്ധതികള്‍ക്ക്‌പോലും പകുതതി പണമേ ചെലവിടാനായിട്ടുള്ളൂ. പൂര്‍ണമായും കേന്ദ്ര ഫണ്ട് കിട്ടുന്ന പദ്ധതികള്‍ക്കായി 68.60 കോടിയാണ് വകയിരുത്തിയത്. ചെലവിട്ടത് 37.84 കോടിമാത്രം. 60 ശതമാനം കേന്ദ്രസഹായം കിട്ടുന്ന പട്ടികവര്‍ഗകാര്‍ക്കായുള്ള ഗ്രാമീണ വികസന പദ്ധതികള്‍ക്കായി ഇതുവരെ ചെലവഴിച്ചത് 11.51 ശതമാനം മാത്രം തുകയാണ്. 50 കോടിയില്‍ 5.7 കോടി. സംസ്ഥാന പദ്ധതികള്‍ക്കായിട്ടായിരുന്നു ഏറ്റവും കൂടുതല്‍ പണം ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. 577.59 കോടി. ഇതിന്റെ 47.11 ശതമാനമായ 272.12 കോടിയാണ് ഇതേവരെ ചെലവഴിച്ചത്. സംസ്ഥാന പദ്ധതിയാണെങ്കിലും ചിലതിനൊക്കെ കേന്ദ്രത്തില്‍ നിന്ന് ധനസഹായം കിട്ടുന്നതുമാണ്.

പൂര്‍ണമായും കേന്ദ്രസഹായം കിട്ടുന്ന ബഹുദ്ദേശ്യ ഹോസ്റ്റല്‍ (200 കോടി), വനബന്ധു കല്യാണ്‍ യോജന(100 കോടി) എന്നിവയ്ക്കായി നയാ പൈസ ചെലവഴിച്ചില്ല. വനവകാശനിയമം നടപ്പിലാക്കാന്‍ 100 കോടി ബജറ്റില്‍ വകവച്ചിട്ടുണ്ട്. ചെലവിട്ടത് വെറും ഏഴ് കോടി. ഇതും പൂര്‍ണമായി കേന്ദ്രം നല്‍കുന്ന തുകയാണ്.

കേന്ദ്ര പദ്ധതികളില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി മാത്രമാണ് ഭേദമായി നടപ്പിലാക്കിയത്. പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ 30 കോടിയില്‍ 27 കോടിയും ചെലവിട്ടു. എന്നാല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 5 കോടി വകയിരുത്തിയതില്‍ 2.7 കോടിയെ ചെലവഴിച്ചിട്ടുള്ളൂ. സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കാര്യമായ പണിയൊന്നും ചെയ്യാനില്ല. പ്രോജക്ട് റിപ്പോര്‍ട്ട്, എസ്റ്റിമേറ്റ്, ടെന്‍ഡര്‍ തുടങ്ങിയ നടപടി ക്രമങ്ങളൊന്നും പാലിക്കേണ്ടതില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് ഒരു താല്‍പര്യവുമില്ലെന്ന് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാകുന്നു. 2016-17 സാമ്പത്തികവര്‍ഷം 50 ശതമാനം കേന്ദ്രസഹായം കിട്ടുന്ന പദ്ധതികളുടെ 29 ശതമാനം മാത്രമാണ് ചെലവിട്ടത്. കേന്ദ്ര പദ്ധതികളുടെ ഗുണം കേന്ദ്രസര്‍ക്കാരിനു കിട്ടിയേക്കും  എന്ന സങ്കുചിതരാഷ്ട്രീയ ചിന്തയാണിതിനു പിന്നില്‍.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.