ഭയ്യാജി ജോഷിക്ക് നാലാമൂഴം

Saturday 10 March 2018 3:13 am IST

നാഗ്പൂര്‍: സുരേഷ് ജോഷി (ഭയ്യാജി ജോഷി) ആര്‍എസ്എസ് സര്‍കാര്യവാഹായി തുടരും. നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് അഖില ഭാരതിയ പ്രതിനിധി സഭയിലാണ് തീരുമാനം.

2009ല്‍ സര്‍കാര്യവാഹായ ഭയ്യാജി ജോഷി (70) തുടര്‍ച്ചയായി നാലാം തവണയാണ് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മൂന്നു വര്‍ഷമാണ് കാലാവധി. 2021 വരെ അദ്ദേഹം തുടരുമെന്ന്  പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സഹസര്‍കാര്യവാഹായും അഖില ഭാരതീയ സേവാപ്രമുഖായും പ്രവര്‍ത്തിച്ചിട്ടുണ്ട്.മികച്ച സംഘാടകനാണ്. 1947ല്‍ ഇന്‍ഡോറില്‍ ജനിച്ചു. മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ബിരുദം. 1975ല്‍ പ്രചാരകനായി. അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 77ല്‍ താനെ ജില്ലാ പ്രചാരകനായി.90ല്‍ നാസിക് വിഭാഗ് പ്രചാരകന്‍. 90 മുതല്‍ 95വരെ മഹാരാഷ്ട്രയില്‍ സേവാപ്രമുഖ്. 93ല്‍ ലാത്തൂരിലുണ്ടായ ഭൂചലനത്തില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 97ല്‍ അഖില ഭാരതീയ സഹസേവാപ്രമുഖായി. 98ല്‍ സേവാപ്രമുഖ്. 2003ല്‍ സഹസര്‍കാര്യവാഹായി. സംഘത്തിന്റെ സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു പതിറ്റാണ്ടോളം ചുക്കാന്‍ പിടിച്ച അദ്ദേഹം 2009 മാര്‍ച്ച് 23നാണ് സര്‍കാര്യവാഹായത്.

ആര്‍എസ്എസ് മധ്യക്ഷേത്ര സംഘ ചാലക് അശോക് സോണിയായിരുന്നു വരണാധികാരി. പശ്ചിമ ക്ഷേത്ര സംഘചാലക് ഡോ. ജയന്തി ഭായ് ബഡേസിയയാണ് പേര് നിര്‍ദ്ദേശിച്ചത്. പൂര്‍വ്വ ഉത്തര്‍പ്രദേശ് ക്ഷേത്ര സംഘചാലക് വീരേന്ദ്ര പരാക്രമാദിത്യ, ദക്ഷിണ ക്ഷേത്ര കാര്യവാഹ് എസ്. രാജേന്ദ്രന്‍, കൊങ്കണ്‍ പ്രാന്ത സഹകാര്യവാഹ് വിറ്റല്‍ കാമ്‌ളേ, അസം ക്ഷേത്ര കാര്യവാഹ് ഡോ. ഉമേഷ് ചക്രവര്‍ത്തി എന്നിവര്‍ പിന്താങ്ങി. വെള്ളിയാഴ്ച ആരംഭിച്ച അഖില ഭാരതീയ പ്രതിനിധി സഭ ഇന്ന് സമാപിക്കും. 1,500 ലേറെ കാര്യകര്‍ത്താക്കളാണ് പങ്കെടുക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.