സ്വപ്നലോകത്തേയ്ക്കുള്ള കുതിപ്പ്

Sunday 11 March 2018 2:10 am IST
"undefined"

സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് അതിര് നിശ്ചയിക്കുന്നത് ആര്? കുടുംബമോ സമൂഹമോ അതോ അവള്‍തന്നെയോ? കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി സ്വന്തം ഇഷ്ടങ്ങളെ, സ്വപ്‌നങ്ങളെ അവര്‍തന്നെ കുഴിച്ചുമൂടുകയാണ്. കുടുംബബന്ധത്തിന് പ്രാധാന്യം നല്‍കിയും അതോടൊപ്പം സ്വന്തം സ്വപ്‌നങ്ങള്‍ തേടിപോകുന്ന സ്ത്രീയെ സിനിമയിലൂടെ നമുക്ക് മുന്നില്‍ അവതിരിപ്പിച്ച നയന സൂര്യന്‍ എന്ന സംവിധായികയും സ്വപ്‌നങ്ങള്‍ കീഴടക്കാനുള്ള യാത്രയിലാണ്. സിനിമ അണിയറയില്‍ സ്ത്രീ സാനിദ്ധ്യം ഉണ്ടെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍, എട്ട് വര്‍ഷമായി സജീവമായി സിനിമ മേഖലയില്‍ തുടരുന്ന നയന ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലാണ്. സിനിമ മോഹം മനസ്സില്‍ സൂക്ഷിച്ച് കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് എന്നും മാതൃകയാണ് നയന. 

കരുനാഗപ്പള്ളിയിലെ ആലപ്പാട് അഴീക്കലില്‍ ഗ്രാമത്തില്‍ നിന്ന് വന്ന നയനയ്ക്ക് സിനിമയില്‍ എത്തുകയെന്നത് ചിന്തകള്‍ക്കുമപ്പുറമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിഎ ഫിലോസഫി പഠിക്കാന്‍ എത്തിയതാണ് നയനയുടെ ജീവിതത്തിലെ വഴിത്തിരിവ്. ടിവിയിലും തീയറ്ററിലും കാണുന്ന സിനിമകള്‍ മാത്രമായിരുന്നു സിനിമയുമായുള്ള ബന്ധം. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ സിനിമക്കാഴ്ചകളാണ് സിനിമയെന്ന മോഹം ജനിപ്പിച്ചത്. പിന്നീട് ആ സ്വപ്നലോകത്തേയ്ക്ക് എത്തിപ്പെടാനുള്ള തത്രപ്പാടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പറ്റുന്ന പണിയല്ല, അതും സിനിമയുടെ അണിയറയില്‍. പലരും നിരുത്സാഹപ്പെടുത്തി. സംവിധായകന്‍ ലെനില്‍ രാജേന്ദ്രനെ സമീപിക്കുന്നതുവരെയും സിനിമയെന്നത് സ്വപ്നം മാത്രമായിരുന്നു. 

പിന്നീടൊരിക്കലും തിരിഞ്ഞുനോക്കിയിട്ടില്ല. ഒന്നിനുപുറകെ ഒന്നായി... 2010ല്‍ രാജാരവി വര്‍മ്മയുടെ ജീവിത കാലഘട്ടങ്ങള്‍ അവതരിപ്പിച്ച ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'മകരമഞ്ഞ്' എന്ന സിനിമയിലൂടെ അരങ്ങേറ്റം. ഡോ ബിജു സംവിധാനം ചെയ്ത 'ആകാശത്തിന്റെ നിറം' , കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ്, നടന്‍, ഉട്ടോപ്യയിലെ രാജാവ്,  ജിത്തുജോസഫിന്റെ മെമ്മറീസ്, ജന്‍സ് മുഹമ്മദിന്റെ 100 ഡേയ്സ് ഓഫ് ലൗ, ലെനിന്‍ രാജേന്ദ്രന്റെ തന്നെ ഇടവപ്പാതി, പിന്‍പേ നടപ്പവള്‍ എന്നീ സിനിമകളില്‍ സഹ സംവിധായികയായും പ്രവര്‍ത്തിച്ചു. കൂടാത ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത നാല് ഡോക്യുമെന്ററികളിലും, ആശ്രിതരുടെ ആകാശം എന്ന ടെലിഫിലിമിലും സഹസംവിധായികയായി. നിരവധി പരസ്യചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട് 28 കാരിയായ ഈ മിടുക്കി. 

കോമേഴ്‌സ്യല്‍ സിനിമകളോടൊപ്പം ആര്‍ട്ട്സ് സിനിമകളെയും ഒരുപോലെ സ്നേഹിക്കുന്ന നയനയുടെ ആഗ്രഹം, എക്കാലത്തും ഏവരും ഓര്‍മ്മിക്കുന്ന നല്ല സിനിമകള്‍ ചെയ്ത് ഈ മേഖലയില്‍ തന്നെ സജീവമായി തുടരണമെന്നാണ്. അതിനുവേണ്ടിയുള്ള ആദ്യപടിയായിരുന്നു, നയന കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'പക്ഷികളുടെ മണം' എന്ന സിനിമ.

ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസിന്റെ ബാനറില്‍ സമകാലിക സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് 'ക്രോസ് റോഡ്' എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചു. സ്ത്രീസംവിധായകയെന്ന നിലയ്ക്ക് ഡോ. ബിജുവാണ് നയനയുടെ പേര് നിര്‍ദ്ദേശിച്ചത്. അങ്ങനെ ക്രോസ്റോഡില്‍ നയനയുടെ 'പക്ഷികളുടെ മണം' ഇടംപിടിച്ചു. ഈസ്റ്റേണ്‍ ഗ്ലോബലിന്റെ മികച്ച വനിതാ അധിഷ്ഠിത സിനിമ, മികച്ച ഛായഗ്രാഹണം, മികച്ച നടി കൂടാതെ തെക്കന്‍ സ്റ്റാറിന്റെ മികച്ച നവാഗത സംവിധായിക തുടങ്ങി ചെറുതും വലതുമായി നിരവധി പുരസ്‌കാരങ്ങളും നയനയെ തേടിയെത്തിയിട്ടുണ്ട്. 

സ്വന്തം നാടായ ആലപ്പാടിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കായലിനും കടലിനുമിടയില്‍ 9 കിലോമീറ്ററോളം വീതിയുണ്ടായിരുന്ന അഴീക്കല്‍, കരിമണല്‍ ഖനനത്തിലൂടെ ഒന്നര കിലോമീറ്ററായി ചുരുങ്ങി. അധികം താമസിയാതെ ബാക്കിയുള്ള ഭാഗവും കടല്‍ വിഴുങ്ങുമെന്ന ഭീഷണിയിലാണ്. ഈ സംഭവം കേന്ദ്രീകരിച്ചാണ് ഡോക്യുമെന്ററി. കാടിനേയും കടലിനേയും ഒരുപോലെ സ്നേഹിക്കുന്ന സിനിമയെന്ന മോഹം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നൊരു പെണ്‍കുട്ടി അതാണ് നയന സൂര്യന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.