പശിമരാശി മണ്ണില്‍ വിളയും തക്കാളി

Sunday 11 March 2018 2:20 am IST
"undefined"

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വര്‍ണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വര്‍ഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോള്‍ വാര്‍ഷിക സസ്യമായിട്ടാണ് വളര്‍ത്തി വരുന്നത്. നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റുന്നത്. പുളിരസമുളള മണ്ണ് അത്ര നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യതയുണ്ട്.  മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കാന്‍ സാധിക്കുന്ന വിളയാണ്. ശരത്കാല വിളകള്‍ക്കായി ജൂണ്‍-ജൂലൈ മാസങ്ങളിലും, വസന്തകാലവേനല്‍ക്കാല വിളകള്‍ക്കായി നവംബര്‍ മാസത്തിലും വിത്തുവിതയ്ക്കാം. ഒരു ഹെക്ടര്‍ കൃഷിഭൂമിയില്‍ 400 ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുപാകി മുളപ്പിച്ച തക്കാളിത്തൈകള്‍ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. തൈകള്‍ അധികം ആവശ്യമില്ലെങ്കില്‍  ചട്ടിയില്‍ മുളപ്പിക്കുന്നതാകും ഉത്തമം. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് പാകാം. വിത്തുപാകി കിളിര്‍ത്ത് ഒരുമാസം കഴിയുമ്പോള്‍ തൈകള്‍ പറിച്ച് നടാന്‍ പാകമാകും. തക്കാളിത്തൈകളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ.

നടീലും പരിചരണവും 

വെളളം കെട്ടിക്കിടക്കാത്ത ഭാഗമായിരിക്കണം കൃഷിക്കായി തിരഞ്ഞെക്കേണ്ടത്.  75 എഴുപത്തഞ്ച് സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍. തൈകള്‍ തമ്മില്‍ അറുപത് സെന്റീമീറ്റര്‍ അകലമാകാം. തൈ നടുന്നതിന് മുമ്പ് ഒരു സെന്റിന് 325 ഗ്രാം യൂറിയ 875 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ് 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചെര്‍ക്കണം. തൈനട്ട് ഒരുമാസം കഴിയുമ്പോള്‍ 165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. തൈനട്ട് ഒരുമാസം കഴിയുമ്പോള്‍ 165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മേല്‍വളമായി നല്‍കാം.

തൈകള്‍ അന്തരീക്ഷാവസ്ഥയില്‍ തുറസായി വളര്‍ത്തുകയും ഇടയ്ക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്താല്‍ തണ്ട് ബലമുള്ളതായിത്തീരും. തൈകള്‍ പറിച്ചുനടുമ്പോഴും നടീലിന് ശേഷവും വളരെ വേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങള്‍ നല്‍കണം. നൈട്രജന്‍, ഫോസ്ഫറസ് വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നതും നേര്‍ത്ത ലായനി ഇലകളില്‍ തളിക്കുന്നതും തൈകള്‍ക്ക് ഗുണകരമാണ്. ക്രമമായരീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് അനിവാര്യമാണ്. ഇടയ്ക്കിടെ ഇടയിളക്കുകയും കളകള്‍ നീക്കം ചെയ്യുകയും ചെയ്താല്‍ ചെടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിക്കും. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിന്റെ മേന്മ വര്‍ദ്ധിക്കുന്നതിനും മണ്ണില്‍ വയ്‌ക്കോലോ അതുപോലുള്ള പദാര്‍ഥങ്ങളോ കൊണ്ട് ആവരണമിടുന്നത് വഴി സാധിക്കും. 

രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും 

ബാക്ടീരിയല്‍ വാട്ടമാണ് തക്കാളികളില്‍ കണ്ടുവരുന്ന പ്രധാനരോഗം. കൃഷിഭൂമി ഒരുക്കുന്ന വേളയില്‍ കുമ്മായം നല്ലതാണ്. വാട്ടത്തെ ചെറുക്കാന്‍ കഴുവുളള 'ശക്തി' എന്ന ഇനം തക്കാളിയാണ് കേരളത്തിലെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ ഉത്തമം. പുഴുകുത്തിയ കായ്കള്‍ നശിപ്പിച്ചുകളയണം. വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിള്‍ രോഗങ്ങള്‍ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. കായ്തുരപ്പന്‍ പുഴുവിനെ ചെടികളില്‍ കണ്ടാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി പ്രയോഗത്തിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.