ഉടയോന്‍

വരികളില്‍ നിറഞ്ഞ്‌
Sunday 11 March 2018 2:40 am IST
"undefined"

''ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നില്ല......'' ഇപ്പറഞ്ഞതൊന്നും ചെയ്തില്ലെങ്കിലും വിളവെടുപ്പിന് കാലേക്കൂട്ടി തയ്യാറെടുക്കുന്നതാണ് ആലഞ്ചേരി പിതാവ് പിന്‍തുടരുന്ന ഒരു രീതി. അതിപ്പം ആര് വിതച്ചാലും കൊയ്താലും വിളവെടുപ്പ് നുമ്മ നടത്തും. അതിന് മാറ്റമൊന്നുമില്ല. 

ഒരുമാതിരി കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മാതിരിയുള്ള ലളിതജീവിതമാണ് ആലഞ്ചേരി പിതാവിന്റേതും. സ്വകാര്യസ്വത്ത് എന്ന് കേള്‍ക്കുന്നതേ അലര്‍ജിയാണ് ഇക്കൂട്ടര്‍ക്ക്. ഒന്നും സ്വന്തമല്ല. എല്ലാം പാര്‍ട്ടി വക. ഒന്നാന്തരം ഉദാഹരണമാണ് ത്രിപുരയിലെ സഖാവ് ലളിതന്‍ അഥവാ മണിക് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നിന്ന് വിയര്‍ത്തപ്പോള്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് എടുത്ത് വീശാവുന്ന മികച്ച ഉദാഹരണങ്ങളിലൊന്നായിരുന്നു ഇപ്പറഞ്ഞ സഖാവ്. 

സൈക്കിളിലേ യാത്ര ചെയ്യൂ. നിലത്തിരുന്നേ കഴിക്കൂ. ഒന്നും ഉണ്ടാക്കിയില്ല. പിന്നെന്താ, നാട്ടുകാരുടെ ചെലവില്‍ ജീവിതം. വോട്ട് ചെയ്ത് ജയിപ്പിച്ചവരുടെ മേല്‍ കുതിര കയറാന്‍ പാര്‍ട്ടിക്കാരെ കെട്ടഴിച്ചുവിട്ടിട്ട് സര്‍ക്കാര്‍ ബംഗ്ലാവില്‍ സുഖവാസം. നാല്പത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണമെങ്കില്‍ ഹെലികോപ്ടര്‍. ഒന്നും സ്വകാര്യസ്വത്തല്ല. പേരില്‍ത്തന്നെയുണ്ട് സര്‍ക്കാര്‍. പിന്നെ ആരേലും പരാതി പറഞ്ഞാല്‍ പാര്‍ട്ടിക്കൊരു നിയമവും കോടതിയുമൊക്കെയുണ്ട്. അവര്‍ അന്വേഷിക്കും, കണ്ടെത്തും. അത് ചോദ്യം ചെയ്യാതെ വിശ്വസിപ്പിന്‍...... സര്‍ക്കാര്‍ തന്നെ സ്വകാര്യസ്വത്താക്കിയ സഖാവ് ലളിതന് നാട്ടുകാര്‍ കൊടുത്ത പണി പോലൊന്നാണ് അങ്കമാലി രൂപതയിലെ വിശ്വാസികളെല്ലാം കൂടി ഇപ്പോള്‍ കര്‍ദിനാളിന് നല്‍കിയത്. ഒന്നും തനിക്ക് വേണ്ടിയല്ലെന്നും എല്ലാം സഭയുടേതാണെന്നും പരമാധികാരി പോപ്പാണെന്നും പരാതിയുണ്ടേല്‍ കാനോന്‍ നിയമപ്രകാരം തട്ടേല്‍ കാണാമെന്നുമൊക്കെ മാര്‍ ആലഞ്ചേരി വിളിച്ച് പറയുമ്പോള്‍ എവിടെയൊക്കെയോ ഒരു കൂപ്പറിനെയോ ലാവ്‌ലിനെയോ ഓര്‍മ്മ വരുന്നില്ലേ... അതാണ്.

തുരുത്തിക്കാരന്‍ ജോര്‍ജ് ആലഞ്ചേരി കത്തനാരും കര്‍ദിനാളും വലിയ ഇടയനും ആകുന്നതുവരെ പിടി വീണില്ല എന്നത് പേര് കേട്ട എറണാകുളം അതിരൂപതയുടെ ദുര്‍വിധി. വിശ്വാസികളെയും സഭയെയും ബാങ്ക് വായ്പയ്‌ക്കെറിഞ്ഞുകൊടുത്തു എന്നതാണ് ഇപ്പോള്‍ ആലഞ്ചേരിക്ക് കുരിശാകുന്നത്. കര്‍ദിനാളിനെ അടിക്കാന്‍ ഓങ്ങിയ വിശുദ്ധവടികളുമായി ഇത്രകാലം കാത്തിരുന്ന വികാരിമാരും വിശ്വാസികളും ഒരുമ്പെട്ടിറങ്ങിയതോടെ ആലഞ്ചേരി കോടതി കയറി. ഇന്ത്യന്‍ സിവില്‍ നിയമങ്ങള്‍ പ്രകാരം കുറ്റക്കാരനാണെന്ന പരാതിയിന്മേല്‍ കോടതിക്കുമുന്നിലെത്തിയ കര്‍ദിനാള്‍ കാനോന്‍ നിയമത്തിന്റെ കെട്ടഴിച്ചിട്ടു. താന്‍ വിശുദ്ധനാണെന്നും വസ്തുക്കളെല്ലാം മാര്‍പാപ്പയുടെ വകയാണെന്നും  കാനോന്‍ നിയമമാണ് തങ്ങള്‍ പിന്‍തുടരുന്നതെന്നുമൊക്കെയാണ് കര്‍ദിനാള്‍ ആലഞ്ചേരിയും കൂട്ടരും വാദിക്കുന്നത്. മതേതര ജനാധിപത്യ കേരളത്തിന്റെ മുറ്റത്താണ് കോടികളുടെ മൂല്യമുള്ള ഇക്കാണായ വസ്തുവകകളൊക്കെ വത്തിക്കാന്റേതാണെന്ന് ഒരാള്‍ പറയുക, ഇവിടുത്തെ നിയമങ്ങളല്ല കാനോന്‍ നിയമങ്ങളാണ് താന്‍ പിന്തുടരുന്നതെന്ന് വാദിക്കുക..... വിചിത്രമാണ് കാര്യങ്ങള്‍. ഇത്രയൊക്കെയായിട്ടും കര്‍ദിനാള്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് പറയാന്‍ ആര്‍ജവമുള്ള ഒരുത്തനെയും ഇതുവരെ പുറത്തു കണ്ടില്ല. മതമൗലികതയുടെ ധാര്‍ഷ്ട്യം ഇത്രമേല്‍ അഴിഞ്ഞാടിയിട്ടും കേസെടുക്കാനോ ആലഞ്ചേരിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനോ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 

അതാണ് പ്രശ്‌നം. ഇവിടെ ആര്‍ക്കും എന്തുമാകാമെന്ന് വന്നിരിക്കുന്നു. നികുതിവെട്ടിപ്പിന്റെയും ഭൂമിതിരിമറിയുടെയും പരാതികള്‍ നിരവധി വന്നിട്ടും ആലഞ്ചേരിയെ തൊടാന്‍ അധികാരികള്‍ മടിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ 458 വൈദികരില്‍ ബഹുഭൂരിപക്ഷവും അഭിവന്ദ്യപിതാവ് സഭയ്ക്ക് അപമാനം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചിട്ടും നടപടിയുണ്ടായില്ല. കര്‍ദിനാളിനെ ശിക്ഷിക്കാന്‍ സാക്ഷാല്‍ പോപ്പ് വത്തിക്കാനില്‍ നിന്ന് ഇങ്ങ് വരണം. അല്ലാതെ രക്ഷയില്ലെന്ന മട്ടിലായി കാര്യങ്ങള്‍. കാനോന്‍ നിയമം അങ്ങ് പള്ളീല്‍ പറഞ്ഞാല്‍ മതിയെന്ന് പറയാന്‍ പോലും ആളുണ്ടായില്ല. ഒടുവില്‍ ഹൈക്കോടതിക്ക് പറയേണ്ടിവന്നു കര്‍ദിനാളിനെതിരെ കേസെടുക്കൂ എന്ന്. പ്രഥമദൃഷ്ട്യാ തന്നെ ഇടപാടില്‍ ക്രമക്കേടുണ്ടെന്നും കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കര്‍ദിനാളെന്നാല്‍ ഭൂമിയുടെ അവകാശി എന്നല്ല അര്‍ത്ഥം. കാനോന്‍ നിയമം രാജ്യത്തിന്റെ നിയമത്തെ അംഗീകരിക്കുന്നതാണെന്ന് അറിയില്ലെങ്കില്‍ ആലഞ്ചേരി പഠിക്കണം. സഭയുടെ അധികാരി എന്നാല്‍ രൂപതയല്ലെന്നും ഹര്‍ജി നല്‍കിയ ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് കണ്‍വീനര്‍ ഷൈന്‍ വര്‍ഗീസ് പറയുന്നു. 

കൂപ്പറില്‍ കയറിയ കോടിയേരിയും കോടികളുടെ വസ്തു ഇടപാടില്‍ കുടുങ്ങിയ കര്‍ദിനാളും ഒരുപോലെയാണ് ന്യായീകരണങ്ങള്‍ കണ്ടെത്തുന്നതെന്നത് കൗതുകകരമാണ്. കോടിയേരിക്ക് ജാഗ്രതക്കുറവാണെങ്കില്‍ ആലഞ്ചേരിക്കത് ചെറിയ പിഴവാണ്. ഒരു നൂറ് കോടിയുടെ ചെറിയ പിഴവ്. അത്രേ ഉള്ളൂ സംഗതി. അത്ര ചെറിയ പിഴവിനൊക്കെ എന്ത് അന്വേഷണം. എന്ത് നടപടി. 

ഹൈക്കോടതി നേരിട്ട് കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ട് ദിവസം നാല് കഴിഞ്ഞിട്ടും പിണറായിയുടെ പോലീസ് അനങ്ങിയിട്ടില്ല. ഇങ്ങനെ ചില്ലറക്കേസിനൊക്കെ പിന്നാലെ തൂങ്ങിയാല്‍ അതിനേ സമയമുണ്ടാകൂ എന്ന് കരുതിയിട്ടാണോ എന്ന് അറിയില്ല. എന്തായാലും വികാരിമാര്‍ ആകെ വികാരാവേശത്തിലാണ്. അന്വേഷണം വേണമെന്നും അതുപൂര്‍ത്തിയാവുന്നതുവരെ ആലഞ്ചേരി മാറി നില്‍ക്കണമെന്നും ഒക്കെയാണ് വാദം. ഒരുമാതിരി രാഷ്ട്രീയക്കാരുടെ പരിപാടികള്‍ പോലെ പ്രകടനവും പൊതുസമ്മേളനവും മുദ്രാവാക്യം വിളിയുമായി അജപാലനം കൊഴുക്കുകയാണ്. 

മലയാറ്റൂര്‍ കുരിശുംമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന സംഭവത്തില്‍ മുന്‍ കപ്യാര്‍ ജോണിക്ക് വിശാലഹൃദയനായ കര്‍ദിനാള്‍ ആലഞ്ചേരി മാപ്പ് നല്‍കിയത് കഴിഞ്ഞ ദിവസമാണ്. കൂട്ടത്തിലൊരു വൈദികന്‍ കൊല ചെയപ്പെട്ടിട്ട് ചോദിക്കാനും പറയാനും ആളില്ലാതായിപ്പോയിരിക്കുന്നു എന്നാണ് ഇതേച്ചൊല്ലി വികാരിമാര്‍ സൃഷ്ടിച്ച വൈദികസമിതി ആക്ഷേപിക്കുന്നത്. പാപം എറ്റെടുക്കുകയും പാപികളോട് ക്ഷമിക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ളയാളാണ് താനെന്ന് ആലഞ്ചേരി പിതാവ് ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടും വിശ്വാസികളെന്ന് പറയുന്ന ആളുകള്‍ വിടുന്ന മട്ടില്ല. 'രൂപത' എന്നത് 'രൂപ താ' എന്ന് പറയുന്നവരുടെ കേന്ദ്രമാണെന്ന് ഒരു ആക്ഷേപം പണ്ടേ ഉള്ളതാണ്. അത് ഈ പാപവിമോചനത്തിന്റെ സുവിശേഷം കൊണ്ട് കഴുകിക്കളയുന്നതിനിടയിലാണ് കര്‍ദിനാള്‍ കുടുങ്ങുന്നത്. 

പിന്നെ ഇതൊന്നും ഒരു പുതിയ കാര്യമല്ലെന്ന് എഴുപത്തിരണ്ടുകാരനായ ആലഞ്ചേരിക്ക് സമാധാനിക്കാം. ടോംസിന്റെ പഴയ ഒരു കാര്‍ട്ടൂണ്‍ കഥയുണ്ട്. ഇടവകയുടെ പള്ളിക്കൂടത്തില്‍ അദ്ധ്യാപികയാകാന്‍ വേണ്ടി, ഉള്ള കിടപ്പാടവും പശുവിനെയുമൊക്കെ വിറ്റുപെറുക്കി അരമനയിലെത്തി ഒരു കുഞ്ഞാട് കൈമാറിയ പണം അകത്തുപോയി എണ്ണിനോക്കുമ്പോഴുണ്ട് അശരീരി പോലെ ഒരു ശബ്ദം, 'പത്രോസേ ഇത് പാപമാണ്.' ഫാദര്‍ പത്രോസ് തിരിഞ്ഞുനോക്കി. താനും കുരിശില്‍ കിടക്കുന്ന കര്‍ത്താവും മാത്രം. തോന്നിയതാകും എന്ന് കരുതി വീണ്ടും എണ്ണല്‍ തുടര്‍ന്നപ്പോല്‍ അതേ ശബ്ദം, 'നീ ചെയ്യുന്നത് തെറ്റാണ്.'

അച്ചന് കാര്യം മനസ്സിലായി. അദ്ദേഹം തിരിഞ്ഞ് കര്‍ത്താവിനോട് പറഞ്ഞു, 'നീ ഇതെന്നാ ഭാവിച്ചാ? ഈ പൊന്‍കുരിശും പള്ളിമേടയും എയര്‍കണ്ടീഷന്‍ ചെയ്ത അരമനയുമൊക്കെ എങ്ങനെ വന്നതാന്നാ വിചാരം? സുഖമായിട്ട് അവിടെങ്ങാനും കിടക്കടാ ഉവ്വേ...' പണമെണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയില്‍ പിന്നെയും കര്‍ത്താവിടപെട്ടു. അച്ചന് സഹിച്ചില്ല, നിനക്ക് കിട്ടിയതൊന്നും പോരാ അല്യോ എന്ന് ആക്രോശിച്ചുകൊണ്ട് ഒരു ആണി കൂടി കുരിശില്‍ അടിച്ചുകയറ്റി...... 

എല്ലാം കര്‍ത്താവിന്റെ പേരിലായതോണ്ട് കര്‍ദിനാളിനും പറഞ്ഞുനില്‍ക്കാം എന്ന് സാരം.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.