രാഘവപ്പറമ്പ് കുമ്മനം സന്ദര്‍ശിച്ചു

Sunday 11 March 2018 1:41 am IST


ചേര്‍ത്തല: അനശ്വര കവി വയലാര്‍ രാമവര്‍മ്മയുടെ നിത്യസ്മാരകം ചന്ദ്രകളഭത്തിന്റെ ദുരവസ്ഥ കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വയലാര്‍ രാഘവപ്പറമ്പിലെ സ്മാരകം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  മലയാളിയുടെ യശസ്സ് ഉയര്‍ത്തിയ കവി സാമ്രാട്ടാണ് വയലാര്‍. അദ്ദേഹത്തിന് അഭിമാനകരമായ സ്മാരകം ഉയര്‍ത്തി സര്‍ഗ്ഗ പ്രതിഭയ്ക്ക്  ആദരവ് നല്‍കണം. അതിന് പകരം ഇപ്പോള്‍ അനാദരവാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇത് മലയാളത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
 അടുത്ത തലമുറയ്ക്ക് വയലാറിനെ പരിചയപ്പെടുത്തിക്കൊടുക്കുവാനും പഠിക്കുവാനും കഴിയുന്ന തരത്തിലാണ് സ്മാരകം ഉയര്‍ത്തേണ്ടത്. കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെയും മറ്റ് വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയില്‍ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎ യുടെ ഘടകകക്ഷിയാണ് നേതൃത്വയോഗങ്ങളില്‍ അവര്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  സ്മൃതി മണ്ഡപത്തില്‍ എത്തിയ കുമ്മനത്തെ വയലാറിന്റെ മകന്‍ ശരത്ചന്ദ്ര വര്‍മ്മ, വയലാര്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വീകരിച്ചു.
 വയലാറിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം വയലാറിന്റെ വിടിനോട് ചേര്‍ന്ന് ഉള്ള കുടുംബ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി, കുംടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കുമ്മനം മടങ്ങിയത്. ബിജെപി  ദക്ഷിണമേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, നിയോജക മണ്ഡലം പ്രസിഡന്റ് സാനു സുധിന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.സാജന്‍ എന്നിവര്‍ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.