ധ്യാനത്തിലൂടെ ശാന്തി

Sunday 11 March 2018 2:55 am IST
"undefined"

മക്കളേ,

നമ്മുടെ മനസ്സ് ഒരു കുരങ്ങിനെപ്പോലെയാണ്. കുരങ്ങന്‍ ഒരു വൃക്ഷത്തില്‍ നിന്നു മറ്റൊന്നിലേക്ക് സദാ ചാടിക്കൊണ്ടിരിക്കും. നമ്മള്‍ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ കുരങ്ങന്റെ ആകൃതിയിലായിരുന്നു. പുറത്ത് വന്നിട്ടും അങ്ങനെ തന്നെ. ശരീരമല്ലാതെ, നമ്മുടെ മനസ്സ് മാറിയിട്ടില്ല. ഇന്നും ആ കുരങ്ങ് മനസ്സാണ്. ഇപ്പോള്‍ ഇവിടിരിക്കുന്ന  മനസ്സ് അടുത്ത നിമിഷം പല ദിക്കിലേയ്ക്കും ചാടും. നേരെ അമേരിക്കയ്ക്ക് ചാടും, റഷ്യയ്ക്ക് ചാടും, ചന്ദ്രനിലേക്ക് ചാടും.  ഭൂതകാലത്തിലേക്കും വര്‍ത്തമാനത്തിലേക്കും ചാടും. അങ്ങനെയുള്ള മനസ്സിനെ ധ്യാനത്തിലൂടെ ഒരുവന്‍ തന്റെ ചൊല്‍പ്പടിയിലാക്കുന്നു. ഒരു യന്ത്രം റിമോട്ട് കണ്‍ട്രോളിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുപോലെ മനസ്സിന്റെ റിമോട്ട് കണ്‍ട്രോള്‍ നമ്മുടെ കൈയില്‍ കൊണ്ടുവരുന്ന ക്രിയയാണ് ധ്യാനം. ഏതൊരു സാഹചര്യത്തിലും മനസ്സിന്റെ സമനില, സമഭാവം നിലനിര്‍ത്തുക എന്നതാണു ധ്യാനംകൊണ്ട് ഉദ്ദേശിക്കുന്നത്. അതു മനസ്സിന്റെ നിശ്ചലതയിലേയ്ക്കുള്ള മാര്‍ഗ്ഗമാണ്. 

ധ്യാനത്തെപ്പറ്റി പലര്‍ക്കും പല തെറ്റിദ്ധാരണകളാണുള്ളത്. ഏതെങ്കിലും ആസനത്തിലിരുന്നു കണ്ണുമടച്ചു ശ്വാസം പിടിച്ചിരിക്കുക, ഏതെങ്കിലും നിറങ്ങള്‍ കാണുക, കോരിത്തരിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാവുക. ഇതൊന്നും ധ്യാനത്തിന്റെ ലക്ഷണമല്ല. ധ്യാനമെന്നാല്‍ മനസ്സിനെ തന്നില്‍ത്തന്നെ നിര്‍ത്തുക എന്നതാണ്. നമ്മള്‍ റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഹംബുണ്ടാകും, കുഴിയുണ്ടാകും, കയറ്റവും ഇറക്കവും ഉണ്ടാകും, വളവുണ്ടാകും. എന്നാല്‍ നമ്മള്‍ ഗിയറോ ബ്രേയ്‌ക്കോ ക്രമീകരിച്ച്  അതിനെയൊക്കെ അതിജീവിച്ച് മുന്നോട്ടുപോകും. അതുപോലെ  മനസ്സിനെ സാഹചര്യത്തോട് പൊരുത്തപ്പെടുത്താന്‍ നമ്മള്‍ ശീലിക്കണം. ഗീതയില്‍ ഭഗവാന്‍ അര്‍ജ്ജുനന് ഉപദേശിക്കുന്നത് ''സമത്വം യോഗ ഉച്യതേ'' എന്നാണ്. എല്ലാ സാഹചര്യത്തിലും നമ്മള്‍ പുലര്‍ത്തുന്ന  സമചിത്തതയെ ധ്യാനമെന്നു വിശേഷിപ്പിക്കാം. സാഹചര്യങ്ങളെ സന്തുലനത്തോടെ നമുക്ക് അഭിമുഖീകരിക്കാനുള്ള പരിശീലനം ആവശ്യമാണ്. അതിന് ആദ്യമായി വേണ്ടതു മനസ്സിന്റെ ചാട്ടം കുറച്ചുകൊണ്ടുവരിക എന്നതാണ്. 

ഒരു കുട്ടി പരീക്ഷയ്ക്കു ക്ലാസ്സിലേക്കു കയറി. അവന്‍ വിചാരിച്ചു, 'ഈശ്വരാ, ഈ പരീക്ഷയില്‍ നന്നായി ഉത്തരം എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഭഗവാന് ഒരു പാല്‍പ്പായസം നേരാം.' അങ്ങനെ പാല്‍പ്പായസം നേര്‍ന്നു, വേഗം പരീക്ഷ എഴുതി. എഴുതിക്കഴിഞ്ഞപ്പോഴാണ് ചിന്തിച്ചത് പാല്‍പ്പായസത്തിന് അധികം ചെലവാകുമല്ലോ എന്ന്.  എന്നിട്ട്  കുട്ടി കണക്ക് കൂട്ടാന്‍ തുടങ്ങി.  പാല്‍പ്പായസമായാല്‍, പാല്, അരി തുടങ്ങി എല്ലാംകൂടി ഏകദേശം നൂറ് രൂപയോളമാകും. അതുകൊണ്ട് പഞ്ചാമൃതമായാലോ എന്നു ചിന്തിച്ചു. പഞ്ചാമൃതത്തിന്റെ കണക്കു കൂട്ടി നോക്കി. അതും പത്തെണ്‍പതു രൂപയാകും. എന്നാല്‍ ഒരു പുഷ്പാഞ്ജലിയിലൊതുക്കിയാലോ. അതിനും ചെലവ് കൂടും. അപ്പോള്‍ എന്തു ചെയ്യും? കുറച്ച് പടക്കം വാങ്ങിയാലോ അല്ലെങ്കില്‍ ഒരു ചിരാത് കൊളുത്തിയാലോ. അതിനും ചെലവുകൂടും. ഇങ്ങനെ പലതും ചിന്തിച്ചിരുന്നപ്പോള്‍ ബെല്ലടിച്ചു. പെട്ടെന്ന് ബെല്ലടിച്ചപ്പോഴുണ്ടായ ടെന്‍ഷനില്‍ ഈ കുട്ടി ഉത്തരക്കടലാസിനു പകരം പായസത്തിന്റെ കണക്ക് കൂട്ടിക്കൊണ്ടിരുന്ന കടലാസാണ് എടുത്തു കൊടുത്തത്. ഇതുപോലെ നമ്മുടെ മനസ്സ് എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. 

കര്‍ണ്ണന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാള്‍ വന്ന് ദാനം ചോദിച്ചു.  കര്‍ണ്ണന്‍ ഉടന്‍ തന്നെ ഇടത് കൈകൊണ്ട് ചോദിച്ച വസ്തു എടുത്തുകൊടുത്തു. അപ്പോള്‍ ചിലര്‍ ചോദിച്ചു ഇടത് കൈ കൊണ്ടു ദാനം  കൊടുക്കുന്നത് തെറ്റല്ലേ എന്ന്. അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു, ''അവര്‍ പെട്ടെന്ന് വന്ന് ചോദിച്ചപ്പോള്‍ എന്റെ മനസ്സലിഞ്ഞു. ഇരുന്നിടത്ത് നിന്നും സാധനങ്ങള്‍ പെട്ടെന്ന് എടുത്ത് കൊടുത്തതാണ്. അല്‍പം താമസിച്ചാല്‍ എന്റെ മനസ്സ് മാറിപ്പോയെങ്കിലോ.'' ഇതാണ് നമ്മുടെ മനസ്സിന്റെ സ്വഭാവം.

നമ്മള്‍ ഈ ശരീരത്തെയാണു നിത്യമെന്നു കരുതുന്നത്. എന്നാല്‍ ശരീരത്തിന് അസുഖം വരാം. അത് എന്നായാലും നശിക്കുകയും ചെയ്യും. അതൊക്കെ മുന്നില്‍ കണ്ടുകൊണ്ട് തളരാതെ ജീവിക്കുകയെന്നുള്ളതാണ് ധ്യാനംകൊണ്ടു നേടേണ്ടത്. ശരീരമല്ല ആത്മാവു മാത്രമാണ് നിത്യമായുള്ളത്. അതിനെ നമ്മള്‍ അറിയുക. ആത്മബോധത്തിലേക്ക് ഉണരുക. ആത്മബോധത്തിലേക്ക് ഉണര്‍ന്നാല്‍ പിന്നെ ആ നിലയ്ക്ക് മാറ്റമില്ല.    ധ്യാനത്തിലൂടെ ഈ ഒരവസ്ഥയിലാണ് നമ്മള്‍ എത്തിച്ചേരേണ്ടത്. 

ധ്യാനം പരിശീലിച്ചു തുടങ്ങുന്നവര്‍ ആദ്യം മനസ്സിനെ ഏതെങ്കിലും വസ്തുവില്‍ ഏകാഗ്രമാക്കണം. മനസ്സ് അന്യവസ്തുക്കളിലേയ്ക്ക് തെന്നിമാറുമ്പോള്‍ അതിനെ വീണ്ടും വീണ്ടും ധ്യാനവസ്തുവിലേക്ക് തിരികെക്കൊണ്ടുവരണം. 

പലതരം ധ്യാനരീതികള്‍ ഉണ്ടെങ്കിലും നിരന്തരപ്രയത്‌നത്തിലൂടെ മനസ്സിനെ നിശ്ചലതയിലേയ്ക്ക് കൊണ്ടുവരുക എന്നതാണ് അടിസ്ഥാന തത്വം. ശരിയായ ധ്യാനം ലഭിച്ചാല്‍ പ്രയത്‌നം കൂടാതെ തന്നെ മനസ്സ് ധ്യാനവസ്തുവില്‍ ഉറച്ചു നില്‍ക്കും, ക്രമേണ നിശ്ചലതയും ശാന്തിയും അനുഭവവേദ്യമാകും. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.