സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Sunday 11 March 2018 3:50 am IST
"undefined"

കോട്ടയം: ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളുടെ സംരക്ഷണത്തിനും സാമൂഹ്യ ഉന്നതിക്കും താങ്ങായിരുന്ന സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ഉടന്‍ താഴുവീണേക്കും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മാനേജ്‌മെന്റുകള്‍ നടത്തിയിരുന്ന സ്‌കൂളുകള്‍ ഫണ്ട് പരിമിതിയെ തുടര്‍ന്നാണ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ദീനദയാല്‍ പദ്ധതിയില്‍ 52 സ്‌പെഷ്യല്‍ സ്‌കൂളുകളാണ് കേരളത്തില്‍നിന്നും രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവയുടെ  നടത്തിപ്പിനുള്ള തുക നല്‍കിയിരുന്നത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തതിനാല്‍ ഗ്രാന്റ് മുടങ്ങി.  

കേരളത്തിലെ ആദ്യ സ്‌പെഷ്യല്‍ സ്‌കൂളായ തിരുവനന്തപുരം റോട്ടറി  സ്‌കൂള്‍ ഭാഗികമായി പൂട്ടി. ബോര്‍ഡിങ് പൂട്ടിയതോടെ ഇവിടുത്തെ 52 കുട്ടികളുടെ പഠനം പാതിവഴിയില്‍ മുടങ്ങുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. മുപ്പതു വര്‍ഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ച അദ്ധ്യാപകരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇവര്‍ക്ക് പെന്‍ഷനോ  മറ്റ് അനുകൂല്യങ്ങളോ ഇല്ല. ഭരണസിരാകേന്ദ്രത്തിനു സമീപമാണ് 53 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്‌കൂള്‍. സംസ്ഥാനത്തെ 294 സ്‌പെഷ്യല്‍ സ്‌കൂളുകളും ഇതുപോലെ  വെല്ലുവിളിനേരിടുന്നു.

സ്‌കൂളുകള്‍ സ്‌പെഷ്യലാണ് പക്ഷം

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പുകളിലെ വിവിധ പദ്ധതികളിലൂടെ ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനം മാത്രമാണുള്ളത്. എയ്ഡഡ്പദവി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ബജറ്റില്‍ 45 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും നടപടികളൊന്നും എടുത്തിട്ടില്ല. 

ഫണ്ടില്ലെന്ന കാരണത്താല്‍, ഈ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന റിസോഴ്‌സ് അദ്ധ്യാപകരെ പിരിച്ചുവിടുന്ന സാഹചര്യം കഴിഞ്ഞ വര്‍ഷമുണ്ടായി. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഇവര്‍ക്ക് പുനര്‍നിയമനം നല്‍കാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയിലെ നാലായിരത്തിലധികം അദ്ധ്യാപകര്‍ക്ക് നിലവില്‍ ലഭിക്കുന്നത് നാലായിരം-അയ്യായിരം രൂപയാണ്. സര്‍ക്കാര്‍ ഗ്രാന്റു മുടങ്ങിയതോടെ മാനേജ്‌മെന്റുകള്‍ക്ക് ലക്ഷങ്ങളാണ് ചെലവിനത്തിലേക്ക് കണ്ടെത്തേണ്ടിവരുന്നത്.  

അതീവശ്രദ്ധ ലഭിക്കേണ്ട ഈ വിദ്യാര്‍ത്ഥികള്‍ക്ക് പല സ്‌കൂളുകളിലും പ്രത്യേക സൗകര്യങ്ങളില്ല. ചവിട്ടുപടികള്‍ ഇല്ലാത്ത ഇടവഴികള്‍, പ്രത്യേക ശൗചാലയം, താഴത്തെ നിലയില്‍ പഠനമുറി, സ്‌പെഷ്യല്‍ ടീച്ചര്‍, റിസോഴ്‌സ് മുറികള്‍ തുടങ്ങിയവ പലയിടത്തും പരിമിതമാണ്. 

സെക്രട്ടേറിയേറ്റിനു മുമ്പില്‍ പലതവണ സമരവുമായി സ്‌പെഷ്യല്‍ സ്‌കൂള്‍ അസോസിയേഷന്‍ എത്തിയെങ്കിലും സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. അസോസിയേഷന്റ ആവശ്യങ്ങള്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച രംഗത്തെത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.