കൃഷിത്തോട്ടം നശിപ്പിച്ചതിനെ ചോദ്യം ചെയ്ത അമ്മയ്ക്കും മകനും മര്‍ദ്ദനമേറ്റു

Sunday 11 March 2018 2:00 am IST

 

 

മണ്ണഞ്ചേരി: പറമ്പിലെ പച്ചക്കറി തോട്ടം നശിപ്പിച്ചതിനെ ചോദ്യം ചെയ്ത പത്താം ക്ലാസുകാരനെയും അമ്മയെയും അയല്‍വാസികളും ഗുണ്ടകളും ചേര്‍ന്നു വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. വളവനാട് കമ്പിയകത്ത് വീട്ടില്‍ പ്രസേനന്റെ മകന്‍ അനുജിത്തിനെയും അമ്മ ശോഭയെയുമാണ് വെള്ളിയാഴ്ച്ച രാത്രി ഒന്‍പതോടെ വീടിന്റെ കതക് ചവിട്ടി പൊളിച്ചു കയറി ആക്രമിച്ചത്. 

 പറമ്പിലെ കൃഷിത്തോട്ടം അയല്‍വാസി മനപൂര്‍വ്വം നശിപ്പിക്കുന്നു എന്നു കാണിച്ചു പ്രസേനന്‍ മണ്ണഞ്ചേരി പോലീസില്‍ കഴിഞ്ഞ ബുധനാഴ്ച്ച പരാതി കൊടുത്തിരുന്നു. തുടര്‍ന്നു രണ്ട് കൂട്ടരെയും വ്യാഴാഴ്ച്ച തന്നെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ വീണ്ടും കൃഷിത്തോട്ടത്തിന്റെ പേരില്‍ വെള്ളിയാഴ്ച്ച ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയുകയായിരുന്നു. 

 തുടര്‍ന്നു രാത്രി അഞ്ചോളം പേരടങ്ങുന്ന സംഘം പ്രസേനന്റെ വീട്ടിലെത്തി വാതില്‍ ചവിട്ടിപൊളിച്ച് അകത്തു കടന്ന ശേഷം ശോഭയെ മര്‍ദ്ദിക്കുകയും ഇത് കണ്ട് ഓടിയെത്തിയ അനുജിത്തിനെയും സംഘം കൈയ്യേറ്റം ചെയ്യുകയുമായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സംഭവ സമയത്ത് അനുജിത്തും അമ്മ ശോഭയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

 പരിക്കേറ്റ ഇരുവരും ചേര്‍ത്തല ഗവ.ആശുപത്രിയില്‍ ചികിത്സയിലാണ്. അനുജിത്തിന്റെ കൈയ്ക്കും നെഞ്ചിനും നീരുണ്ട്. മുഹമ്മ മദര്‍ തെരേസ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അനുജിത്ത്. സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.