നിയമങ്ങള്‍ കാറ്റില്‍ പറത്തി സര്‍ക്കാര്‍ സ്‌കൂളില്‍ എസ്എഫ് ഐ ഏരിയാ സമ്മേളം

Sunday 11 March 2018 3:12 am IST
"undefined"

തൊടുപുഴ: എസ്എഫ്‌ഐ ഏരിയ സമ്മേളനത്തിന് സര്‍ക്കാര്‍ സ്‌കൂള്‍ വിട്ടുനല്‍കിയ അധികൃതരുടെ നടപടി വിവാദത്തില്‍. വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും വാടകയ്‌ക്കൊ അല്ലാതയോ സര്‍ക്കാര്‍ സ്‌കൂളുകള്‍ വിട്ടുനല്‍കാന്‍ പാടില്ല എന്നതാണ് ചട്ടം. ഇത് നിലനില്‍ക്കെയാണ് തൊടുപുഴയ്ക്ക് സമീപം കരിമണ്ണൂര്‍ ഗവ. യുപി സ്‌കൂളില്‍ നടന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ മേഖലാസമ്മേളനം വിവാദമാകുന്നത്. 

സ്‌കൂളങ്കണത്തില്‍ സ്തൂപവും കൊടിമരവും കവാടത്തില്‍ പരസ്യബോര്‍ഡുകളും കൊടിതോരണങ്ങളും അടക്കമുള്ളവ സ്ഥാപിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് എസ്എഫ്‌ഐയുടെ ജില്ലാ പ്രസിഡന്റ് തേജസ് കെ. ജോസ് ആണ്. മേഖല, ബ്രാഞ്ച് തലത്തിലുള്ള സിപിഎമ്മിന്റെ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. 

ക്ലാസ് മുറികള്‍ അടക്കമുള്ളവ ഇതിനായി തുറന്ന് നല്‍കിയിരുന്നു. ക്ലാസുകള്‍ നടക്കുന്ന ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിക്കഴിഞ്ഞു. ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് സ്‌കൂള്‍ വിട്ടുനല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. അബൂബക്കര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇത്തരത്തില്‍ സ്‌കൂളുകള്‍ നല്‍കാന്‍ അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എടുത്തത് വിദ്യാഭ്യാസ ആവശ്യത്തിന്

സ്‌കൂള്‍ വാടകയ്ക്ക് എടുത്തത് വിദ്യാഭ്യാസ ആവശ്യത്തിനെന്ന് പറഞ്ഞാണെന്നും സ്ഥലത്തില്ലാത്തതിനാല്‍ എസ്എഫ്‌ഐയുടെ സമ്മേളനമാണ് നടക്കുന്നതെന്ന് അറിഞ്ഞത് വൈകിയാണെന്നുമാണ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രസാദ് നല്‍കുന്ന വിശദീകരണം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അധ്യാപകനും സിപിഎം നേതാവുമായ സദാനന്ദനാണ് സ്‌കൂളിന്റെ ഓഡിറ്റോറിയം വാടകയ്ക്ക് നല്‍കിയത്. ഇതിന് പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.