നെല്ല് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Sunday 11 March 2018 2:00 am IST
വൈക്കം: ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ ആലങ്കേരിയില്‍ കൊയ്‌തെടുത്ത നെല്ല് കെട്ടികിടക്കുന്നത് കര്‍ഷകരെ വലക്കുന്നു.

 

വൈക്കം: ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ ആലങ്കേരിയില്‍ കൊയ്‌തെടുത്ത നെല്ല് കെട്ടികിടക്കുന്നത് കര്‍ഷകരെ വലക്കുന്നു. 

385 ഏക്കറോളം വരുന്ന സ്ഥലത്തെ നെല്ലാണ് കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പാടശേഖരത്തില്‍ തന്നെ കെട്ടികിടക്കുന്നത്. സ്വകാര്യ മില്ലുടമകളുടെ പിടിവാശിയാണ് സംഭവത്തിനുപിന്നില്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച വിളവാണ് ഇത്തവണ. നെല്ലില്‍ പതിരും കുറവായിരുന്നു. എന്നാല്‍ ചില പാടശേഖരങ്ങളിലെ മോശം നെല്ല് ചൂണ്ടിക്കാണിച്ച് കര്‍ഷകരെ കബളിപ്പിക്കാനാണ് ശ്രമം. 

ഒരു ക്വിന്റല്‍ നെല്ലില്‍ നിന്ന് പത്തുകിലോ താര മാറ്റണമെന്ന് മില്ല് ഉടമകള്‍ പറയുന്നു. കര്‍ഷകര്‍ മൂന്ന് കിലോ നല്‍കാമെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിളവ് മോശമായിട്ടും ഒരു ക്വിന്റലില്‍ നിന്നും നാലു കിലോ മാത്രമാണ് താര ഇനത്തില്‍ നല്‍കിയത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്പ എടുത്ത് കൃഷി ഇറക്കിയ അഞ്ഞൂറിലധികം കര്‍ഷകരാണ് സ്വകാര്യ മില്ലുടമകളുടെ ധിക്കാരം മൂലം പെരുവഴിയിലായിരിക്കുന്നത്. 

ഏകദേശം ഇരുപതിനായിരത്തിലധികം ക്വിന്റല്‍ നെല്ലാണ് പാടശേഖരത്തില്‍ കിടക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഇനിയും നടപടികള്‍ വൈകിയാല്‍ വഴി തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ആരംഭിക്കുമെന്ന് പാടശേഖരസമിതി പ്രസിഡന്റ് പീറ്ററും സെക്രട്ടറി തങ്കപ്പനും അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുവാന്‍ ഇന്ന് കര്‍ഷകര്‍ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി വി.എസ് സുനില്‍കുമാര്‍ കോട്ടയത്ത് എത്തിയപ്പോള്‍ നെല്ല് കെട്ടികിടക്കുന്ന വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് മന്ത്രി ഇവര്‍ക്ക് നല്‍കിയ ഉറപ്പ്. 

തരിശുകിടക്കുന്ന പാടശേഖരങ്ങളെല്ലാം പച്ചപ്പണിയുമ്പോള്‍ കാര്‍ഷികമേഖലയെ പിന്നോട്ടടിക്കുന്ന സ്വകാര്യ മില്ലുടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ തദ്ദേശ ഭരണകൂടങ്ങളും കൃഷിഭവനുകളുമെല്ലാം മുന്നോട്ടുവരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ഇപ്പോള്‍ കൃഷിയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന യുവജന കൂട്ടായ്മകളും സാംസ്‌കാരിക സംഘടനകളുമെല്ലാം നെല്‍കൃഷിയില്‍ നിന്ന് പിന്‍മാറിയേക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.