അനധികൃത ധ്യാനകേന്ദ്രവും പന്നിഫാമും നാട്ടുകാര്‍ക്ക് ഭീഷണി

Sunday 11 March 2018 2:00 am IST
കളത്തിപ്പടി: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ആര്‍ഡിഒ ഉത്തരവിട്ട അനധികൃത ധ്യാനകേന്ദ്രവും പന്നിഫാമും ഇന്നും പ്രവര്‍ത്തിക്കുന്നു. 2017 ഒക്ടോബര്‍ 26-നാണ് കളത്തിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റീന്‍ എന്ന ധ്യാനകേന്ദ്രവും അതിനോട് അനുബന്ധിച്ചുള്ള പന്നിഫാമും അടച്ചുപൂട്ടാന്‍ ആര്‍ഡിഒ ഉത്തരവിട്ടത്. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് നടപടി.

 

കളത്തിപ്പടി: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ആര്‍ഡിഒ ഉത്തരവിട്ട അനധികൃത ധ്യാനകേന്ദ്രവും പന്നിഫാമും ഇന്നും പ്രവര്‍ത്തിക്കുന്നു. 2017 ഒക്ടോബര്‍ 26-നാണ് കളത്തിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റീന്‍ എന്ന ധ്യാനകേന്ദ്രവും അതിനോട് അനുബന്ധിച്ചുള്ള പന്നിഫാമും അടച്ചുപൂട്ടാന്‍ ആര്‍ഡിഒ ഉത്തരവിട്ടത്. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് നടപടി. 

സര്‍ക്കാരിലെ ഒരുവകുപ്പിന്റെയും അനുമതിയോ സമ്മതപത്രമോ ഇല്ലാതെയാണ് ജനവാസ കേന്ദ്രമായ കളത്തിപ്പടിയില്‍ ബിജുതോമസിന്റെ ഉടമസ്ഥതയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പരിസര മലിനീകരണവും ശബ്ദമലിനീകരണവും വ്യാപകമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. പന്നിക്ക് പുറമേ പശു, ആട്, കോഴി, താറാവ് എന്നിവയേയും ഇവിടെ വളര്‍ത്തുന്നു. മാലിന്യം സംസ്‌കരിക്കാന്‍ യാതൊരു സംവിധാനവുമില്ലാതെയാണ് ധ്യാനകേന്ദ്രവും ഫാമും പ്രവര്‍ത്തിക്കുന്നത്. 

ഫാമിലെ മാലിന്യം റോഡിലേക്കും സമീപവാസികളുടെ സ്ഥലത്തേക്കും അടുത്ത തോട്ടിലേക്കുമാണ് ഒഴുക്കിവിടുന്നത്. ഫാമിനോട് അടുത്തുള്ള ഫ്‌ളാറ്റിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന കിണറിന് സമീപമാണ് ഫാമിലെ മലിനജലം ഒഴുകിയെത്തുന്നത്. അസഹ്യമായ ദുര്‍ഗന്ധവമാണ് സമീപവാസികളെ അലട്ടുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരും താലൂക്ക്് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആര്‍ഡിഒയുടെ നടപടി.

പഞ്ചായത്തിന്റെ ഒത്താശ

സമീപവാസികള്‍ ധ്യാനകേന്ദ്രത്തിരെ ആദ്യം പരാതി നല്‍കിയത് വിജയപുരം ഗ്രാമപഞ്ചായത്തിനാണ്. 2008 നവംബര്‍ 10ന് നാട്ടുകാര്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ പഞ്ചായത്ത് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതെ തുടര്‍ന്നാണ് ആര്‍ഡിഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് ഈ അനധികൃത ധ്യാനകേന്ദ്രവും ഫാമും സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ ഒത്താശയിലാണ് ഈ നിയമ ലംഘനം നടക്കുന്നത്.

ധ്യാനത്തിന് എത്തുന്നത് പുറത്തുള്ളവര്‍

എല്ലാമാസവും ഇവിടെ നടക്കുന്ന ധ്യാനത്തിന് എത്തുന്നത് പുറത്തുള്ളവരാണ്. ഇടുക്കി, വയനാട് ജില്ലകളില്‍നിന്നും എത്തുന്നവര്‍ ദിവസങ്ങളോളം ഇവിടെ താമസിക്കുന്നു. ടിന്‍ഷീറ്റില്‍ തീര്‍ത്ത ഷെഡിലാണ് ഇവരുടെ താമസം. പന്നിയേയും കോഴികളെയും ഇവിടെയിട്ട് കശാപ്പുചെയ്യുന്നു. ഭക്ഷണ-മാംസാവശിഷ്ടങ്ങള്‍ സമീപത്തെ തോട്ടിലേക്കാണ് തള്ളുന്നത്. 

അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം അമ്പതോളം പേര്‍ ഇവിടെ താമസിക്കുന്നു. ഇവരുടെ ആരോഗ്യ സുരക്ഷക്ക് ആവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അമിതമായ ശബ്ദം സമീപവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്. കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ല. ഇവിടെ നിര്‍മ്മിച്ച ഒരു കെട്ടിടത്തിനും പഞ്ചായത്തിന്റെ അനുമതിയോ കെട്ടിടനമ്പരോ നല്‍കിയിട്ടില്ല. പാടം നികത്തിയാണ് കെട്ടിട നിര്‍മ്മിച്ചത്. 5 സെന്റില്‍ തുടങ്ങിയ ധ്യാനകേന്ദ്രത്തിന് ഇപ്പോള്‍ ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമായുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ വിപുലമായ യോഗം കൂടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ജനങ്ങളുടെ എതിര്‍പ്പ് ശക്തമായതോടെ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായി സമീപവാസികള്‍ പറഞ്ഞു. ശുദ്ധമായ വായുവിനും വെള്ളത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നാണ് സമീപവാസികള്‍ പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.