കര്‍ദ്ദിനാളിനെതിരെ കേസ് എടുത്തില്ല ; കോടതി ഉത്തരവും അട്ടിമറിക്കാന്‍ നീക്കം

Sunday 11 March 2018 7:00 am IST
"undefined"

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവും അട്ടിമറിക്കാന്‍ പോലീസ് നീക്കം. മാര്‍ച്ച് ആറിനാണ് കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, കോടതി ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞ് കേസെടുക്കുന്നത് നീട്ടിക്കൊണ്ടുപോകുകയാണ് പോലീസ്.

കര്‍ദ്ദിനാളിനെതിരെ കേസെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് വലിയ താത്പര്യമില്ലായിരുന്നു. രണ്ടുതവണ ലഭിച്ച പരാതി, സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് അവഗണിച്ചിരുന്നു. ഇതിനെതിരെ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍, കേസ് എടുക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് സൂചന.

കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് കെമാല്‍ പാഷയെ കഴിഞ്ഞദിവസം ക്രിമിനല്‍  കേസ് കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍  നിന്ന് മാറ്റിയിരുന്നു. 

ഇതിനിടെയാണ് പോലീസ് എജിയുടെ ഉപദേശവും തേടിയത്.  ഹൈക്കോടതി ഉത്തരവിട്ട കേസില്‍ പോലീസ് ആരെയാണ് ഭയക്കുന്നതെന്ന് വ്യക്തമല്ല. കര്‍ദ്ദിനാളിനെതിരെ കേസെടുത്താല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന സര്‍ക്കാറിന്റെ ഭയമാണ് കാരണമെന്നാണ് സൂചന. 

കര്‍ദ്ദിനാള്‍ തല്‍സ്ഥാനത്തുനിന്ന് പോലീസ് അന്വേഷണം നേരിടണമെന്ന് സഭയിലെ ഒരു കൂട്ടം വികാരിമാരും സഭാ തല അന്വേഷണത്തിന് നേതൃത്വം നല്‍കിയവരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കര്‍ദ്ദിനാളിനെ നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് ഭരണതലത്തില്‍ നിന്നുണ്ടാകുന്നതെന്നാണ് ആരോപണം. കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ പോലീസ് തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് നല്‍കുമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ഷൈന്‍ വര്‍ഗ്ഗീസ് പറഞ്ഞു. 

സഭയിലെ തര്‍ക്കം  പരിഹരിക്കാന്‍ കെസിബിസി ഇടപെടല്‍

കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയില്‍ കര്‍ദ്ദിനാളും ഒരുവിഭാഗം വികാരികളുമായുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കെസിബിസി ഇടപെടല്‍. കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യവും സീറോ മലങ്കര സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവയുമാണ് പ്രശ്‌ന പരിഹാരത്തിനായി രംഗത്തുളളത്. പാലാരിവട്ടത്തെ പാസ്റ്ററല്‍ ഓറിയന്റല്‍ സെന്ററില്‍ ഇവരെത്തി ചര്‍ച്ചകള്‍ നടത്തി. ആലഞ്ചേരിക്കെതിരെ രംഗത്ത് വന്ന വികാരിമാരുമായിട്ടായിരുന്നു ചര്‍ച്ച. 

കഴിഞ്ഞദിവസം വികാരിമാര്‍ കര്‍ദ്ദിനാളിനെതിരെ പരസ്യമായി രംഗത്ത് വരികയും അതിരൂപതാ ആസ്ഥാനത്തേക്ക് പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കെസിബിസിയുടെ ഇടപെടല്‍. അതേസമയം പ്രശ്‌ന പരിഹാരത്തിന് കെസിബിസി നേതൃത്വം ഇടപെടുന്നതിനെ സ്വാഗതം ചെയ്യുന്നെന്ന് കര്‍ദ്ദിനാളിനെതിരെ പരസ്യമായി രംഗത്ത് വന്ന ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.