പ്രോസിക്യൂട്ടറുടേത് കോടതിയലക്ഷ്യമെന്ന് വിജിലന്‍സ് ഡയറക്ടര്‍

Sunday 11 March 2018 2:37 am IST

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍. കേസ് അട്ടിമറിച്ചെന്ന അഡ്വ കെ.പി. സതീശന്റെ ആരോപണം കോടതിയലക്ഷ്യമാണെന്ന് കാണിച്ച് വിജി. ഡയറക്ടര്‍ അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ബാര്‍ക്കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കിയിട്ടുണ്ടെന്നും അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചത് കോടതിയലക്ഷ്യമായി കാണണമെന്നും  കത്തില്‍ ആവശ്യപ്പെടുന്നു. കത്ത് കണക്കിലെടുത്ത് പ്രോസിക്യൂട്ടര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികള്‍ ആഭ്യന്തര വകുപ്പ് പരിശോധിക്കുകയാണ്. 

 കെ.എം. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി തിരുവനന്തപുരം വിജി. കോടതിയില്‍ വിജിലന്‍സ് കൊടുത്ത റിപ്പോര്‍ട്ടിനു പിന്നില്‍ ഗൂഢാലോചനയെന്നായിരുന്നു സതീശന്‍ ആരോപിച്ചത്. മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നു. അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശം. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ സമീപിച്ചപ്പോള്‍ മറ്റൊരു തരത്തില്‍ കേസ് അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. കേസ് നേരായ രീതിയില്‍ അന്വേഷിച്ചിരുന്നെങ്കില്‍ മാണി കുറ്റക്കാരനാകുമായിരുന്നു. ബാര്‍ ഉടമകളുടെ ശബ്ദരേഖ അടങ്ങിയ സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അഹമ്മദബാദിലെ ലാബില്‍ നിന്നുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് മാണിക്ക് തിരിച്ചടിയാകുമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആശങ്ക. എന്നാല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഡിറ്റ് ചെയ്യാത്ത സിഡിയുടെ കോപ്പി ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എഡിറ്റ് ചെയ്ത സിഡിയാണ് പരിശോധനയ്ക്ക് അയച്ചത്. ഇത് അറിഞ്ഞപ്പോള്‍ എഡിറ്റ് ചെയ്യാത്തത് വീണ്ടും പരിശോധനക്ക് അയക്കണമെന്ന നിയമോപദേശകം നല്‍കിയിരുന്നു. അത് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കേസ് അവസാനിപ്പിച്ചത് താനറിഞ്ഞില്ല. എല്ലാം അപ്രതീക്ഷിതമാണ്. മാണിയെ രക്ഷിക്കാനുള്ള ഗൂഢാലോചനയില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട് എന്നായിരുന്നു സതീശന്റെ പ്രതികരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.