കേന്ദ്രം നല്‍കി, കേരളം മുടക്കി; വനവാസി സര്‍വ്വകലാശാല ചുവപ്പുനാടയില്‍

Sunday 11 March 2018 6:38 am IST
"undefined"

കാട്ടാക്കട (തിരുവനന്തപുരം): കേന്ദ്രം അനുവദിച്ച വനവാസി സര്‍വ്വകലാശാല ചുവപ്പുനാടയില്‍. വനവാസി സമൂഹത്തിന് 2015ല്‍ കേന്ദ്രം നല്‍കിയ സ്വപ്‌ന പദ്ധതിയാണ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരളം മുടക്കുന്നത്. വനവാസി കുട്ടികള്‍ക്ക് നഴ്‌സറി  മുതല്‍ ബിരുദാനന്തര ബിരുദം വരെ സ്വന്തം ഊരില്‍ പഠനവും ഗവേഷണവും നടത്താനാകുന്ന തരത്തിലായിരുന്നു ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുടെ വിഭാവനം. 

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് തലസ്ഥാനത്ത് വനവാസി സര്‍വ്വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ കോട്ടൂര്‍, തിരുവനന്തപുരം- തെങ്കാശി അന്തര്‍ സംസ്ഥാന പാതയിലെ പാലോടിനടുത്ത് ഞാറനീലി എന്നിവിടങ്ങളാണ് പരിഗണിച്ചത്. കൗണ്‍സില്‍ നടത്തിയ സ്ഥലപരിശോധനയില്‍ ഞാറനീലി തൃപ്തികരമല്ലെന്ന് കണ്ടെത്തി. തലസ്ഥാനത്തോട് അടുത്തുകിടക്കുന്ന കോട്ടൂര്‍ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ അനുയോജ്യമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കി. കോട്ടൂരില്‍ വനം വകുപ്പിന്റെ നിരവധി കെട്ടിടങ്ങള്‍ വെറുതെ കിടക്കുന്നുണ്ട്.  മിക്കതും കേന്ദ്ര ഫണ്ടുപയോഗിച്ച് കെട്ടിപ്പൊക്കിയവ. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി അവസാനിച്ചതോടെ അതിനായി മാറ്റിവച്ച തങ്ങളുടെ പക്കലുള്ള ഭൂമിയും സര്‍വ്വകലാശാലയ്ക്ക് വിട്ടുനല്‍കാമെന്ന് വനം വകുപ്പ് ഉറപ്പുനല്‍കി. 

40 വിഭാഗങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തോളം വനവാസി കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ 10 ശതമാനം മാത്രമാണ് എസ്എസ്എല്‍സി പാസ്സായവര്‍. ബിരുദമുള്ളത് 1.2 ശതമാനം പേര്‍ക്ക്.  ശേഷിക്കുന്നവര്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവര്‍. വനവാസി വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ളതും തലസ്ഥാന ജില്ലയില്‍. 

ഒഡീഷയിലെ ഭുവനേശ്വര്‍ കലിംഗ യൂണിവേഴ്‌സിറ്റി മാതൃകയില്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കാമെന്ന ധാരണയിലെത്തി. പദ്ധതിയുടെ കടലാസ് ജോലികള്‍ പുരോഗമിക്കവെ ചിലര്‍ സര്‍വ്വകലാശാലയെ ഇവിടെ നിന്ന് കൊണ്ടുപോകാന്‍ നീക്കം തുടങ്ങി. സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇവര്‍ ആദ്യം ഉയര്‍ത്തിയത്. ഇതോടെ സര്‍വ്വകലാശാലയുടെ ഫയല്‍ നീക്കം പാതിവഴിയില്‍ നിലച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.