ടി.പി വധക്കേസ്: കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

Sunday 11 March 2018 6:41 am IST
"undefined"

കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം.  

കുഞ്ഞനന്തന്റെ വീട് സ്ഥിതി ചെയ്യുന്ന കണ്ണൂരിലെ കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പില്‍ നിന്ന് എത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇയാളെ വിട്ടയക്കാന്‍ നീക്കം നടക്കുന്നതായ വിവരം പുറത്തായത്. 

മോചിപ്പിച്ചാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമോയെന്ന് ചോദിച്ചുളള സന്ദേശമാണ്  എസ്‌ഐക്ക് ലഭിച്ചത്. 

പെട്ടന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. അനുകൂല റിപ്പോര്‍ട്ട് പോലീസിനെ കൊണ്ട് നല്‍കിപ്പിച്ച് പ്രായാധിക്യവും ആരോഗ്യ പ്രശ്‌നവും ഉയര്‍ത്തി കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാനുളള നീക്കമാണ് നടക്കുന്നത്.

കുഞ്ഞനന്തനു ശിക്ഷായിളവു നല്‍കാന്‍ ജയില്‍ ഉപദേശക സമിതി മാസങ്ങള്‍ക്ക് മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുഞ്ഞനന്തനും കെ.സി. രാമചന്ദ്രനുമടക്കം ടിപി വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് ശിക്ഷായിളവു നല്‍കാനായി ജയില്‍ വകുപ്പു തയ്യാറാക്കിയ പട്ടിക വിവാദമായിരുന്നു. വിവാദമായതോടെ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. 

സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് ഈ പട്ടിക ഗവര്‍ണര്‍ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച 739 പേരുടെ പട്ടികയില്‍ ടിപി കേസിലെ പ്രതികളുടെ പേരുണ്ടായിരുന്നില്ല. 

ഒന്നിച്ചുള്ള പട്ടികയില്‍ ടിപി വധക്കേസിലെ പ്രതികളെ ഉള്‍പ്പെടുത്തിയാല്‍ അത് ചര്‍ച്ച ചെയ്യപ്പെടുമെന്നതിനാല്‍ ഓരോരുത്തര്‍ക്കായി ശിക്ഷായിളവു നല്‍കാനുളള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് കുഞ്ഞനന്തന്റെ മാത്രം പേര് ശിക്ഷയിളവിനായി നിര്‍ദ്ദേശിച്ചത്. 

കേസില്‍ 13-ാം പ്രതിയായ കുഞ്ഞനന്തന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റതിനു ശേഷം മിക്ക സമയത്തും പരോളിലാണ്.

കഴിഞ്ഞ സമ്മേളനത്തിന് ശേഷം കുഞ്ഞനന്തനെ വീണ്ടും പാനൂര്‍ ഏരിയകമ്മറ്റിയില്‍ സിപിഎം നിലനിര്‍ത്തിയിരുന്നു. ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പരോളിലിറങ്ങിയപ്പോഴെല്ലാം ഇയാള്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു.  കണ്ണൂരില്‍ സിപിഎം നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനായിരുന്ന കുഞ്ഞനന്തന്‍ ടിപി കേസില്‍ പിടിയിലാവുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.