തിരുവമ്പാടി ശിവസുന്ദറിന് വിട

Sunday 11 March 2018 9:46 am IST
"undefined"

തൃശൂര്‍: ആനപ്രേമികളുടെ മനംകവര്‍ന്ന കേരളത്തിലെ അഴകൊത്ത ആന തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു. ദഹനപ്രക്രിയ നിലച്ച് പിണ്ഡം പുറത്തേക്ക് വരാത്ത എരണ്ടക്കെട്ട് രോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ 67 ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ പുര്‍ച്ചെ മൂന്ന് മണിയോടെ ചരിയുകയായിരുന്നു. 

തൃശൂര്‍ ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തിനു സമീപത്തെ പറമ്പില്‍ ആനപ്രേമികളും നാട്ടുകാരും ഉത്സവാഘോഷ കമ്മിറ്റിക്കാരുമെല്ലാം അന്ത്യോപചാരമര്‍പ്പിച്ച ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ കോടനാട്ടേക്ക് കൊണ്ടുപോയി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ സംസ്‌കാരം. 

തൃശൂര്‍ പൂരത്തിന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് ശിവസുന്ദറായിരുന്നു. നിലംതൊട്ടിഴയുന്ന മനോഹരമായ തുമ്പിക്കൈ, എഴുത്താണിപോലെ ലക്ഷണമൊത്ത വാല്‍, വിരിഞ്ഞ മസ്തകം, പതിനെട്ട് നഖങ്ങള്‍, ഉയര്‍ന്ന വായുകുംഭം, ഗംഭീരമാര്‍ന്ന ഉടല്‍, പത്തടി ഉയരം... തുടങ്ങി എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ആനകളില്‍ പ്രമുഖനായിരുന്നു തിരുവമ്പാടി ദേശത്തിന്റെ ശിവസുന്ദര്‍. 2003 ഫെബ്രുവരി 15നാണ് ശിവനെ തിരുവമ്പാടി കണ്ണനു മുന്നില്‍ പ്രവാസി വ്യവസായിയായ ടി.എ. സുന്ദര്‍മേനോന്‍ നടയ്ക്കിരുത്തിയത്. 

കോടനാട്ടെ ആനക്കൂട്ടില്‍ നിന്ന് തൃശൂര്‍ സ്വദേശി ഫ്രാന്‍സിസ് പൂക്കോടനാണ് ആനയെ ലേലത്തിലെടുത്തത്. അന്നു മുതല്‍ പൂക്കോടന്‍ ശിവനായി. പൂരത്തിന് തിരുവമ്പാടിയുടെ തിടമ്പേറ്റിയിരുന്ന തിരുവമ്പാടി ചന്ദ്രശേഖര്‍ ചരിഞ്ഞപ്പോള്‍, തട്ടകക്കാര്‍ നടത്തിയ അന്വേഷണമാണ് പൂക്കോടനെ തിരുവമ്പാടി ശിവസുന്ദറാക്കിയത്. 28 ലക്ഷം രൂപയെന്ന മോഹവിലയ്ക്കാണ് 2003ല്‍ സുന്ദര്‍മേനോന്‍ തിരുവമ്പാടിക്കായി ആനയെ വാങ്ങിയത്. അതിനു ശേഷം തൃശൂര്‍ പൂരത്തിനു മാത്രമല്ല, കേരളത്തിലങ്ങോളമുള്ള ഉത്സവങ്ങള്‍ക്കെല്ലാം ശിവസുന്ദര്‍ അവിഭാജ്യഘടകമായി.

2007ല്‍ കോട്ടയം പൊന്‍കുന്നം ഇളങ്ങുളം ഗജരാജസംഗമത്തില്‍ കളഭകേസരിപട്ടം, 2008ല്‍ പട്ടത്താനം സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് മാതംഗകേസരിപട്ടം അടക്കം നിരവധി ബഹുമതികള്‍ ശിവസുന്ദറിനെ തേടി എത്തിട്ടുണ്ട്. 

 

മന്ത്രിമാര്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക രംഗങ്ങളിലെ പ്രമുഖര്‍, വിവിധ ഉത്സവാഘോഷ കമ്മിറ്റിക്കാര്‍, പോലീസ്-ഉദ്യോഗസ്ഥ മേധാവികള്‍ അടക്കം വന്‍ ജനാവലിയാണ് ശിവസുന്ദറിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആനപ്രേമികളും തൃശൂരിലെത്തി. തിരുവമ്പാടിയുടെ ഗജവീരന്മാരും തങ്ങളുടെ ചക്രവര്‍ത്തിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.