ശരണംമുകളില്‍ കുടിവെള്ളത്തിന് ശരണം വിളി

Sunday 11 March 2018 12:45 pm IST

 

പത്തനാപുരം: ശരണംമുകളുകാര്‍ ശരണം വിളിക്കുന്നത് ഒരിറ്റുവെള്ളത്തിനുവേണ്ടിയാണ്. വേനലിന്റെ ദുരിതകാലം അവര്‍ക്ക് നല്‍കിയത് പുതിയപാഠങ്ങള്‍. പദ്ധതിവാഗ്ദാനങ്ങളും നിവേദനങ്ങളും എല്ലാം പാഴായപ്പോല്‍ അവര്‍ സംഘബലത്തില്‍ ശരണം തേടി. 

പരിഹാരം തങ്ങളുടെ കരുത്തിലും ഒത്തൊരുമയിലുമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ശരണംമുകളില്‍ നീരുറവയെത്തുന്നു. തൊഴിലുറപ്പുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ശരണംമുകളിന്റെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടത്തിയ കഠിനപ്രയത്‌നമാണ് ഫലം കാണുന്നത്.

പട്ടാഴി ഗ്രാമപഞ്ചായത്തിലെ ശരണംമുകള്‍ നിവാസികളാണ് വേനലിന്റെ വെല്ലുവിളിയെ മറികടക്കാന്‍ ഒത്തുചേര്‍ന്നത്. കിലോമീറ്റര്‍ അപ്പുറമുളള കല്ലടയാറ്റില്‍ നിന്ന് വെളളം തലച്ചുമടായി കൊണ്ടു വന്നാണ് അവര്‍ എല്ലാ വേനലിലും നിത്യആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

കനാല്‍ ജലവിതരണ സംവിധാനം മേഖലയില്‍ ലഭ്യമല്ലാത്തതിനാല്‍ ഇവിടുത്തെ കൃഷിയിടങ്ങളും വരണ്ടുണങ്ങി. മിക്ക കിണറുകളും വറ്റിവരണ്ടു. പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ വല്ലപ്പോഴും വാഹനങ്ങളില്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും നിത്യാവശ്യത്തിനു പോലും അത് തികയുന്നില്ല.

കുടിവെള്ള പദ്ധതികള്‍ക്ക് പ്രദേശവാസികള്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഉയര്‍ന്ന പ്രദേശമായതിനാല്‍ അതിനും അനുമതിയില്ല. ഈ സാഹചര്യത്തിലാണ് അവര്‍ ഒത്തുചേര്‍ന്ന് കുളം നിര്‍മ്മാണം ആരംഭിച്ചത്. എല്ലാവരുടേയും പിന്തുണയോടെ രാവും പകലും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് കുളം നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്നു. 

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം നാട്ടുകാരും ഒപ്പം ചേര്‍ന്നതോടെ നിര്‍മ്മാണത്തിന്റെ വേഗത കൂടി. നിര്‍മ്മാണത്തിന് സഹായവുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മീനം രാജേഷും ഒപ്പമുണ്ട്. എല്ലാവരുടേയും കഠിനപരിശ്രമത്താല്‍ കുളം നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പ്രദേശ വാസികള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.