ജിന്‍പിങ്ങിന് മരണം വരെ ഭരിക്കാം

Monday 12 March 2018 5:35 am IST

ബീജിങ്: കമ്യൂണിസ്റ്റ് ചൈനയുടെ മുഴുവന്‍ ഏകാധിപത്യ സ്വഭാവവും തുറന്നു കാട്ടി ഷീ ജിന്‍പിങ്ങിന് മരണം വരെ പ്രസിഡന്റായി തുടരാന്‍ അനുമതി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുതവണയില്‍ കൂടുതല്‍ സ്ഥാനത്തിരിക്കാനാവില്ലെന്ന ചട്ടം എടുത്തുമാറ്റുന്നതിനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയുടെ ശുപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചു. ഇതോടെ ഷീ ജിന്‍പിങ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകും. 

ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി. വന്‍ ഭൂരിപക്ഷത്തോടെയാണ് ശുപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചത്. 2964 പേര്‍ ശുപാര്‍ശയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു. രണ്ടുപേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. മൂന്നുപേര്‍ വിട്ടു നിന്നു. കഴിഞ്ഞ ഫെബ്രുവരി 25നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുസംബന്ധച്ച നിര്‍ദേശം പാര്‍ലമെന്റിന് അയച്ചത്. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കഴിഞ്ഞ കോണ്‍ഗ്രസില്‍ ഷീ ജിന്‍പിങിന്റെ തത്ത്വങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത് പാര്‍ട്ടി സ്ഥാപകന്‍ മാവോ സെതൂങിന്റെ തലത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു. ഒക്ടോബറില്‍ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജിന്‍പിങ് തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചതുമില്ല. ജിന്‍പിങ്ങിന്റെ കൈകളിലേക്ക് ഭരണം കേന്ദ്രീകരിക്കുന്നതിന്റെ സൂചനയാണിതെന്ന് അന്നേ ഉറപ്പിച്ചതാണ്.

ഇതിനു പിന്നാലെയാണ് മാവോയെ പോലെ ഷീ ജിന്‍പിങ് ആജീവനാന്ത പ്രസിഡന്റാകുന്നത്. എന്നാല്‍ ഷീ ജിന്‍പിങ് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ കണ്ടെത്തി അധികാര കേന്ദ്രീകരണം നടത്തുകയാണെന്നും ആരോപണമുണ്ട്. 

2013ലാണ് ഷീ ജിന്‍പിങ് ചൈനയുടെ പ്രസിഡന്റായത്. 2023ല്‍ കാലാവധി അവസാനിക്കേണ്ടതാണ്. എന്നാല്‍ 14 വര്‍ഷത്തിനിടെ ചൈനയില്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ ഭേദഗതിയിലൂടെയാണ് ജിന്‍പിങ്ങിനെ ഒരേയൊരു പ്രസിഡന്റായി അവരോധിക്കുന്നത്. 

ഇനി ഭരണത്തിലും പാര്‍ട്ടിയും ജിന്‍പിങ്ങിന് എതിരാളികള്‍ ഇല്ല. പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍, സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നീ മൂന്നു പദവികളും വഹിക്കുന്നുണ്ട്. ജിന്‍പിങിനെതിരെ ഉണ്ടാകുന്ന എല്ലാത്തരം നീക്കങ്ങളും പാര്‍ട്ടി വിരുദ്ധമായി കണക്കാക്കി, എതിര്‍ ശബ്ദങ്ങളെ അഴിമതിയാരോപണത്തിന്റെ പേരില്‍ അടിച്ചമര്‍ത്തുകയാണെന്നും ആക്ഷേപമുണ്ട്. 

ചൈനയുടെ ഏകാധിപതിയാകാന്‍ ഒരുങ്ങുന്ന ഷീ ജിന്‍പിങ് അഞ്ചുവര്‍ഷത്തിനിടെ ശിക്ഷിച്ചത് 100 മന്ത്രിമാരെയാണ്. 2013-17 കാലഘട്ടത്തില്‍ കോടതികളില്‍ 1.95 ലക്ഷം അഴിമതിക്കേസുകള്‍ പരിഗണിച്ചതില്‍ 2.63 ലക്ഷം പേരെ കുറ്റക്കാരായി കണ്ടെത്തി. ഇതില്‍ 101 പേര്‍ പ്രാദേശിക-ദേശീയ ഭരണകൂടങ്ങളിലെ മന്ത്രിമാരാണ്. ചൈനീസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സു കിയാങ് പാലമെന്റിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.