കായലില്‍ ഉപ്പിന്റെ സാന്ദ്രതയേറി; വീടുകള്‍ തകര്‍ച്ചയില്‍

Monday 12 March 2018 1:02 am IST

 

പൂച്ചാക്കല്‍: ജലാശയങ്ങളില്‍ ഉപ്പിന്റെ സാന്ദ്രത വര്‍ധിച്ചതോടെ തീരമേഖലയിലെ വീടുകള്‍ തകര്‍ച്ചാ ഭീഷണിയിയില്‍. വേമ്പനാട്, കൈതപ്പുഴ കായലുകളുടെ തീരപ്രദേശത്തെ വീടുകളാണ് ഓരുകാറ്റേറ്റ് നശിക്കുന്നത്. 

 ശക്തമായ വേലിയേറ്റം മൂലം കടല്‍വെള്ളം കായലിലേക്കു കയറിയതോടെ ജലാശങ്ങളില്‍ ഓരിന്റെ കാഠിന്യം കൂടിയതാണ് വീടുകള്‍ നശിക്കുന്നതിന് കാരണമാകുന്നത്. കായലില്‍നിന്നുള്ള ഉപ്പുകാറ്റ് പതിവായി ഏല്‍ക്കുന്നതോടെ വീടുകളുടെ ഭിത്തി നിറം മങ്ങുകയും ക്രമേണ ദ്രവിച്ച് തകരുകയുമാണ്. ചിലയിടങ്ങളില്‍ ഭിത്തിക്ക് വിള്ളല്‍ സംഭവിക്കുന്നുണ്ട്. 

  മേഖലയിലെ നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണതായും ഉപ്പിന്റെ അംശം ഏറുന്നതാണ് ഇതിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. വേലിയേറ്റം ശക്തമാകുമ്‌ബോള്‍ ചില മേഖലകളില്‍ വീടുകളിലേക്ക് ഓരുവെള്ളം കയറുന്നത് പതിവാണ്. 

  വീടിന്റെ അടിത്തറ തകരുന്നതിനൊപ്പം മണ്ണൊലിപ്പ് രൂക്ഷമാകുന്നതിനും ഇതു കാരണമാകുന്നുണ്ട്. മുന്‍കാലങ്ങളില്‍ വേലിയേറ്റം രൂക്ഷമാകുമ്പോള്‍ വീടുകളില്‍ വെള്ളം കയറുന്നത് തടയാന്‍ അധികൃതര്‍ മണല്‍ ഇറക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇത്തരം നടപടികള്‍ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

 തീരത്തിന്റെ സംരക്ഷണത്തിനായി നിര്‍മിച്ച ഭിത്തികള്‍ പലഭാഗത്തും തകര്‍ന്ന നിലയിലാണ്. ഇതാണ് ഓരുവെള്ളം കരപ്രദേശത്ത് ഇരച്ചുകയറുന്നതിന് കാരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.