വി മുരളീധരന്‍ രാജ്യസഭയിലേക്ക്

Sunday 11 March 2018 8:56 pm IST
വി മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കും. മഹാരാഷ്ട്രയില്‍ നിന്നാകും രാജ്യസഭയിലേക്ക് മത്സരിക്കുക.
"undefined"

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ രാജ്യസഭയിലേക്ക്. മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന അദ്ദേഹം തിങ്കളാഴ്ച മുംബൈയിലെത്തി നാമനിര്‍ദ്ദേശ പത്രിക നല്‍കും. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റ് അംഗമാകുന്ന നാലാമത്തെയാളാണ് വി.മുരളീധരന്‍. കേരളാ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായ രാജീവ്ചന്ദ്രശേഖര്‍ വീണ്ടും രാജ്യസഭയിലേക്ക് കര്‍ണ്ണാടകയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. 

വി. മുരളീധരനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ഇന്നലെയാണ് തീരുമാനിച്ചത്. എബിവിപി പ്രവര്‍ത്തനത്തിലൂടെ പൊതു പ്രവര്‍ത്തനത്തിലെത്തിയ മുരളീധരന്‍ സര്‍ക്കാര്‍ ഉദ്യോഗം രാജിവച്ചാണ് എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. 1983 മുതല്‍ പതിനൊന്നു വര്‍ഷം എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 87 മുതല്‍ മൂന്ന് വര്‍ഷം അഖിലേന്ത്യാ സെക്രട്ടറിയായും 1994 മുതല്‍ രണ്ടുവര്‍ഷം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായി. 1998ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സെന്‍ട്രല്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിച്ചിരുന്ന എം. വെങ്കയ്യ നായിഡുവിന്റെ സഹായിയായി മുരളീധരനുമുണ്ടായിരുന്നു.

 വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 1999മുതല്‍ 2002വരെ നെഹ്രു യുവകേന്ദ്രയുടെ വൈസ്‌ചെയര്‍മാനായി.  2002മുതല്‍ 2004വരെ അതിന്റെ ഡയറക്ടര്‍ ജനറലുമായി. പിന്നീട് ബിജെപി എന്‍ജിഒ സെല്ലിന്റെയും പരിശീലനവിഭാഗത്തിന്റെയും ദേശീയ കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2006ലാണ് അദ്ദേഹം ബിജെപി കേരളഘടകത്തിന്റെ വൈസ്പ്രസിഡന്റാകുന്നത്. 2010ല്‍ സംസ്ഥാന അധ്യക്ഷപദമേറ്റ മുരളീധരന്‍ ആസ്ഥാനത്ത് ആറുവര്‍ഷം തുടര്‍ന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനോട് ചെറിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റു ബിജെപി സ്ഥാനാര്‍ത്ഥികള്‍; സരോജ് പാണ്ഡെ(ഛത്തീസ്ഗഡ്), അനില്‍ ബലൂനി(ഉത്തരാഖണ്ഡ്), കിരോരി ലാല്‍ മീന(രാജസ്ഥാന്‍), മദന്‍ലാല്‍ സായിനി(രാജസ്ഥാന്‍), നാരായണ്‍ റാണെ(മഹാരാഷ്ട്ര), റിട്ട. ലെഫ്. ജനറല്‍ ഡിപി വത്സ്(ഹരിയാന), അജയ് പ്രതാപ് സിങ്ങ്(മധ്യ പ്രദേശ്), കൈലാഷ് സോണി(മധ്യ പ്രദേശ്), അശോക് ബാജ്പയ്(ഉത്തര്‍ പ്രദേശ്), വിജയ് പാല്‍ സിങ്ങ് തോമര്‍(യുപി), ശകല്‍ ദീപ് രജ്ഭാര്‍(യുപി), കാന്താ കര്‍ദം(യുപി), ഡോ അനില്‍ ജെയിന്‍(യുപി), ജിവിഎല്‍ നരസിംഹറാവു(യുപി), ഹര്‍ണാത് സിങ്ങ് യാദവ് (യുപി), സമീര്‍ ഉരണ്‍വ്(ഝാര്‍ഖണ്ഡ്). എല്ലാ നിയമസഭകളിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ എല്ലാവരും രാജ്യസഭയില്‍ എത്തുമെന്നുറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.