മഹാത്മാക്കളുടെ പാത പിന്തുടരുക

Monday 12 March 2018 2:05 am IST

തൈത്തിരീയോപനിഷത്ത്-15

ശിഷ്യാനുശാസനം തുടരുന്നു

അഥ യദി തേ കര്‍മ്മ വിചികിത്സാ വാ വൃത്ത വിചികിത്സാ വാ സ്യാത്. യേ തത്ര ബ്രാഹ്മണാ: സം മര്‍ശിന: യുക്താ ആയുക്താ: അലൂക്ഷാ ധര്‍മ്മകാമാ: സ്യു: യഥാ തേ തത്ര വര്‍ത്തേരന്‍. തഥാ തത്ര വര്‍ത്തേഥാ : അഥാഭ്യാഖ്യാതേഷു. ഏഷ ആദേശ: ഏഷ ഉപദേശ: ഏഷാ വേദോപനിഷത്. ഏതദനുശാസനം. ഏവമു പാസിതവ്യം. ഏവമു ചൈതദുപാസ്യം.

ശ്രുതി, സ്മൃതി അനുസരിച്ചതുള്‍പ്പടെയുള്ള കര്‍മ്മങ്ങളിലോ ആചാരത്തിലോ  ഇനി നിനക്ക് സംശയം ഉണ്ടാവുകയാണെങ്കില്‍ അവിടെയുള്ള വിചാരശീലന്‍മാരായവരും. നിത്യ നൈമിത്തിക കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവരും മറ്റുള്ളവരാല്‍ പ്രേരിപ്പിക്കപ്പെടാത്തവരും ക്രൂര സ്വഭാവമില്ലാത്തവരും ധാര്‍മ്മികരുമായ ബ്രാഹ്മണര്‍ എങ്ങനെയാണോ ചെയ്യുന്നത് അതുപോലെ തന്നെ ചെയ്യണം.

ഇനി എന്തെങ്കിലും ദോഷമുണ്ടെന്ന് സംശയിക്കുന്ന ആളുകളുടെ കാര്യത്തിലും അവിടെയുള്ള വിചാരശീലരും പക്വതയുള്ളവരും മറ്റുള്ളവരുടെ പ്രേരണക്ക് വശംവദരാകാത്തവരും ക്രൂരതയില്ലാത്തവരും ധര്‍മ്മിഷ്ഠന്‍മാരുമായ ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്നതു പോലെ വര്‍ത്തിക്കണം.

  ഇത് ആദേശം അഥവാ വിധിയാകുന്നു.ഇത് ഉപദേശമാകുന്നു.ഇത് വേദോപനിഷത്താണ് അല്ലെങ്കില്‍ വേദരഹസ്യമാണ്. ഇത് അനുശാസനമാണ്, എന്നു വച്ചാല്‍ ഈശ്വര വചനമാണ്. ഇപ്രകാരം ഉപാസിക്കേണ്ടതാണ്. ഉപാസിക്കേണ്ടതു തന്നെയാകുന്നു.

   'സത്യം വദ... ' മുതല്‍ 'വര്‍ത്തേഥാ: ' വരെ പറഞ്ഞ അനുശാസനം  ആചാര്യന്‍, അച്ഛന്‍ തുടങ്ങിയവര്‍ ശിഷ്യര്‍ക്കോ മക്കള്‍ക്കോ നല്‍കുന്ന ഉപദേശമാണ്. ഇതിനെ വേണ്ട വിധത്തില്‍ ഉള്‍ക്കൊണ്ട് പാലിക്കുക വേണം.  നമ്മുടെ ചുമതലകളെക്കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും ആചാരങ്ങളെ സംബന്ധിച്ചും  പല സംശയങ്ങളുണ്ടാകും. ഇത്തരം അവസരങ്ങളില്‍ മഹാത്മാക്കളായ ആളുകളുടെ പാതയെ പിന്തുടരണം. അവര്‍ എങ്ങനെ പെരുമാറുന്നുവെന്ന് നോക്കി അതുപോലെ പെരുമാറണം. നാം മാതൃകയാക്കുന്നവര്‍ 

നന്നായി ചിന്തിക്കുന്നവരും കര്‍മ്മം ചെയ്യുന്നതില്‍ താല്പര്യമുള്ളവരുമാകണം. സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്നവരും ക്രൂരതയില്ലാത്തവരും ധാര്‍മ്മിക ജീവിതം നയിക്കുന്നവരുമാകണം.

ബ്രാഹ്മണര്‍ എന്ന് പറഞ്ഞത് ജാതിയെയല്ല. ശ്രേഷ്ഠതയെയാണ്. ദോഷ ആരോപണത്തിന് വിധേയരായവരോട് എങ്ങനെ പെരുമാറും എന്നതിനും  മഹത്തുകളായവര്‍ തന്നെയാണ് മാതൃക. അവര്‍ ചെയ്യുന്നതു പോലെ ചെയ്യക.മഹാന്‍മാരുടെ വാക്കും പ്രവൃത്തിയുമാണ് ഏത്  സന്ദിഗ്ദ്ധ ഘട്ടത്തിലും നമുക്ക് സ്വീകരിക്കാവുന്നത്.

   ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതായതിനാലാണ് വേദ രഹസ്യമെന്നും ഈശ്വരവചനമെന്നും മഹാത്മാക്കളുടെ നിര്‍ദ്ദേശമെന്നുമെല്ലാം പറഞ്ഞത്. ധാര്‍മ്മിക ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഈ അനുശാസനം.ഇവ ജീവിതത്തില്‍ പകര്‍ത്തുക തന്നെ വേണം. അതാണ് ശരിയായ ഉപാസന. ആദരത്തിനെ കാണിക്കാനാണ് രണ്ടു തവണ പറഞ്ഞത്.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ

ആചാര്യനാണ് ലേഖകന്‍ 

ഫോണ്‍ 9495746977)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.