ഭഗവാനിലേക്ക് സര്‍വവും സമര്‍പ്പിക്കുക

Monday 12 March 2018 2:15 am IST

''തദര്‍പിതാഖിലചാരസന്‍ 

കാമക്രോധാഭിമാനാദികം

തസ്മിന്നേവ കരണീയം''

യഥാര്‍ത്ഥ ഭക്തന്‍ എല്ലാ കര്‍മ്മങ്ങളും ഭഗവാനിലേക്ക് അര്‍പ്പിച്ചതാണ്, ആയിരിക്കണം. ആ ഭക്തന്‍ കാമം, ക്രോധം, അഭിമാനം ഇത്യാദി മനോവൈകല്യങ്ങളെയും തുടക്കം മുതല്‍ക്കുതന്നെ ഭഗവാനിലേക്ക് തിരിച്ചുവിടുക തന്നെ വേണം. അത് ഭക്തന്റെ കടമയാണ്.

കായേന വാ ചാ മനസേന്ദ്രിയൈര്‍വാ

ബുദ്ധ്യാത്മനാ വാ പ്രകൃതേസ്വഭാവാല്‍

കരോമിയസ്മദ് സകലംപരസ്‌മൈ

നാരായണായേതി സമര്‍പ്പയാമി

എന്ന് എല്ലാ കര്‍മങ്ങളും ഭഗവാനിലേക്ക് അര്‍പിക്കണം.

കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം ഇത്യാദി വികാരങ്ങള്‍ മനസ്സിന്റെ സ്വാഭാവികമായ പ്രകൃതമാണ്. എത്രയൊക്കെ നിയന്ത്രിച്ചാലും ചില ഘട്ടങ്ങളില്‍ ഈ വികാരങ്ങളിലേതെങ്കിലും മനസ്സില്‍ ഉയര്‍ന്നുവരും.

എന്നാല്‍ മനസ്സ് ലൗകികതയില്‍ വ്യാപൃതമാകാനിടവന്നാല്‍ നമ്മുടെ സാധനാചര്യകളെല്ലാം ക്രമേണ തളരാനിടവന്നേക്കും. ആ സാധ്യതയുംകൂടി കണക്കിലെടുത്ത് ഭക്തര്‍ ആ വക വൈഷമ്യങ്ങളേയും തുടക്കത്തില്‍ തന്നെ ഭഗവാന്റെ തൃപ്പാദത്തിലേക്ക് അര്‍പ്പിക്കണം.

അതുതന്നെയാണ് ജീസസു പറഞ്ഞതിന്റെയും സാരമെന്നോര്‍ക്കുക. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കല്‍ വരിക. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ലൗകികമായ വാസനകള്‍ യഥാര്‍ത്ഥത്തില്‍ മനസ്സിന്റെ ഭാരം തന്നെയാണ്. അവ മനസ്സിന്റെ മാലിന്യങ്ങളാണ്. എവിടെപ്പോകുമ്പോഴും ഈ മാലിന്യഭാരങ്ങളും ചുമന്നുകൊണ്ടു നടക്കുന്ന മനുഷ്യന്റെ അവസ്ഥ ഏറെ ദുഷ്‌കരമാണ്. അതിനാല്‍ ആ മാലിന്യങ്ങളെയും ഒഴിവാക്കപ്പെട്ടേണ്ടതാണ്. എവിടെയാണ് അവ ഉപേക്ഷിക്കുക. അതിനുള്ള സങ്കേതം എവിടെയാണ്.

എല്ലാം സമര്‍പ്പിക്കാവുന്ന സ്ഥലം ഭഗവാന്‍ തന്നെയാണ്. അവിടെ നമ്മുടെ തിന്മ മാത്രമായി സമര്‍പ്പിക്കുന്ന അവസ്ഥയാകരുത് നന്മയും സമര്‍പ്പിക്കണം. എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അതൊക്കെ ഞാന്‍ ചെയ്തത്, എന്തെങ്കിലും തിന്മയുണ്ടെങ്കില്‍ അത് ഭഗവാന്‍ ചെയ്യിച്ചത്, ഭഗവാന് തന്നെ തിരിച്ചിരിക്കട്ടെ എന്ന ഭാവമാകരുത്. നന്മയും തിന്മയുമെല്ലാം ഭഗവാനിലേക്ക് സമര്‍പ്പിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.