ആര്‍എസ്എസ് സൃഷ്ടിക്കുന്ന അദ്ഭുതങ്ങള്‍

Monday 12 March 2018 2:25 am IST
1.7 ലക്ഷം സേവാപദ്ധതികള്‍ ഭാരതത്തിലുടനീളം ആര്‍എസ്എസ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. ആശുപത്രികള്‍, നേത്രബാങ്കുകള്‍ തുടങ്ങിയവയിലൂടെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും സേവനനിരതമായിരിക്കുന്ന സംഘടന ഒരുപക്ഷേ ആര്‍എസ്എസ് മാത്രമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും സ്വാധീനിച്ച വ്യക്തി ഡോക്ടര്‍ജിയാണ്. തങ്ങളുടേതായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകമനേകം വ്യക്തികളുടെ കാര്യത്തിലും അങ്ങനെതന്നെ. ദേശീയ ജീവിതത്തിന്റെ ഏതു മേഖലയേയും ഒന്നെടുത്തു നോക്കൂ. ഡോക്ടര്‍ജിയാല്‍ പ്രഭാവിതനായ ഒരാളെയെങ്കിലും നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയും.
"undefined"

ഒരു സുഹൃത്തിന്റെ മകന്റെ ഉപനയന ചടങ്ങുമായി ബന്ധപ്പെട്ട് ഞാന്‍ ഈയിടെ നാഗ്പൂരില്‍ പോയിരുന്നു. ആഭാജി ദത്തെയുടെ ഓര്‍മ്മയ്ക്കായി നാഗ്പൂരില്‍ ആരംഭിച്ച നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് കൂടുതലറിയാന്‍ ഇത്തവണ എനിക്കവസരം ലഭിച്ചു. രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ സുഹൃത്തും സഹായിയും ഡോക്ടറുമായിരുന്നു ദത്തെ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ശില്‍പിയും ചുമതലക്കാരനുമായ ശൈലേഷ് ജോഗ്‌ലേക്കറുടെ കൂടെ ഞാന്‍ ആ സ്ഥാപനം സന്ദര്‍ശിച്ചു. ഇന്ത്യയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഏറ്റവും മുന്‍നിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒന്നാണിത്. യാത്രിനിവാസ് നഴ്‌സിങ് കോളജ്, ഹോസ്റ്റല്‍ ഉദ്യോഗസ്ഥന്മാര്‍ക്കുള്ള താമസസൗകര്യങ്ങള്‍, എഞ്ചിനീയറിങ് സര്‍വീസ് ബ്ലോക്ക് അങ്ങനെ എല്ലാവിധ സൗകര്യങ്ങളോടും കൂടി 700000 ചതുരശ്ര അടിയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട്. ശരിക്കും എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന സംരംഭമാണിത്.

സ്വപ്‌നം അതിബൃഹത്തായത്. അതിനായുള്ള പരിശ്രമമോ അതിലും ഉയര്‍ന്ന നിലയിലുള്ളത്. ദേവേന്ദ്ര ഫഡ്‌നാവിസും ശൈലേഷ് ജോഗ്‌ലേക്കറുമാണ് ഈ സ്വപ്‌നപദ്ധതിയുടെ അമരക്കാര്‍. രണ്ടുപേരും സുഹൃത്തുക്കളാണ്. ഈ പദ്ധതിയില്‍ മുഴുകാന്‍ ഇടയായതിന് അവരവരുടേതായ അനുഭവങ്ങള്‍ ഉണ്ടുതാനും. ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഫഡ്‌നാവിസിന്റെ പിതാവ് കാന്‍സര്‍ രോഗബാധിതനായിരുന്നു. തന്നാല്‍ കഴിയുന്നവിധം ഏറ്റവും മികച്ച ചികിത്സ നല്‍കാന്‍ ഫഡ്‌നാവിസ് ശ്രമിച്ചു. പക്ഷേ പിതാവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുതിര്‍ന്ന അഭിഭാഷകനായ ശൈലേഷിന്റെ ഭാര്യയെ മരണം കൊണ്ടുപോയതും കാന്‍സറിന്റെ രൂപത്തിലായിരുന്നു. ഇന്ത്യയിലെ സാധാരണക്കാര്‍ കാന്‍സര്‍ ചികിത്സയ്ക്കായി ഒരുപാട് ബുദ്ധിമുട്ടുന്നുവെന്ന് ശൈലേഷിനും ഫഡ്‌നാവിസിനും സ്വാനുഭവങ്ങളിലൂടെ ബോധ്യമായി. കാന്‍സര്‍ ചികിത്സയ്ക്ക് ഒരുപാടു പണം ആവശ്യമുണ്ടിപ്പോള്‍. പാവപ്പെട്ടവര്‍ക്കും താങ്ങാന്‍ കഴിയുന്നതാവണം. ഏറ്റവും മികച്ച ചികിത്സ നല്‍കുകയും വേണം. ഈ ലക്ഷ്യത്തോടെ ഇരുവരും പ്രവര്‍ത്തനമാരംഭിച്ചു. സഹായഹസ്തങ്ങള്‍ എല്ലായിടത്തു നിന്നും എത്താന്‍ തുടങ്ങി. നാഗ്പൂരില്‍ നിന്നുതന്നെയുള്ള നിതിന്‍ ഗഡ്കരി, രത്തന്‍ ടാറ്റ അങ്ങനെ പലരും സഹകരണങ്ങളുമായി രംഗത്തെത്തി.

ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയായി. 1248 രോഗികള്‍ അവിടെ ചികിത്സ നേടുന്നുണ്ട്. 53 അതിവിദഗ്ദ്ധ ഡോക്ടര്‍മാര്‍. ആധുനിക സൗകര്യങ്ങളോടുകൂടിയ യന്ത്ര സംവിധാനങ്ങള്‍ എന്നിവ അവിടെയുണ്ട്. 470 പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് നിലവില്‍ ഉള്ളത്. സ്വജീവിതം സാമൂഹ്യസേവനത്തിന് പൂര്‍ണ സമര്‍പ്പണം ചെയ്ത ഡോ. ആഭാജി ദത്തെയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. 'കര്‍ക്ക് യോദ്ധാക്കള്‍' എന്ന പേരില്‍ ഒരു പദ്ധതി ഈ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. കാന്‍സറിനെതിരെ പൊരുതുന്ന പോരാളികളാണിവര്‍. പ്രതിഭാ സമ്പന്നരായ ചെറുപ്പക്കാരുടെ സംഘമാണിത്. കാന്‍സറിനെ ഉന്മൂലനം ചെയ്യുക ജീവിത ദൗത്യമായി സ്വീകരിച്ചവരാണിവര്‍. കാന്‍സറിനെതിരായ പടയുടെ മുന്നണിയില്‍ ഡോക്ടര്‍മാരാണുള്ളത്. അന്താരാഷ്ട്ര തലത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി നിരന്തരബന്ധം പുലര്‍ത്തി ലോകത്തെവിടെയും നടക്കുന്ന പുത്തന്‍ കണ്ടുപിടുത്തങ്ങളുടെ ഫലം ഇന്‍സ്റ്റിറ്റ്യൂട്ടിലും ലഭ്യമാക്കാനുള്ള ഒരു പശ്ചാത്തലം ഒരുക്കുകയാണ്  'കര്‍ക്ക് യോദ്ധാക്കള്‍'. രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ട പരിചരണങ്ങളെല്ലാം ചെയ്യും. 

കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട നൂതന സൗകര്യങ്ങള്‍ സമ്പന്നരില്‍ മാത്രമൊതുങ്ങാതെ സമൂഹത്തില്‍ എല്ലാ തുറയിലും പെട്ടവരിലേക്കെത്തിക്കുന്ന ശ്രമങ്ങള്‍ ഇവര്‍ നടത്തുന്നു. നഴ്‌സുമാര്‍ക്കുള്ള പരിശീലന പരിപാടികള്‍, ഓങ്കോളജിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ട്രെയിനിങ്, ഗവേഷണം എന്നീ പദ്ധതികള്‍ ആരംഭിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടിന് പരിപാടിയുണ്ട്.

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ (ഡോക്ടര്‍ജി) മുന്നോട്ടുവച്ച പദ്ധതിയുടെ സാക്ഷാത്കാരമാണിത്. ആര്‍എസ്എസ് എന്താണെന്ന് അറിയാനാഗ്രഹിക്കുന്നവര്‍ ഇവിടെ വരണം, കാണണം. സംഘടനയുടെ ആത്മാവിനെ നമുക്കിവിടെ അനുഭവിച്ചറിയാം.

1.7 ലക്ഷം സേവാപദ്ധതികള്‍ ഭാരതത്തിലുടനീളം ആര്‍എസ്എസ് ഏറ്റെടുത്ത് നടത്തുന്നുണ്ട്.  ആശുപത്രികള്‍, നേത്രബാങ്കുകള്‍ തുടങ്ങിയവയിലൂടെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും സേവനനിരതമായിരിക്കുന്ന സംഘടന ഒരുപക്ഷേ ആര്‍എസ്എസ് മാത്രമായിരിക്കും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും സ്വാധീനിച്ച വ്യക്തി ഡോക്ടര്‍ജിയാണ്. തങ്ങളുടേതായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകമനേകം വ്യക്തികളുടെ കാര്യത്തിലും അങ്ങനെതന്നെ. ദേശീയ ജീവിതത്തിന്റെ ഏതു മേഖലയേയും ഒന്നെടുത്തു നോക്കൂ. ഡോക്ടര്‍ജിയാല്‍ പ്രഭാവിതനായ ഒരാളെയെങ്കിലും നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയും.

വൈദ്യസഹായം മുതല്‍ വിദ്യാലയങ്ങളും കലാലയങ്ങളുംവരെ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലാളി സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, വനവാസികളെ സേവിക്കുന്ന പദ്ധതികള്‍ അങ്ങനെ പല പ്രകാരത്തില്‍ ഡോക്ടര്‍ജിയുടെ ദര്‍ശനം പരശ്ശതം യുവാക്കളിലൂടെ സാക്ഷാത്കാരം നേടിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ വിദൂരസ്ഥമായ ഗ്രാമങ്ങളില്‍ പോലും സ്വജീവിതം സമൂഹത്തിനായി സമര്‍പ്പണം ചെയ്ത് യുവാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വനവാസി കല്യാണ്‍ ആശ്രമം വനവാസികള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയാണ്, ഏകദേശം ഇരുപത്തി അയ്യായിരത്തിനടുത്ത് സേവാ പദ്ധതികള്‍ ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്. വനവാസികള്‍ക്കായുള്ള വിദ്യാലയങ്ങള്‍, വൈദ്യസഹായ കേന്ദ്രങ്ങള്‍, സ്ത്രീകള്‍ക്കായുള്ള സ്വയം തൊഴില്‍ പദ്ധതികള്‍, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകള്‍ എന്നിവയെല്ലാം അതില്‍പ്പെടുന്നു. വ്യത്യസ്ത ജാതികള്‍ക്കിടയില്‍നിന്നുള്ള വിവാഹം ഇന്ന് ഏറ്റവും കൂടുതല്‍ നടക്കുന്നത് സംഘകുടുംബങ്ങളിലാണ്. ജാതിവിവേചനം മൂലമുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുള്ള നിശ്ശബ്ദ വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത് സ്വയംസേവകരാണ്. ഉത്തരാഖണ്ഡിലെ ജൗന്‍സര്‍ ബവാറിലെ ക്ഷേത്രത്തിലേക്ക് ദളിതുകളുമായി പ്രവേശനത്തിന് ഞാന്‍ തുനിഞ്ഞപ്പോള്‍ സര്‍വ്വപിന്തുണയും എനിക്ക് നല്‍കിയത്, സംഘത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായ സുരേഷ് ജോഷിയാണ്. സാമൂഹ്യസമരസതയ്ക്കായാണ് നിങ്ങളുടെ ശ്രമമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

സേവാ പ്രവര്‍ത്തനങ്ങളുടെ വലിയ ശൃംഖലയ്ക്ക് നേതൃത്വം നല്‍കിക്കൊണ്ട് സ്വയംസേവകര്‍ പ്രവര്‍ത്തനനിരതരാണ്. ഹോസ്പിറ്റലുകള്‍, രക്തബാങ്കുകള്‍, നേത്രബാങ്കുകള്‍, ദിവ്യാംഗന്മാരെ സഹായിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍, കാഴ്ചശക്തിയില്ലാത്തവര്‍, തലാസിമിയ ബാധിച്ച കുട്ടികള്‍ എന്നിവരുടെയെല്ലാം സേവനത്തിന് സംഘം മുന്നിലുണ്ട്. യുദ്ധമാകട്ടെ, പ്രകൃതിദുരന്തമാകട്ടെ ഹെഡ്‌ഗേവാറിന്റെ പിന്‍തലമുറക്കാര്‍ സേവനവുമായി ആദ്യം ഓടിയെത്തുന്നു. ചാര്‍ങ്കി ദാദ്രി വിമാനാപകടമാവട്ടെ, സുനാമിയാകട്ടെ, ഭുജ്, ഉത്തരകാശി ഭൂകമ്പമാകട്ടെ, കേദാര്‍നാഥ് ദുരന്തമാകട്ടെ ജനങ്ങളെ രക്ഷിക്കാന്‍, അവര്‍ക്ക് സഹായങ്ങളൊരുക്കാന്‍ സ്വയംസേവകര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്.

ബിജെപി ആശയവും ഊര്‍ജ്ജവും ഉള്‍ക്കൊള്ളുന്നത് സംഘത്തില്‍നിന്നാണ്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള ഗ്രാമമാണ് മോറെ. അവിടെ വിദ്യാലയം നടത്തുന്നതും ഗ്രാമവാസികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതും ആരാണ്? ഹെഡ്‌ഗേവാറില്‍ നിന്നും ആവേശമുള്‍ക്കൊണ്ട സംഘ സ്വയംസേവകരാണത് ചെയ്യുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പോര്‍ട്ട്‌ബ്ലെയറിലും വനവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സേവാ പദ്ധതികള്‍ക്കു നേതൃത്വം നല്‍കുന്നതും ഇക്കൂട്ടര്‍ തന്നെയാണ്. വിദ്യാഭാരതി എന്ന ഏറ്റവും വലിയ വിദ്യാലയശൃംഖല നടത്തുന്നത് സംഘമാണ്. 25000 ഓളം വിദ്യാലയങ്ങള്‍ വിദ്യാഭാരതിക്കു കീഴിലുണ്ട്.

ഡോക്ടര്‍ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തെലങ്കാനയിലെ കന്ദകുര്‍ത്തിയില്‍ കഴിഞ്ഞയാഴ്ച ഞാനുണ്ടായിരുന്നു. ഗോദാവരി, ഹരിദ്രാ, മഞ്ജരി എന്നീ നദികളുടെ സംഗമ സ്ഥാനമാണ് ഇവിടം. ഹെഡ്‌ഗേവാര്‍ കുടുംബത്തിന്റെ തറവാട് ഇന്നൊരു സ്മാരകമാണ്. മോറോപന്ത് പിംഗ്ലെയുടെ നേതൃത്വത്തില്‍ തദ്ദേശവാസികളായ സ്വയംസേവകര്‍ 'കേശവ ബാല്‍ ഭാരതി വിദ്യാമന്ദിര്‍' എന്ന വിദ്യാലയം അവിടെ ആരംഭിച്ചിരുന്നു. ഇരുന്നൂറോളം കുട്ടികള്‍ അവിടെ വിദ്യാഭ്യാസം ചെയ്യുന്നുണ്ടിന്ന്. അതിശയകരമെന്നു പറയട്ടെ, വിദ്യാര്‍ത്ഥികളില്‍ 30 ശതമാനത്തോളം കുട്ടികള്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഗ്രാമത്തില്‍ വേറെയും വിദ്യാലയങ്ങളുണ്ട്. 65% മുസ്ലിങ്ങളും 35% ഹിന്ദുക്കളും വസിക്കുന്ന ഗ്രാമമാണത്. ഒരുതരത്തിലുള്ള അസുഖകരമായ സംഭവങ്ങള്‍ക്കും ഇടയാക്കാതെ അമ്പലങ്ങളും പള്ളികളും തൊട്ടുരുമ്മി നില്‍ക്കുന്നുണ്ടവിടെ. സംഘസ്ഥാപകന്റെ പേരിലുള്ള വിദ്യാലയത്തിലേക്കു സന്തോഷത്തോടെ തങ്ങളുടെ മക്കളെ വിടാന്‍ മുസ്ലിം രക്ഷിതാക്കള്‍ തയ്യാറാകുന്നതിന്റെ കാരണമെന്താകാം?

കേശവബാല്‍ ഭാരതി വിദ്യാമന്ദിരത്തിലെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിനെ ഞാന്‍ പരിചയപ്പെട്ടു. ജലീല്‍ ബേഗ് എന്നാണദ്ദേഹത്തിന്റെ പേര്. പത്രപ്രവര്‍ത്തകനാണദ്ദേഹം. മുന്‍സിഫ് എന്ന ഉറുദുവാരികയില്‍ അദ്ദേഹം എഴുതുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വലിയൊരനുഗ്രഹമാണീ വിദ്യാലയമെന്ന് ജലീല്‍ ബേഗ് പറഞ്ഞു. ഉന്നത നിലവാരത്തിലുള്ള അധ്യയനമാണിവിടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ക്ലാസ് സൗകര്യവും അവിടെയുണ്ട്.  ചെറിയ ക്ലാസ് മുതലേ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. ''ഹിന്ദ് ദേശ് കേ നിവാസി, സഭീ ജന് ഏക് ഹേ... രംഗ് രൂപ്, വേഷ് ഭാഷ ചാഹേ അനേക് ഹേ'' എന്ന ഗാനം വളരെ മധുരമായി പാടിയ റാഫിയ എന്ന കൊച്ചുമിടുക്കിയേയും പരിചയപ്പെടാനിടയായി. 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന ആശയം ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്തുതന്നെ ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നത് എത്ര മനോഹരമാണ്.

രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തനനിരതരാകാന്‍, സ്വജീവിതം സമര്‍പ്പിക്കാന്‍ യുവാക്കളെ ഡോ. ഹേഡ്‌ഗേവാര്‍ പ്രേരിപ്പിച്ചു. ശാശ്വതമൂല്യങ്ങള്‍ക്കും ഭാരതസംസ്‌കൃതിയുടെ സംരക്ഷണത്തിനും ധാര്‍മ്മിക പാരമ്പര്യത്തിനും വേണ്ടി അഭിമാനത്തോടെ ധീരതയോടെ സര്‍വ്വദാ ബദ്ധശ്രദ്ധരായി നിലകൊള്ളുന്ന തരത്തില്‍ യുവാക്കളെ സജ്ജരാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സാമൂഹ്യപരിവര്‍ത്തനത്തിനായുള്ള പാത വെട്ടിത്തെളിച്ചവരില്‍ പ്രഥമ ഗണനീയനാണ് ഡോക്ടര്‍ജി. ആര്‍എസ്എസിനെ ഇങ്ങനെ പറയാം- ''റെഡി ഫോര്‍ സെല്‍ഫ്‌ലെസ് സര്‍വീസ്''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.