കണ്ണുതുറന്നാല്‍ നാടിന് നേട്ടം

നിധിയുടെ തീരം പക്ഷേ നിഷ്ഫലം 5
Monday 12 March 2018 2:30 am IST
ചവറ തീരത്ത് കാണപ്പെടുന്ന കരിമണലില്‍ 40.55 ശതമാനം ഇല്‍മനൈറ്റും 12.11 ശതമാനം സിലിമനൈറ്റും 6.8 ശതമാനം റൂട്ടൈലും 1.2 ശതമാനം സിര്‍ക്കോണുമാണ്. ഒരു ശതമാനത്തില്‍ താഴെ മോണോസൈറ്റുമുണ്ട്. ഒരുടണ്‍ കരിമണല്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ ശരാശരി 475 കിലോ ഇല്‍മനൈറ്റും 146 കിലോ സിര്‍കോണും 122 കിലോ സിലിമനൈറ്റും 61 കിലോ റൂട്ടൈലും കിട്ടും.
"undefined"

കെഎംഎംഎല്ലിന്റെ നിലവിലുള്ള സംവിധാനമായ ടോയോ പമ്പിങ് കേവലം മൂന്നുമീറ്റര്‍ ആഴത്തിലുള്ള കരിമണ്ണ് മൈനിങ് ചെയ്യാനേ ഉപകരിക്കൂ. ഇതാണ് മൂന്നുമീറ്ററിന് താഴെയുള്ള മുഴുവന്‍ കരിമണ്ണും നഷ്ടപ്പെടുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം മിനറല്‍ റിക്കവറിപ്ലാന്റ് സ്ഥാപിച്ചാല്‍ ഒരു പ്രദേശത്തെ മുഴുവന്‍ മണ്ണും അത് എത്ര ആഴത്തില്‍ നിന്നായാലും ശേഖരിക്കാനാകും എന്നതും പരീക്ഷിക്കപ്പെടേണ്ടതാണ്. കൂടാതെ ഖനനം ചെയ്ത സ്ഥലം ഉപയോഗശൂന്യമായ വെറും വെള്ളമണല്‍കൊണ്ട് നികത്താനും സാധിക്കും. അങ്ങനെയായാല്‍ പാരിസ്ഥിതികപ്രശ്‌നമോ ജനങ്ങളില്‍ ഭീതിയോ ഉയരില്ല. കോവില്‍ത്തോട്ടത്ത് മത്സ്യത്തൊഴിലാളികള്‍ ഒഴിഞ്ഞുപോകാനായി അവരുടെ ഭൂമിക്ക് നിശ്ചയിച്ച വില 28800 രൂപയാണ്. അതേസമയം, മറുഭാഗത്ത് വെള്ളനാത്തുരുത്തില്‍ ഐആര്‍ഇ നിശ്ചയിച്ച തുക 50000 രൂപയും. ഖനനപ്രദേശം ഏറ്റെടുക്കുമ്പോള്‍ കാട്ടുന്ന ഈ സുതാര്യതക്കുറവാണ് കെഎംഎംഎല്ലിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരാന്‍ കാരണമായത്. 

ചവറ തീരത്ത് കാണപ്പെടുന്ന കരിമണലില്‍ 40.55 ശതമാനം ഇല്‍മനൈറ്റും 12.11 ശതമാനം സിലിമനൈറ്റും 6.8 ശതമാനം റൂട്ടൈലും 1.2 ശതമാനം സിര്‍ക്കോണുമാണ്. ഒരു ശതമാനത്തില്‍ താഴെ മോണോസൈറ്റുമുണ്ട്. ഒരുടണ്‍ കരിമണല്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ ശരാശരി 475 കിലോ ഇല്‍മനൈറ്റും 146 കിലോ സിര്‍കോണും 122 കിലോ സിലിമനൈറ്റും 61 കിലോ റൂട്ടൈലും കിട്ടും. ടൈറ്റാനിയം വ്യവസായത്തിന് ആവശ്യമായ പ്രധാന അയിരാണ് ഇവ. 25 ശതമാനം ഇല്‍മനൈറ്റ് അടങ്ങിയ കരിമണല്‍ ലോകത്ത് മറ്റൊരിടത്തുമില്ല എന്നതാണ് മറ്റൊരു വസ്തുത. ചവറയിലെ കരിമണലില്‍ മാത്രമാണ് 60 ശതമാനം ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയിരിക്കുന്നത്. സിന്തറ്റിക് റൂട്ടൈലും ടൈറ്റാനിയം പിഗ്മെന്റും നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുവാണ് ഇല്‍മനൈറ്റ്. റൂട്ടൈലാകട്ടെ ഇലക്‌ട്രോഡ് വ്യവസായത്തില്‍ അത്യന്താപേക്ഷിതവും. 

കരിമണല്‍ ഖനനം കാരണം പ്രതിവര്‍ഷം 80 മീറ്റര്‍ തീരഭാഗം കടല്‍കയറി നഷ്ടപ്പെടുന്നതായാണ് പരിസ്ഥിതിസംഘടനകളുടെ വാദം. എന്നാലിത് കമ്പനി അധികൃതര്‍ നിഷേധിക്കുന്നുണ്ട്. സ്വാഭാവിക പരിണാമമാണ് കടല്‍കയറ്റമെന്നാണ് മറുവാദം. അശാസ്ത്രീയഖനനം മൂലമാണ് ഇത് സംഭവിക്കുന്നതെന്നും നാട്ടുകാര്‍ക്കിടയില്‍ പരാതിയുണ്ട്. ഗുജറാത്തിലെ 60 ശതമാനം വ്യവസായങ്ങളിലും ഉള്ളടക്കം ടൈറ്റാനിയം ഡയോക്‌സൈഡും കരിമണലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മറ്റ് മൂലകങ്ങളുമാണ്. തമിഴ്‌നാട്ടിലെ മണവാളന്‍കുറിച്ചിയില്‍ നിന്നുള്ള കരിമണലിലുള്ള സിലികോണിന്റെ സാന്നിധ്യത്തേക്കാള്‍ മൂന്നിരട്ടി ചവറയിലെ മണലിനുണ്ടെന്നാണ് പറയപ്പെടുന്നത്. പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന് കരുതി നാം പാഴാക്കി കളയുന്നത് നാടിന്റെ സമ്പദ്ഘടന തന്നെ മാറ്റാനുള്ള സുവര്‍ണാവസരമാണ് എന്നതില്‍ രണ്ട് പക്ഷമില്ല. കരിമണല്‍ എന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയുന്ന ധാതുമണലില്‍ ഇല്‍മനൈറ്റ്, ഗാര്‍നൈറ്റ്, റൂട്ടൈല്‍, ലൂക്കോസിന്‍, സിലിമനൈറ്റ്, നിര്‍കോണ്‍, മോണോസൈറ്റ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ആധുനികലോകത്ത് ടൈറ്റാനിയത്തിന് പങ്കില്ലാത്ത ഒരു വ്യവസായവുമില്ല. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ടൈറ്റാനിയം വേണ്ട രീതിയില്‍ നമുക്ക് പ്രയോജനം ചെയ്തിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. 

ചവറയിലെ സമാനസാഹചര്യത്തിലുള്ള കമ്പനികളെ ഏകോപിപ്പിച്ച് ഇവിടെ പ്രത്യേകവ്യവസായ മേഖലയായി പ്രഖ്യാപിച്ചാല്‍ നാടിന് ഗുണകരമാകും. ഇതിനോടൊപ്പം മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണവും അനുബന്ധ ചെറുകിടവ്യവസായങ്ങളും ആരംഭിക്കുന്നതോടെ നാട്ടുകാര്‍ക്കും പ്രയോജനപ്പെടും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തികമുന്നേറ്റത്തിനും വ്യവസായവല്‍ക്കരണം പ്രധാനമാണ് എന്നറിയാത്ത ഭരണാധികാരികളില്ല. എന്നാല്‍ ചില കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും രാഷ്ട്രീയ ഇടപെടലും അതിന് വിഘാതം സൃഷ്ടിക്കുന്നു. 3000 കോടി രൂപ ചെലവില്‍ 'മേക്ക് ഇന്‍ ഇന്ത്യ'യില്‍പ്പെടുത്തി പ്രത്യേക ടൈറ്റാനിയം വ്യവസായസോണ്‍ എന്ന നിര്‍ദ്ദേശം കെഎംഎംഎല്‍ പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടന ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതില്‍ നടപടിയോ തുടര്‍പ്രവര്‍ത്തനമോ ഇല്ലാത്തത് എത്രമാത്രം ശക്തരാണ് സ്വകാര്യലോബി എന്നതിനും, എന്താണ് സംസ്ഥാനം ഭരിക്കുന്നവരുടെ നയമെന്നതിനും തെളിവാണ്. 

കരിമണല്‍ എന്നത് കനകംതരുന്ന മണലാണ്. സാധാരണക്കാരില്‍ സാധാരണക്കാരന് വരെ ആര്‍ജിക്കാവുന്ന സമ്പത്തിന്റെ നിശ്ശബ്ദമായ സ്രോതസ്സ്. അതിനെ ഒരുവിഭാഗം മാത്രം ചൂഷണം ചെയ്ത് സമ്പന്നരാകുമ്പോള്‍ അര്‍ഹരായ വലിയൊരുജനത പട്ടിണിയില്‍ കഴിയുന്ന വിരോധാഭാസമാണ്. കോടാനുകോടികളുടെ ലാഭം നേടിക്കൊടുക്കുന്ന വ്യവസായത്തെ ഒരുവിഭാഗത്തിന് തീറെഴുതാനുള്ള നീക്കമാണോ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിശ്ശബ്ദതയ്ക്ക് പിന്നിലെന്ന് സംശയിച്ചാല്‍ എങ്ങനെ കുറ്റം പറയാനാകും. ജസ്റ്റിസ് ജോണ്‍മാത്യു കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ.കെ.ആന്റണിസര്‍ക്കാരിന്റെ കാലത്ത് അനുവാദം നല്‍കുകയും ഏറ്റവും ഒടുവില്‍ 2016 ഏപ്രിലില്‍ സുപ്രിം കോടതി വിധിച്ചിട്ടും ഇന്നും സ്വകാര്യമേഖലയിലെ കരിമണല്‍ഖനനം ചവറയില്‍ നടക്കുന്നില്ല. ശക്തമായ ജനകീയപ്രതിഷേധങ്ങളാണ് കാരണം. അതേസമയം, പൊതുമേഖലയില്‍ നിലനിര്‍ത്തി ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും വ്യവസായം ജനോപകാരപ്രദമാക്കുകയോ പൊതു-സ്വകാര്യപങ്കാളിത്ത സമ്പ്രദായത്തില്‍ കൃത്യമായ മേല്‍നോട്ടത്തോടെ വ്യവസായവളര്‍ച്ച നേടുകയോ ചെയ്യേണ്ടതുണ്ട്. ഇതിനൊപ്പം സമീപവാസികള്‍ക്കും ജീവിത നിലവാരം മെച്ചപ്പെടുത്താനും ജില്ലയിലാകെ അനുബന്ധവ്യവസായങ്ങളുടെ പറുദീസ തുറക്കാനും സാധിക്കണം. അതിന് ഇച്ഛാശക്തിയുള്ള ഒരുഭരണകൂടത്തിന്റെയും നട്ടെല്ലുള്ള ഭരണാധികാരികളുടെയും ഇടപെടലാണ് ആവശ്യം.

(അവസാനിച്ചു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.