ഇതിനുള്ള അര്‍ഹത ഇവര്‍ക്കുണ്ടോ?

Monday 12 March 2018 2:35 am IST
"undefined"

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മധു എന്ന വനവാസി യുവാവ് മരിച്ച സംഭവത്തില്‍ നമ്മെ ഭരിച്ചവരും ഇപ്പോള്‍ ഭരിക്കുന്നവരുമായ രാഷ്ട്രീയ നേതാക്കള്‍ ഞെട്ടിയും, അതിനെ അപലപിച്ചും പ്രതികരിച്ചത് പത്രത്തില്‍ കണ്ടു. മനഃസാക്ഷിയുള്ള ഏതൊരാളും ഈ സംഭവത്തില്‍ ഇങ്ങനെയൊക്കെ തന്നെയാണ് പ്രതികരിക്കുക. പക്ഷേ ഇതിനുള്ള അര്‍ഹത ഇവര്‍ക്കുണ്ടോ?

വനവാസികളുടെ ക്ഷേമകാര്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ വര്‍ഷംതോറും കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിക്കാറുണ്ട്. എന്നാല്‍ ഇത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്താറില്ല. എത്തിയിരുന്നെങ്കില്‍ മധുവിന് ആഹാരം മോഷ്ടിക്കേണ്ട സ്ഥിതി വരില്ലായിരുന്നു. ആരാണ് ഇതിന് ഉത്തരവാദി?

അട്ടപ്പാടിയിലെ പാവപ്പെട്ട വനവാസികളുടെ കരളലയിക്കുന്ന കഥകള്‍ എത്രയോ തവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പോഷകാഹാരം ലഭിക്കാത്തതിന്റെ പേരില്‍ വനവാസി ഊരുകളില്‍ മരിച്ചുവീഴുന്ന പിഞ്ചുമക്കളുടെ ദയനീയ കാഴ്ച പുറംലോകത്ത് കാണിച്ചിരുന്നില്ലേ? ആ സമയത്ത് ഭരണകൂടത്തിന്റെ കണ്ണുതുറന്നിരുന്നുവെങ്കില്‍ മധുവിന് ഈ ഗതിവരുമായിരുന്നോ? എന്നിട്ടിപ്പോള്‍ മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടുകയും അപലപിക്കുകയും ചെയ്യുന്നത് ആരെ ബോധ്യപ്പെടുത്താനാണ്? ഇത് വെറും നാടകമായേ ജനം കരുതുകയുള്ളൂ. വനവാസികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവരുടെ ഫണ്ടില്‍നിന്ന് എച്ചില്‍ നക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ഇവിടെ ആവര്‍ത്തിക്കും. അപ്പോഴും ഇതുപോലെ നാടകം കളിക്കേണ്ടിവരും.

കണ്ണോളി സുനില്‍,

തേലപ്പിള്ളി,തൃശൂര്‍

പിന്നാക്കാവസ്ഥ പരിഹരിക്കണമെങ്കില്‍

സാമൂഹികമായ അസമത്വങ്ങള്‍ ഇല്ലാതാക്കുവാനും അവസരസമത്വം ഉറപ്പുവരുത്താനുമായി പ്രത്യേക ജനവിഭാഗങ്ങള്‍ക്കായി നാനാവിധ പദ്ധതികള്‍ സ്വാതന്ത്ര്യാനന്തരം നടപ്പിലാക്കി വരുന്നുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ജാതീയത താഴേത്തട്ടിലുള്ളവരെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിരുന്നതിനാല്‍ അവര്‍ പ്രത്യേക പരിഗണനകള്‍ക്ക് അര്‍ഹരായിരുന്നു. എന്നാല്‍ ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം പുതിയ സാമൂഹിക സാഹചര്യങ്ങളില്‍ ജാതി-മാതാധിഷ്ഠിതമായ പ്രത്യേക പരിഗണനകള്‍ (കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍) പൊതുവിഭാഗത്തെ വിപരീതമായി ബാധിക്കുന്നു. ബാഹ്യമായവയെക്കാള്‍ (ജാതീയത, വംശീയത തുടങ്ങിയവ) ആന്തരികമായതാണ് പിന്നാക്കാവസ്ഥയുടെ പ്രധാന കാരണങ്ങളെന്നത് വ്യക്തമാണെങ്കിലും മുഖ്യധാരാ സമൂഹത്തെയും ഭരണകൂടത്തെയും പഴിക്കുന്നത് ചിലര്‍ തുടരുകയാണ്.

ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവമാണ്  സാമൂഹികമായ പിന്നാക്കാവസ്ഥയുടെ പരമപ്രധാനമായ കാരണമെന്ന് നിസ്സംശയം പറയാം. അവസരങ്ങള്‍ കുറവ് എന്നതിനേക്കാള്‍ ആഭിമുഖ്യക്കുറവ് എന്നതാണ് ശരിയായ വസ്തുത. വിദ്യാലയങ്ങളില്‍ പോകുന്നുണ്ട് എന്നതിനപ്പുറം ക്രിയാത്മകമായി അധ്യയനത്തില്‍ ഏര്‍പ്പെടാന്‍ പലര്‍ക്കും കഴിയാത്തതിന്റെ കാരണമാകട്ടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മാതാപിതാക്കള്‍ വേണ്ടവിധം ഉള്‍ക്കൊള്ളുന്നില്ല എന്നതുമാണ്. 

കുടുംബത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് കൃത്യമായ വരുമാന സ്രോതസ്സ് ആവശ്യമാണ്. ഏതെങ്കിലുമൊരു തൊഴിലില്‍ നിപുണത നേടുകയും, അതിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യണ്ടത് വ്യക്തിയുടെ ഉത്തരവാദിത്വമാണ്. അതിനും മുന്‍പേ കുടുംബജീവിതം ആരംഭിക്കുന്നതും പിന്നാക്കാവസ്ഥയെ ക്ഷണിച്ചുവരുത്തും. കുടുംബാസൂത്രണത്തോടുള്ള വിമുഖതയും പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങളിലൊന്നാണ്. സങ്കുചിത മതചിന്തകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഇത്തരുണത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതും അപലപിക്കപ്പെടേണ്ടതുമാണ്. സാമൂഹികമായ പിന്നാക്കാവസ്ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടത് ആവശ്യമാണ്. ആനുകൂല്യങ്ങളിലൂടെ മാത്രം ഇല്ലാതാക്കാന്‍ സാധിക്കുന്നതല്ല അത്. 

ആഹാരം, ആരോഗ്യം, പാര്‍പ്പിടം എന്നിവ വ്യക്തിയുടെ അവകാശവും ഭരണകൂടത്തിന്റെ ബാധ്യതയുമാകുമ്പോള്‍ സ്വന്തം നിലയ്ക്കുള്ള ഉത്തരവാദിത്വങ്ങള്‍ വ്യക്തികളും നിര്‍വഹിക്കേണ്ടതുണ്ട്. അതുറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍ ആവശ്യമായിരിക്കുന്നു. അല്ലാത്ത പക്ഷം പുരോഗമനാശയങ്ങള്‍ സര്‍വാത്മനാ സ്വീകരിക്കുന്ന മുഖ്യധാരാ സമൂഹത്തെ അപമാനിക്കലാകുമത്. സാമ്പത്തിക സംവരണത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഊര്‍ജ്ജത്തിലൊരംശം സ്വയം തിരുത്താന്‍ ഉപയോഗിച്ചാല്‍ വളരെ നന്നായി. 

കഴിവു തെളിയിച്ചിട്ടും സംവരണത്തിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടമാകുന്ന പൊതുവിഭാഗത്തിന്റെ മാനസികാവസ്ഥയെപ്പറ്റി അല്‍പമെങ്കിലും ചിന്തിക്കാന്‍ എല്ലാവരും ശ്രമിക്കണം. അല്ലാത്തപക്ഷം ഒരു പരീക്ഷ ജയിക്കാന്‍ പല സമുദായങ്ങള്‍ക്ക് പല യോഗ്യതാ മാര്‍ക്കുകള്‍ വേണ്ടുന്ന 'മതേതര' രാജ്യമായി ഭാരതം ഇനിയും കാലങ്ങളോളം തുടരും. പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തായി കുറയ്ക്കാനാലോചിക്കുന്ന 'മതേതര-പുരോഗമന'വാദികള്‍ കേള്‍ക്കുന്നുണ്ടോ ആവോ?

മണികണ്ഠന്‍ എ. ജി, കോതമംഗലം

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.