ഷമിയുമായി ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് ഭാര്യ

Monday 12 March 2018 4:02 am IST

ന്യൂ ദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുമായി ഏത് സാഹചര്യത്തിലും ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് ഭാര്യ ഹസിന്‍ ജഹാന്‍. നാല് വര്‍ഷമായി ഷമിയോട്  താന്‍ ക്ഷമിക്കുകയായിരുന്നു. തെറ്റ് തിരുത്തി തിരികെ വരാന്‍ പല തവണ പ്രേരിപ്പിച്ചെങ്കിലും ഷമി അതിന് തയ്യാറായില്ല. അതിനാല്‍ ഇപ്പോള്‍ എല്ലാം തുറന്ന് പറയാന്‍ തയ്യാറാണെന്നും അവര്‍ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. 

ഷമിയുടെ മൊബൈല്‍ താന്‍ കൈവശപ്പെടുത്തിയില്ലായിരുന്നു എങ്കില്‍ ഇതിനോടകം അയാള്‍ യുപിയിലേക്ക് കടന്നുകളഞ്ഞേനെയെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഷമി അന്വേഷിക്കുന്നുണ്ടെന്നും എല്ലാ തെളിവുകളും നല്‍കിയിട്ടും മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് സംഭവത്തെക്കുറിച്ച്  അന്വേഷിക്കാത്തതെന്നും അവര്‍ ചോദിച്ചു. ഷമി ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖം പുറത്ത് വന്ന് 24 മണിക്കൂറിനുള്ളിലാണ് ഭാര്യയുടെ പ്രതികരണം.സംസാരത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഷമി  അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെയും  മകളുടെയും ഭാവിക്ക് ഒത്തുതീര്‍പ്പ് തന്നെയാണ് നല്ലതെന്നും അതിനായി കൊല്‍ക്കത്തയ്ക്ക് തിരിക്കാന്‍ തയ്യാറാണെന്നും ഷമി പറഞ്ഞു.  

സംഭവം വിവാദമായതോടെ ഷമിയുമായുള്ള കരാര്‍  ബിസിസിഐ റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ ബിസിസിഐയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നന്നായി അന്വേഷിച്ചതിന്  ശേഷമേ അവര്‍ എന്തു തീരുമാനവും കൈക്കൊള്ളു എന്നും ഷമി പറഞ്ഞു. ജാമ്യം ലഭിക്കാത്ത നിരവധി വകുപ്പുകള്‍ ചുമത്തിയാണ്, ഭാര്യയുടെ പരാതിക്കുമേല്‍ കൊല്‍ക്കത്ത പോലീസ് ഷമിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ഷമിക്ക് നിരവധി അവിഹിത ബന്ധങ്ങളുണ്ടെന്നും അയാള്‍ തന്നെ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് വിധേയയാക്കിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഭാര്യ ഹസീന്‍ ജഹാന്‍ കൊല്‍ക്കത്ത പോലീസിന് പരാതി സമര്‍പ്പിച്ചിരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.