റെയില്‍വേയും സൈന്യവും കൈകോര്‍ക്കുന്നു

Monday 12 March 2018 4:30 am IST

ന്യൂദല്‍ഹി: പാക്കിസ്ഥാനും ചൈനയും ഒരുപോലെ ഭീഷണിയാകുന്ന സാഹചര്യത്തില്‍ അതിവേഗത്തിലുള്ള സൈനിക നീക്കത്തിനായി റെയില്‍വേയും സൈന്യവും കൈകോര്‍ക്കുന്നു. രാജ്യത്തിന്റെ പശ്ചിമ ഭാഗത്ത് പാക്കിസ്ഥാനും കിഴക്ക് ഭാഗത്ത് ചൈനയും വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. യുദ്ധമുണ്ടായാല്‍ സൈനികരെ ഇരുഭാഗത്തേക്കും എളുപ്പത്തില്‍ മാറ്റുന്നതിനുള്ള സൗകര്യങ്ങള്‍ റെയില്‍വേയുടെ സഹായത്തോടെ പുരോഗമിക്കുകയാണ്. തന്ത്രപ്രധാന മേഖലകളില്‍ റെയില്‍വേ ലൈനുകളുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഇപ്പോഴുള്ളതിനേക്കാള്‍ വേഗത്തില്‍ സൈനിക ടാങ്കുകളുടെയും യുദ്ധോപകരണങ്ങളുടെയും നീക്കം ഉറപ്പാക്കുകയാണ് ലക്ഷ്യം. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യത്തിനായി റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ചൈനയെ ലക്ഷ്യമിട്ട് അരുണാചല്‍ പ്രദേശിലെ ഭലൂക്‌പോങ്, നാഗാലാന്‍ഡിലെ ദിമാപൂര്‍, അസമിലെ സിലാപത്താര്‍, മിസാമാരി, മുര്‍കോംഗ്‌സെലേക് എന്നിവിടങ്ങളില്‍ പ്രവൃത്തികള്‍ നടക്കുന്നുണ്ട്്. സൈനികാവശ്യത്തിനായുള്ള പ്രത്യേക ട്രെയിനുകളുടെ വേഗം വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമത്തിലാണെന്നും പരീക്ഷണ ഓട്ടം നടക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.  

2001ല്‍ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം 'ഓപ്പറേഷന്‍ പരാക്രം' എന്ന പേരില്‍ പാക്ക് അതിര്‍ത്തിയില്‍ പത്ത് മാസത്തോളം ഇന്ത്യ സൈനികരെ അണിനിരത്തിയിരുന്നു. എന്നാല്‍ ഇതിന് ഒരു മാസത്തോളം സമയമെടുത്തു. അമേരിക്കയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഇടപെടാനും പാക്കിസ്ഥാന് ഒരുങ്ങാനും ഇതിടയാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം മെല്ലപ്പോക്കുകള്‍ ആവര്‍ത്തിക്കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 

തന്ത്രപ്രധാനമായ പതിനാല് റെയില്‍ ലൈനുകള്‍ നേരത്ത കണ്ടെത്തിയിരുന്നു. ഇതില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും കശ്മീരിലെയും നാലെണ്ണത്തിന് കൂടുതല്‍ പ്രധാന്യത്തോടെ പ്രവൃത്തി നടക്കുന്നുണ്ട്. 

നിലവില്‍ ബറ്റാലിയനുകളെ മാറ്റാനും ടാങ്കുകള്‍ മാറ്റുന്നതിനും ട്രെയിനുകള്‍ ഉപയോഗിക്കുന്നതിന് വര്‍ഷത്തില്‍ രണ്ടായിരം കോടി രൂപ സൈന്യം റെയില്‍വേക്ക് നല്‍കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിന് റെയില്‍വേ സ്വന്തം പണം ഉപയോഗിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.