ആര്‍എസ്എസ്സിന്റെ വളര്‍ച്ചയ്ക്ക് അധികാരലബ്ധിയുമായി ബന്ധമില്ല: സുരേഷ് ജോഷി

Monday 12 March 2018 4:40 am IST
"undefined"

നാഗ്പൂര്‍:  ആര്‍എസ്എസ്  പ്രവര്‍ത്തനത്തിന് രാജ്യമെങ്ങും സ്വീകാര്യത വര്‍ധിച്ചതായി സര്‍കാര്യവാഹ് സുരേഷ് ജോഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍കാര്യ വാഹായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം, മൂന്നു ദിവസത്തെ ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭാ തീരുമാനങ്ങള്‍ വിശദീകരിക്കുക യായിരുന്നു അദ്ദേഹം.

92 വര്‍ഷം കൊണ്ട് 60,000 ഗ്രാമങ്ങളില്‍ പ്രവര്‍ത്തനമെത്തിക്കാന്‍ കഴിഞ്ഞത് ഒട്ടനവധി പ്രവര്‍ത്തകരുടെ സമര്‍പ്പണം കൊണ്ടാണ്. പൊതു സമൂഹം സംഘത്തെ അംഗീകരിച്ചു കഴിഞ്ഞു. വിവിധ മേഖലകളിലെ പ്രമുഖര്‍ സംഘത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറാവുന്നു. 

ജാതിമത പ്രാദേശിക വ്യത്യാസങ്ങളില്ലാതെ സര്‍വ്വാത്മനായുള്ള അംഗീകാരമാണ് ആര്‍എസ്എസ്സിനു ലഭിക്കുന്നത്.  ആര്‍എസ്എസ്സിന്റെ വളര്‍ച്ചയ്ക്ക് അധികാരലബ്ധിയുമായി ബന്ധമൊന്നുമില്ല.  സ്വയം സേവകരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടാകുന്നതാണത്.

1975 ല്‍ ആര്‍എസ്എസ്സിനെ നിരോധിച്ചപ്പോള്‍ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥലത്ത് പ്രവര്‍ത്തനം എത്തിക്കാന്‍ കഴിഞ്ഞത് അധികാരത്തെ ആശ്രയിച്ചു കൊണ്ടായിരുന്നില്ല. അധികാരം ലഭിക്കുന്നത് അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ പ്രവര്‍ത്തനം കൊണ്ടാണ്. സമൂഹത്തിലുണ്ടാകുന്ന പരിവര്‍ത്തനം രാഷ്ട്രീയ രംഗത്തും പ്രതിഫലിക്കും, അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. പ്രശ്‌നം കോടതിയുടെ മുമ്പിലാണ്. 

അനുകൂല വിധിയുണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം. ക്ഷേത്ര നിര്‍മ്മാണത്തിന് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ വിജയിച്ചിട്ടില്ലെന്നതാണ് മുന്‍ അനുഭവം. എന്നാല്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. അവരുടെ വേദനകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരുകള്‍ക്ക് നിലനില്‍ക്കാനാവില്ല. കര്‍ണാടകയില്‍ ലിംഗായത്തുകള്‍ ഉന്നയിച്ച ആവശ്യത്തെ അംഗീകരിക്കുന്നില്ല .ഭാരതത്തില്‍ അനേകം വൈവിധ്യങ്ങള്‍ ഉണ്ട്. 

എന്നാല്‍ ഈ വൈവിധ്യങ്ങള്‍ക്കിടയിലെ ഏകതയെ നിരാകരിക്കരുത്. 

ഏകതയെ ബലപ്പെടുത്തകയാണ് വേണ്ടത് അദ്ദേഹം പറഞ്ഞു. ഡോ. മന്‍മോഹന്‍വൈദ്യ, നരേന്ദ താക്കൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മൂന്നു ദിവസത്തെ അഖില ഭാരതീയ പ്രതിനിധി സഭ ഇന്നലെ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.