വസ്തു വില്‍പ്പന: അതിരൂപത പ്രോത്സാഹിപ്പിച്ചത് കള്ളപ്പണമിടപാട്

Monday 12 March 2018 4:55 am IST

കൊച്ചി: വിവാദ വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപത പ്രോത്സാഹിപ്പിച്ചത് കള്ളപ്പണമിടപാട്. കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധിച്ചില്ലായിരുന്നെങ്കില്‍ അതിരൂപതയ്ക്കും കര്‍ദ്ദിനാളിനും ഇത്രയേറെ പ്രതിസന്ധി നേരിടേണ്ടി വരുമായിരുന്നില്ല, ഒരു പുരോഹിതന്റെ നിലപാടാണ് വിവാദമായത്. കള്ളപ്പണക്കാരുമായാണ് അതിരൂപതാ നേതൃത്വം ഇടപാട് നടത്തിയതെന്ന വ്യക്തമായ സൂചനയാണ് പുരോഹിതന്‍ നല്‍കുന്നത്. 

കര്‍ദ്ദിനാളിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ സഭയിലെ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയാണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വാഴക്കാല സെന്റ് ജോസഫ് പള്ളി വികാരി ആന്റണി പൂതവേലിലാണ് വ്യക്തമാക്കിയത്. സഭാസമിതികള്‍ അറിഞ്ഞുകൊണ്ട് നടത്തിയ ഇടപാടുകളുടെ പേരില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ മാത്രം പ്രതിയാക്കാനുള്ള ശ്രമങ്ങളാണ് വിമതരായ പുരോഹിതര്‍ നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

കര്‍ദ്ദിനാള്‍ വിദേശയാത്രയ്ക്ക് പോകുന്ന സമയത്താണ് വസ്തു ഇടപാടുമായി ബന്ധപ്പെട്ട ആധാരങ്ങളില്‍ ഒപ്പുവെച്ചത്. ഫാദര്‍ ജോഷി പുതുവയാണ് രേഖകളുമായി എത്തിയത്. പണം കിട്ടിക്കാണുമെന്ന ധാരണയിലാണ് കര്‍ദ്ദിനാള്‍ രേഖകളില്‍ ഒപ്പുവെച്ചത്. എന്നാല്‍, വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പണം കിട്ടാത്ത കാര്യം കര്‍ദ്ദിനാള്‍ അറിയുന്നത്. 

എന്നാല്‍, നോട്ട് നിരോധനം വന്നതോടെ ഇടനിലക്കാരനായി നിന്ന് സാജു വര്‍ഗീസ് പണം നല്‍കാന്‍ കൂടുതല്‍ സമയം ചോദിച്ചു. ഇത് ജോഷി പുതുവയും കര്‍ദ്ദിനാളും വിശ്വസിച്ചു. 500 രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ കേന്ദ്രം നിരോധിച്ചതോടെ വസ്തു വാങ്ങിയവര്‍ക്ക് പണം നല്‍കാനായില്ല.

ഇതില്‍ നിന്ന് കള്ളപ്പണമിടപാടുകള്‍ക്ക് അതിരൂപതാ നേതൃത്വം ഇതിനുമുമ്പും പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്നത് വ്യക്തമാണ്. അതിരൂപതയുടെ അഴിമതിക്കെതിരെ പോരാടുന്ന പോളച്ചന്‍ പുതുപ്പാറ പോലീസിന് നേരത്തെ നല്‍കിയ പരാതിയില്‍ സഭയുടെ കള്ളപ്പണമിടപാടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഇടതു സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സഭയുടെ വിഷയത്തില്‍ ഇടപെടാനോ കേസെടുക്കാനോ പോലീസ് തയ്യാറായിരുന്നില്ല. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടിരുന്നു. കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കള്ളപ്പണമിടപാടിനെ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളെക്കൊണ്ട് തന്നെ അന്വേഷണം നടത്തണമെന്ന് വിശ്വാസികളില്‍ ചിലരും ആവശ്യപ്പെടുന്നുണ്ട്. 

മെഡിക്കല്‍ കോളേജ് തുടങ്ങാനായി എടുത്ത വായ്പയുടെ കടം തീര്‍ക്കാനാണ് ആദ്യം സഭയുടെ അഞ്ച് വസ്തുക്കള്‍ വിറ്റത്. പിന്നീട് മൂന്നിടങ്ങളിലെ വസ്തുവും വില്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. ഈ ഇടപാടുകളിലെല്ലാം കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.