ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സിഐടിയുകാര്‍ക്കെതിരെ കേസ്

Monday 12 March 2018 4:32 am IST
"undefined"

കോട്ടയം: നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ ഗൃഹനാഥനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സിഐടിയുടെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സിഐടിയു പ്രവര്‍ത്തകരായ സി.കെ. രാജു, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കുമരകം പോലീസ് കേസെടുത്തു. ഇതില്‍ ശ്രീകുമാര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീടുപണിക്ക് എത്തിച്ച സിമന്റ് ഗൃഹനാഥന്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് നോക്കുകൂലി ചോദിച്ചെത്തിയ സിഐടിയുക്കാര്‍ കുമരകം വായിത്ര ആന്റണിയെ ലോറിയില്‍ നിന്ന് വലിച്ചിട്ട് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ കൈ ഒടിഞ്ഞ ആന്റണി (51) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമത്തിനിരയായ ആന്റണി സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവറാണ്.

അക്രമത്തിന് ശേഷം ഇറക്കിയ സിമന്റ് മാറ്റരുതെന്നും സിഐടിയുക്കാര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ലോറിയില്‍ നിന്ന് ഇറക്കിയ സിമന്റ് വഴിയില്‍ തന്നെ കിടക്കുകയാണ്. നോക്കുകൂലി അവസാനിപ്പിക്കുമെന്നും മെയ് ഒന്ന് മുതല്‍ നോക്കുകൂലി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ നോക്കുകൂലി ചോദിച്ച് അക്രമം നടത്തിയത്.

പലകമറ കൊണ്ട് ഉണ്ടാക്കിയ വീട്ടിലാണ് ആന്റണിയും കുടുംബവും കഴിയുന്നത്. പുതിയ വീടിന്റെ നിര്‍മ്മാണത്തിനാണ് 100 ചാക്ക് സിമന്റ് ഇറക്കിയത്. ഇതില്‍ 85 ചാക്ക് സിമന്റ് ആന്റണി തന്നെ ഇറക്കി. സിമന്റ് ഇറക്കുന്നത് കണ്ട സിഐടിയു പ്രവര്‍ത്തകര്‍ നേരത്തേ ഇറക്കിയതിന്റെ കൂലി വേണമെന്ന് ആവശ്യപ്പെട്ടു. വീട്ടാവശ്യത്തിന് സാധനങ്ങള്‍ ഉടമയ്ക്ക് ഇറക്കാമെന്ന് പറഞ്ഞപ്പോള്‍ സിഐടിയു പ്രവര്‍ത്തകര്‍ കാലില്‍ പിടിച്ച് വലിച്ച് പുറത്തേക്ക് ഇടുകയായിരുന്നു. വീഴ്ചയില്‍ കൈ കുത്തി വീണ ആന്റണിയുടെ ഇടതുകൈ വിരലുകള്‍ ഒടിഞ്ഞു. 

നാല് വര്‍ഷം മുമ്പാണ് ആന്റണി വീടു പണി തുടങ്ങിയത്. സാമ്പത്തികപരാധീനത മൂലം പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാറ്റില്‍ പറത്തിയതോടെ സിപിഎം ജില്ലാ നേതൃത്വത്തിന് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. അതേസമയം നോക്കുകൂലി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.