കലാമേളയില്‍ എബിവിപിയുടെ സൗജന്യ ഭക്ഷണം

Monday 12 March 2018 5:05 am IST

കൊച്ചി: എംജി സര്‍വ്വകലാശാല കലോത്സവ നഗരിയില്‍ എത്തുന്നവര്‍ക്ക് എബിവിപിയുടെ വക സൗജന്യ ഉച്ചഭക്ഷണം. ഇന്നലെ 500 പേര്‍ക്കാണ് എബിവിപി പ്രവര്‍ത്തകര്‍ സൗജന്യമായി ഭക്ഷണം നല്‍കിയത്. 

കലോത്സവ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒന്നേകാല്‍ ലക്ഷം രൂപയുടെ സ്റ്റാളൊരുക്കി മേളയ്‌ക്കെത്തുന്നവരില്‍ നിന്ന് പണം വാങ്ങിയാണ് ഭക്ഷണ സാധനങ്ങള്‍ നല്‍കിയത്. സൗജന്യമായി കുടിവെള്ളം വിതരണം ചെയ്തതിന് പിന്നാലെ ഭക്ഷണം കൂടി എബിവിപി നല്‍കിയതോടെ എസ്എഫ്‌ഐയ്ക്ക് കനത്ത തിരിച്ചടിയായി. 

എബിവിപി പ്രവര്‍ത്തകര്‍ പ്രധാന മത്സരവേദിയായ രാജേന്ദ്ര മൈതാനിക്ക് സമീപം കഴിഞ്ഞദിവസം സൗജന്യ കുടിവെള്ള സ്റ്റാള്‍ ഒരുക്കിയിരുന്നു. ഇതില്‍ പ്രകോപിതരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റാളിന് മുന്‍വശം കാര്‍ പാര്‍ക്ക് ചെയ്ത് കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയിരുന്നു. പോലീസ് ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നം പരിഹരിച്ചത്. 

തുടര്‍ച്ചയായി രണ്ടാം ദിവസം സൗജന്യമായി എബിവിപി പ്രവര്‍ത്തകര്‍ കുടിവെള്ളം നല്‍കി. ഒപ്പം, സൗജന്യ ഭക്ഷണവും. കലോത്സവത്തിന് എത്തിയ വിദ്യാര്‍ത്ഥികളും പുറമേനിന്നുള്ളവരും ഭക്ഷണം വാങ്ങി. മഹാരാജാസ് കോളേജിനും രാജേന്ദ്ര മൈതാനിക്കും ഇടയിലായി ഒരു സൗജന്യ കുടിവെള്ള സ്റ്റാള്‍ കൂടി എബിവിപി പ്രവര്‍ത്തകര്‍ തുറന്നു. 

എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് എം. കൃഷ്ണകുമാര്‍ പൊതിച്ചോര്‍ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. എബിവിപി സംസ്ഥാന സഹ സംഘടന സെക്രട്ടറി ആര്‍. അശ്വിന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം വിഷ്ണു സുരേഷ്, സംസ്ഥാന സമിതി അംഗങ്ങളായ അമല കണിച്ചേരി, എസ്. അപര്‍ണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.