സഭാ ഭൂമി ഇടപാട്: മാര്‍ ആലഞ്ചേരി ഒന്നാം പ്രതി

Monday 12 March 2018 2:40 pm IST
സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രിമിനല്‍ കേസെടുക്കും.
"undefined"

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവരും കേസില്‍ പ്രതികളാണ്. 

ആലഞ്ചേരിക്കെതിരെ വിശ്വാസവഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കും കേസെടുക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

മാര്‍ച്ച് ആറിനാണ് കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, കോടതി ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞ് കേസെടുക്കുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു പോലീസ്. ഇതിനെതിരെ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍, കേസ് എടുക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടുകയായിരുന്നു പോലീസ്. 

കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് കെമാല്‍ പാഷയെ കഴിഞ്ഞദിവസം ക്രിമിനല്‍  കേസ് കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍  നിന്ന് മാറ്റിയിരുന്നു. ഇതിനിടെയാണ് പോലീസ് എജിയുടെ ഉപദേശവും തേടിയത്. കര്‍ദ്ദിനാള്‍ തല്‍സ്ഥാനത്തുനിന്ന് പോലീസ് അന്വേഷണം നേരിടണമെന്ന് സഭയിലെ ഒരു കൂട്ടം വികാരിമാരും സഭാ തല അന്വേഷണത്തിന് നേതൃത്വം നല്‍കിയവരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കര്‍ദ്ദിനാളിനെ നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് ഭരണതലത്തില്‍ നിന്നുണ്ടാകുന്നതെന്നാണ് ആരോപണം. കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ പോലീസ് തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് നല്‍കുമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ഷൈന്‍ വര്‍ഗ്ഗീസ് പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.