സുനന്ദയുടെ മരണം കൊലപാതകം

Monday 12 March 2018 2:49 pm IST
വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ അലോക് ശര്‍മ്മ ലീലാഹോട്ടലില്‍ നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളില്‍ സുനന്ദയുടേത് ആത്മഹത്യ അല്ലെന്ന് തെളിഞ്ഞിരുന്നതായി ഡപ്യൂട്ടി കമ്മീഷണര്‍ ബിഎസ് ജെയ്‌സ്വാളിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്ന് അലോക് ശര്‍മ്മ കൊലപാതകം അന്വേഷിക്കാന്‍ സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
"undefined"

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റേത് കൊലപാതകമെന്ന് രഹസ്യ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിവരം ഡിഎന്‍എ ന്യൂസാണ് പുറത്ത് വിട്ടത്. സുനന്ദയുടേത് കൊലപാതകമാണെന്നും ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ആദ്യ മുതല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇത് വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് ഇന്നും സുനന്ദയുടെ മരണം ദുരൂഹമായി നിലനില്‍ക്കുന്നതെന്ന് ഡിഎന്‍എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ അലോക് ശര്‍മ്മ ലീലാഹോട്ടലില്‍ നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളില്‍ സുനന്ദയുടേത് ആത്മഹത്യ അല്ലെന്ന് തെളിഞ്ഞിരുന്നതായി ഡപ്യൂട്ടി കമ്മീഷണര്‍ ബിഎസ് ജെയ്‌സ്വാളിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്ന് അലോക് ശര്‍മ്മ കൊലപാതകം അന്വേഷിക്കാന്‍ സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. സുനന്ദയുടെ മരണകാരണം വിഷം കഴിച്ചത് മൂലമാണെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ മുറിവുകളുണ്ടായിരിക്കുന്നത് ബലപ്രയോഗം നടന്നതിനാലാണെന്നും കുത്തിവയ്ക്കപ്പെട്ടതിന്റേയും പല്ലുകൊണ്ടുണ്ടായതുമായ മുറിവുകള്‍ സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും മരണകാരണം വിഷം ആകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 1 മുതല്‍ 15 വരെ രേഖപ്പെടുത്തിയിരിക്കുന്ന മുറിവുകളും പാടുകളും സുനന്ദ പുഷ്‌കറിന്റെ മരണത്തിന് 12 മണിക്കൂറുകള്‍ക്ക് മുന്‍പോ നാല് ദിവസങ്ങള്‍ക്കിടയിലോ സംഭവിച്ചവയാണ്. അതേസമയം ഇന്‍ജക്ഷന്‍ എടുത്തതിന്റെ പാട് പുതിയതാണ് എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ കണ്ടെത്തിയ പാടുകള്‍ ശശി തരൂരുമായുണ്ടായ മല്‍പ്പിടുത്തത്തില്‍ സംഭവിച്ചതാണ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതായി ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദ പുഷ്‌കറിന്റെയും ശശി തരൂരിന്റെയും സഹായിയായ നരേന്‍ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ കണ്ടെത്തല്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ ദല്‍ഹി റേഞ്ച് പോലീസ് ജോയിന്റ് കമ്മീഷണര്‍ വിവേക് ഗോഗ്യയ്ക്കാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്.

ഈ റിപ്പോര്‍ട്ട് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചു. മരണകാരണം എന്താണെന്ന് കണ്ടെത്തിയിട്ടും പോലീസ് ആ വഴിക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനിരിക്കേ ക്രൈംബ്രാഞ്ചില്‍ നിന്നും കേസ് പിന്‍വലിക്കപ്പെട്ട് വിവേക് ഗോഗ്യയിലേക്ക് തന്നെയെത്തിയെന്ന് ഡിഎന്‍എ വാര്‍ത്തയില്‍ പറയുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു വര്‍ഷത്തോളം വൈകിയതും അന്വേഷണം രണ്ട് വര്‍ഷത്തോളം വൈകിയതും അന്നത്തെ ദല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബസ്സി കാരണമാണ് എന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഎന്‍എ പുറത്ത് വിട്ടിരിക്കുന്ന പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ എല്ലാവിധ രേഖകളുമുണ്ട്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, കെമിക്കല്‍, ബയോളജിക്കല്‍, ഫിംഗര്‍ പ്രിന്റ് റിപ്പോര്‍ട്ട് എന്നിവയെല്ലാം പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ടിനൊപ്പമുണ്ട്. ഓരോ റിപ്പോര്‍ട്ടും കൊലപാതകമെന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും എന്നിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദ പുഷ്‌കറിന്റെ കൈകളില്‍ കണ്ട ഇന്‍ജക്ഷന്‍ മാര്‍ക്കും പല്ലടയാളവും സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുണ്ട്. വിഷം വായ വഴി അകത്ത് ചെന്നതാണോ അതോ ശരീരത്തില്‍ കുത്തിവെച്ചതാണോ എന്ന് അന്വേഷിക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. മരിച്ച ദിവസം സുനന്ദ പുഷ്‌കര്‍ ഒരു വാര്‍ത്താ സമ്മേളനം വിളിക്കാനിരിക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകയായ നളിനി സിംഗ് വെളിപ്പെടുത്തിയിരുന്നു. അതിന് മുന്‍പ് മരണം സംഭവിച്ചു എന്നത് തന്നെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. സുനന്ദയുടെ മരണം സംഭവിച്ച ദിവസം മുതല്‍ക്കേ തന്നെ എല്ലാ സാധ്യതകളും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അന്ന് കേസന്വേഷിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.