വധശിക്ഷ വേണമെന്ന് സംസ്ഥാനങ്ങള്‍

Tuesday 13 March 2018 2:05 am IST
"undefined"

ന്യൂദല്‍ഹി: ഭീകരവാദമൊഴികെയുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ ഇല്ലാതാക്കാനുള്ള ലോ കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെ സംസ്ഥാനങ്ങള്‍. 14 സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയതില്‍ 12 സംസ്ഥാനങ്ങള്‍ വധശിക്ഷ വേണമെന്ന നിലപാടില്‍ ഉറച്ചു നിന്നു. 2015ല്‍ ജസ്റ്റിസ് എ. പി. ഷാ അധ്യക്ഷനായ ലോ കമ്മീഷനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.

ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, തമിഴ്‌നാട്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് വധശിക്ഷ വേണമെന്ന നിലപാട് അറിയിച്ചത്. മാത്രമല്ല, ക്രൂരവും ഹീനവുമായ കൊലപാതകങ്ങള്‍ക്കും മാനഭംഗത്തിനും വധശിക്ഷ വേണമെന്നും  സംസ്ഥാനങ്ങള്‍ വാദിച്ചു. കര്‍ണാടകയും ത്രിപുരയും വധശിക്ഷയ്‌ക്കെതിരെ നിലപാടെടുത്തു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഉള്‍പ്പെടെയള്ള സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ബിജെപി അധികാരത്തില്‍ എത്തിയ സാഹചര്യത്തില്‍ ത്രിപുരയുടെ നിലപാട് കമ്മീഷന്‍ വീണ്ടും ആരായാന്‍ സാധ്യതയുണ്ട്. 

2013 ല്‍ സുപ്രീം കോടതിയാണ് വധശിക്ഷ ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ ലോ കമ്മീഷനെ ചുതലപ്പെടുത്തിയത്. ജസ്റ്റിസ് ഷാ ചെയര്‍മാനും ജസ്റ്റിസുമാരായ എസ്.എന്‍. കപൂര്‍, ഉഷ മെഹ്‌റ, പ്രഫ. മൂല്‍ചന്ദ് ശര്‍മ്മ അംഗങ്ങളായ കമ്മീഷന്‍ 2015 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  ഭീകരവാദം, യുദ്ധം തുടങ്ങിയവയൊഴികെയുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. 

നിലവില്‍ ചൈന, ഇറാന്‍, ഇറാഖ്, സൗദി അറേബ്യ, ഇന്ത്യ തുടങ്ങി കുറച്ചു രാജ്യങ്ങളില്‍ മാത്രമാണ് വധശിക്ഷയുള്ളതെന്ന് ലോ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ 98 രാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കി. ഏഴ് രാജ്യങ്ങള്‍ അസാധാരണമായ കുറ്റകൃത്യങ്ങള്‍ക്കു മാത്രമേ വധശിക്ഷ വിധിക്കുന്നുള്ളു. 35 രാജ്യങ്ങളില്‍ വധശിക്ഷ വിധിച്ചാലും ആജീവനാന്തം ജയില്‍ ശിക്ഷ മാത്രമാക്കി മാറ്റുകയാണ് ചെയ്യുന്നത്.  മഡഗാസ്‌കര്‍, ഫിജി തുടങ്ങിയ രാജ്യങ്ങള്‍ 2015ല്‍ വധശിക്ഷ നിര്‍ത്തലാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.