കടിഞ്ഞാണില്ലാതെ കുപ്പിവെള്ള വില്‍പ്പന

Tuesday 13 March 2018 1:56 am IST


ആലപ്പുഴ: കൊടുംവേനലില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ കുടിവെള്ള വില്‍പ്പനയില്‍ ചൂഷണം. ആരോഗ്യ വകുപ്പിന്റെ ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണു കൂണുകള്‍ പോലെ മുളച്ചുവരുന്ന സ്ഥാപനങ്ങള്‍ കുപ്പിവെള്ളം വില്‍പ്പന നടത്തുന്നത്.
 ഗുണനിലവാരമില്ലാത്ത വെള്ളത്തോടൊപ്പം പ്ലാസ്റ്റിക് കുപ്പികളിലും ജാറുകളിലും നിറച്ചു വാഹനങ്ങളില്‍നിന്ന് ഉപഭോക്താക്കള്‍ക്കെത്തിക്കുന്ന വെള്ളം ക്യാന്‍സര്‍പോലെയുള്ള മാരകരോഗങ്ങളും ജലജന്യ സാംക്രമികരോഗങ്ങളും പിടിപെടാനും ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
 എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ  നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. വേനല്‍ക്കാലത്ത് വാഹനങ്ങളില്‍ കുപ്പിവെള്ളം കൊണ്ടുപോകുമ്പോള്‍ കുപ്പികള്‍ പടുത പോലെയുള്ളവ കൊണ്ടുമൂടണമെന്ന് നിബന്ധന ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കുപ്പിയിലുള്ള വെള്ളം സൂര്യന്റെ ചൂടേല്‍ക്കുമ്പോള്‍ രാസപ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാകുകയും ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ പോലെയുള്ള മാരകരോഗമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നുമാണ് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു.
 പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളില്‍ മൂടിയോ, അല്ലാത്തപക്ഷം കുപ്പിവെള്ളത്തില്‍ സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ മറ്റെന്തെങ്കിലും സംവിധാനങ്ങളോ ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ വില്‍പ്പന നടത്തുന്നവര്‍ കുപ്പിവെള്ളം ഇറക്കുന്നതിന്റെ കാലതാമസം ഒഴിവാക്കാന്‍ വേണ്ടി മൂടികള്‍ ഉപേക്ഷിക്കുകയാണു പതിവ്.
 നിയമത്തെ കാറ്റില്‍ പറത്തി കുപ്പിവെള്ളം നിറച്ച വാഹനങ്ങള്‍ ചീറിപ്പായുമ്പോഴും നടപടിയെടുക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പോ, ആരോഗ്യ വകുപ്പോ നടപടിയെടുക്കാതെ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. കുടിവെള്ളം സംഭരിക്കുന്ന സ്ഥലങ്ങളിലെ ഭൗതിക സാഹചര്യങ്ങളോ, ലൈസന്‍സോ പരിശോധന നടത്താനോ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും  ആക്ഷേപമുണ്ട്.
 കുപ്പിവെള്ള വിതരണം നടത്തുന്നത് കൂടുതലും അംഗീകൃത ഏജന്‍സികളല്ല. വ്യാജ സ്റ്റിക്കര്‍ കുപ്പികളില്‍ പതിച്ച് ഗുണനിലവാരമില്ലാത്ത വെള്ളം വിതരണം ചെയ്തിട്ടും പരിശോധന നടത്തേണ്ട വകുപ്പുകള്‍ പരസ്പരം പഴിചാരുന്നതല്ലാതെ ഉത്തരവുകള്‍ ലംഘിച്ചു കുപ്പിവെള്ള വിതരണം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.